മെമുവിൽ തിരക്കേറിയപ്പോൾ ബോഗികൾ കുറച്ചു

കാഞ്ഞങ്ങാട് : അത്യുത്തര കേരളത്തിലെ തീവണ്ടി യാത്രക്കാർ ഏറെ പ്രതീക്ഷകളോടെ സ്വീകരിച്ച മെമു ട്രെയിന്റെ ബോഗികൾ കുറച്ചത് യാത്രക്കാർക്ക് ദുരിതം വിതച്ചു. ഇക്കഴിഞ്ഞ റിപ്പബ്ലിക്ക് ദിവത്തിൽ മെമു ട്രെയിൻ ഒാടിത്തുടങ്ങിയപ്പോൾ ജില്ലയിൽ മെമുവിന് വൻ വരവേൽപ്പായിരുന്നു നൽകിയത്.  തുടക്കത്തിൽ പന്ത്രണ്ട് ബോഗികളുണ്ടായിരുന്ന ട്രെയിനിൽ എല്ലാ ദിവസവും നല്ല തിരക്കാണനുഭവപ്പെട്ടത്.

എന്നാൽ തിരക്ക് കൂടുമ്പോൾ ബോഗികൾ കുറയ്ക്കുന്ന തലതിരിഞ്ഞ സമീപനമാണ് റെയിൽവേ അധികൃതർ കൈക്കൊണ്ടത്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം സ്റ്റേഷനുകളിൽ മെമുവെത്തിയപ്പോൾ നിന്ന് തിരിയാൻ ഇടമില്ലാത്തവിധം തിരക്കാണുണ്ടായത്. ചില സ്റ്റേഷനുകളിൽ സ്ത്രീകൾക്കും, കുട്ടികൾക്കും ട്രെയിനിൽ കയറാൻ പോലും കഴിയാത്ത വിധം തിരക്കായിരുന്നു.

തിക്കിത്തിരക്കി കയറിയവർക്ക് നിൽക്കാൻ പോലും സ്ഥലമുണ്ടായില്ല. അതേസമയം കണ്ണൂർ-  മംഗ്്ളൂരു പാസഞ്ചർ ട്രെയിൻ നിർത്തലാക്കിയാണ് പാസഞ്ചറിന്റെ സമയത്ത് മെമു ഒാടിക്കുന്നത്. പാസഞ്ചർ ട്രെയിൻ നിർത്തലാക്കാതെ തന്നെ സമയത്തിൽ  മാറ്റം വരുത്തി മെമുവും, പാസഞ്ചറും വ്യത്യസ്ത  സമയങ്ങളിൽ ഒാടിക്കണമെന്നായിരുന്നു കാഞ്ഞങ്ങാട് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടത്.

എന്നാൽ പാസഞ്ചർ നിർത്തിയതിന് പുറമെയാണ് തുടക്കത്തിലുണ്ടായിരുന്ന ബോഗികളുടെ എണ്ണം കുറ.യ്ക്കുന്നത്. മംഗളൂരുവിലേക്ക് കുടുംബ സമേതം പോകുന്ന യാത്രക്കാരും, ദിവസേന വിദ്യാർത്ഥികളുൾപ്പെടെയുള്ള യാത്രക്കാരും ആശ്രയിച്ചിരുന്ന കണ്ണൂർ-മംഗളൂരു പാസഞ്ചറിന്റെ സ്ഥാനത്ത് മെമു ഒാടുമ്പോൾ പാസഞ്ചറിൽ സഞ്ചരിച്ചിരുന്ന നല്ലൊരു ശതമാനം യാത്രക്കാർ ഇപ്പോൾ പടിക്ക് പുറത്താണ്.

മെമു ട്രെയിനിൽ ബോഗികളുടെ എണ്ണം കൂട്ടിയും പാസഞ്ചർ പുനഃസ്ഥാപിച്ചും യാത്രക്കാരുടെ പ്രയാസങ്ങൾ പരിഹരിക്കണമെന്ന് കാഞ്ഞങ്ങാട് റെയിൽവെ പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡണ്ട് ടി. മുഹമ്മദ് അസ്്ലം പാലക്കാട് ഡിവിഷനൽ റെയിൽ മാനേജറോടഭ്യർത്ഥിച്ചു.

LatestDaily

Read Previous

ജാനകിക്കുട്ടിക്ക് നഗരസഭ വികാര നിർഭരമായി വിട നൽകി

Read Next

ഫാഷൻ ഗോൾഡ് തട്ടിപ്പ് , പൂക്കോയുടെ വീട്ടിലടക്കം നാലിടങ്ങളിൽ ക്രൈം ബ്രാഞ്ച് റെയ്ഡ്