അപകടം ഞായർ രാത്രി 10 -ന് ∙ തൃക്കണ്ണാട്ടുള്ള ഭാര്യാഗൃഹത്തിലേക്കുള്ള സ്കൂട്ടർ യാത്രയിൽ
കാഞ്ഞങ്ങാട്: ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ ബല്ലാക്കടപ്പുറത്തെ സന്തോഷ് 35, തൽക്ഷണം മരണപ്പെട്ടു. കെഎസ്ടിപി റോഡിൽ ഞായറാഴ്ച രാത്രി 10 മണിയോടടുത്താണ് അപകടം. ചിത്താരി ചേറ്റുകുണ്ടിൽ സിദ്ധി വിനായക വെൽഡിംഗ് സ്ഥാപനം നടത്തുന്ന സന്തോഷിന്റെ വീട് കാഞ്ഞങ്ങാട് ബല്ലാക്കടപ്പുറത്താണ്. മത്സ്യത്തൊഴിലാളി ചന്ദ്രന്റേയും രോഹിണിയുടെയും മകനാണ്. ഏക സഹോദരി സന്ധ്യ.
കോട്ടിക്കുളം കുറുംബ ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന മത്സ്യത്തൊഴിലാളി വസന്തന്റെ മകൾ റാണിയാണ് സന്തോഷിന്റെ ഭാര്യ. രണ്ടുവയസ്സുള്ള മകൻ അൻവിതിന്റെ പിറന്നാൾ ദിനമായ ഫിബ്രവരി 14-ന്, തലേന്നാൾ രാത്രി ബല്ലാക്കടപ്പുറത്തുള്ള വീട്ടിൽ നിന്ന് ഭാര്യാഗൃഹത്തിലേക്ക് സ്വന്തം സ്കൂട്ടർ ഓടിച്ചുപോകുമ്പോഴാണ് ചരക്കുമായി എതിരെ വന്ന ലോറി സന്തോഷിന്റെ ജീവൻ തട്ടിയെടുത്തത്.
മംഗളൂരുവിൽ നിന്ന് ചരക്കുമായി കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ലോറിയുടെ വലതുഭാഗം ചക്രത്തിനടിയിൽ കുടുങ്ങിപ്പോയ യുവാവിനെ ഓടിക്കൂടിയ നാട്ടുകാരാണ് പുറത്തെടുത്തത്. ഉടൻ മൻസൂർ ആശുപത്രിയിലെത്തിക്കുമ്പോഴേയ്ക്കും മരണപ്പെട്ടിരുന്നു. യുവാവിന്റെ തലയ്ക്കാണ് ക്ഷതമേറ്റത്. ഇരു ചെവികളിൽ നിന്നും രക്തം ഒലിച്ചിറങ്ങിയിരുന്നു.
സന്തോഷിന്റെ പത്നി റാണി രണ്ടാമത് ഗർഭിണിയാണ്. കഴിഞ്ഞ മൂന്ന് വർഷമായി സന്തോഷ് ചേറ്റുകുണ്ടിൽ വെൽഡിംഗ് സ്ഥാപനം നടത്തിവരികയാണ്. അപകടമുണ്ടാക്കിയ ലോറി രാത്രിയിൽ തന്നെ പോലീസ് കസ്റ്റഡിയിലെടുത്തു. ലോറി ഡ്രൈവറുടെ പേരിൽ പോലീസ് കേസ്സെടുത്തു. സന്തോഷിന്റെ അപകടമരണം തീരദേശത്തെ കണ്ണീരിലാഴ്ത്തി.