വിവാഹ വീട്ടിലെ ബോംബേറിൽ പ്രതികളെ തിരിച്ചറിഞ്ഞു

തർക്കം തുടങ്ങിയത് കല്ല്യാണവീട്ടിൽ വരൻെറ സംഘം ആവശ്യപ്പെട്ട  പാട്ട് വെക്കാത്തതിനെത്തുടർന്ന്

പാലയാട് രവി

തലശ്ശേരി: കല്യാണത്തലേന്നാൾ നടന്ന  അടിപിടിക്ക് പകരം ചോദിക്കാൻ, നാടൻ ബോംബുകളും പടക്കങ്ങളുമായെത്തിയ യുവാക്കളുടെ പരാക്രമത്തിൽ   കൂട്ടത്തിലുണ്ടായ മറ്റൊരു യുവാവ് തലയിൽ വീണ  ബോംബ് പൊട്ടിത്തെറിച്ച് ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിൽ മുഴുവൻ പ്രതികളെയും അന്വേഷണ സംഘം തിരിച്ചറിഞ്ഞു. ചക്കരക്കല്ല് ഏച്ചൂരിലെ ബാലക്കണ്ടി വീട്ടിൽ ജിഷ്ണുവാണ് 28, ഇന്നലെ ഉച്ചയോടെ കൂട്ടുകാരൻ എറിഞ്ഞ നാടൻ ബോംബ് ലക്ഷ്യം തെറ്റി തല ചിതറി മരണപ്പെട്ടത്.

ജിഷ്ണുവിന്റെ  ശരീരാവശിഷ്ടങ്ങൾ തൊട്ടടുത്ത പറമ്പിൽ നിന്നാണ് കണ്ടെടുത്തത്.  സ്ഫോടനത്തിൽ ഹേമന്ദ് ,അനുരാഗ് ,രജിലേഷ് എന്നിവർ പരിക്കേറ്റ് ചികിത്സയിലാണ്. സംഘർഷവുമായി ബന്ധപ്പെട്ട് നാല് പേരെ എടക്കാട് പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ ഉച്ചയോടെ തോട്ടടയ്ക്കടുത്താണ് ഗ്യാംഗ് വാർ സമാന ഏറ്റുമുട്ടലും കൊലപാതകവും നടന്നത്.

ചാലയിലെ  പന്ത്രണ്ട് കണ്ടിക്കടുത്ത് താമസിക്കുന്ന പഴയ സ്നേഹിതന്റെ കല്യാണത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഏച്ചൂർ സംഘം. ഇവർ കല്യാണ തലേന്നാൾ ശനിയാഴ്ചയും വന്നിരുന്നു. കല്യാണ വീട്ടിൽ പാട്ട് വെക്കുന്നതിന്റെ പേരിൽ സ്ഥലത്തെ യുവാക്കളുമായി ഇവർ ഏറ്റുമുട്ടിയിരുന്നു.

ഏച്ചൂർ യുവാക്കൾ ആവശ്യപ്പെട്ട പാട്ട് ചാലക്കാർ വെച്ചില്ലത്രെ. ഇവിടെ പാട്ട് വെക്കുന്നത് കേട്ടാൽ മതിയെന്ന വാക്കുകൾ ഏറ്റുപിടിച്ച് പരസ്പരം കൈയ്യാങ്കളിയുമുണ്ടായി.  പാട്ട് വെച്ച ഫോണുൾപ്പെടെ എതിർ സംഘം എറിഞ്ഞുടച്ചു. ഇതിന് പകരം ചോദിക്കാനാണ് ഒരേ ഡ്രസ് കോഡിൽ ബോംബും പടക്കങ്ങളുമായി ബാന്റ് മേളത്തോടെ ഇന്നലെ ഏച്ചൂർ സംഘം കല്ല്യാണ വീട്ടിലെത്തിയത്. 

പടന്നപ്പാലത്തെ വധൂഗൃഹത്തിൽ നിന്നും കല്യാണം കഴിഞ്ഞ ശേഷം തോട്ടടയിലെ വരന്റെ  വീട്ടിലേക്ക് വരുന്നതിനിടയിൽ  പ്രശ്നങ്ങൾ തുടങ്ങി. കരുതിക്കൂട്ടി ബഹളം വെച്ച് ബാന്റ് വാദ്യവുമായി കല്യാണ വീട്ടിൽ പോവുന്നതിനെ ചാലയിലെ യുവാക്കൾ എതിർത്തു. വാക്ക് തർക്കവും കൈയ്യാങ്കളിയും നടന്നു. ഇതിനിടയിൽ സ്ഫോടക വസ്തുക്കളുമായി ഒരുങ്ങി വന്ന ഏച്ചൂർ സംഘം എതിർത്തവർക്ക് നേരെ പിന്നിൽ നിന്നും ബോംബെറിഞ്ഞു.

ആദ്യമെറിഞ്ഞ ബോംബ് പൊട്ടിയില്ല. രണ്ടാമതായി എറിഞ്ഞ ബോംബ് മുന്നിലുണ്ടായ ജിഷ്ണുവിന്റെ തലയിൽ വീണ് പൊട്ടിത്തെറിച്ചു.  ഇതോടെ കല്യാണ പാർട്ടി ചിതറിയോടി. ബാക്കിയായത് നടുറോഡിൽ തല തകർന്ന് മരിച്ച ജിഷ്ണുവിന്റെ  മൃതദേഹം മാത്രം. കണ്ണൂർ അസിസ്റ്റന്റ്  പോലീസ് കമ്മിഷണർ പി. പി. സദാനന്ദൻ എത്തിയാണ് മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്.  പോസ്റ്റ്മോർട്ടത്തിനായി പിന്നീട് പരിയാരം മെഡിക്കൽ കോളേജാശുപത്രിയിലേക്ക് കൊണ്ടുപോയി. എടക്കാട് ഇൻസ്പകടർ എം.അനിലിന്റെ  നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. 

LatestDaily

Read Previous

ബളാൽ പഞ്ചായത്ത് പ്രസിഡണ്ടും സെക്രട്ടറിയും തുറന്ന യുദ്ധത്തിലേക്ക്

Read Next

സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച 67കാരനെതിരെ പോക്സോ