കാണാതായ വീഡിയോ എഡിറ്റർ മുംബൈ മാനസികാരോഗ്യ കേന്ദ്രത്തിൽ

ചെറുവത്തൂർ : ചെറുവത്തൂരിൽ നിന്നും കാണാതായ വീഡിയോ എഡിറ്ററെ മുംബൈയിലെ മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും കണ്ടെത്തി. ചെറുവത്തൂർ ഒാർക്കളത്തുനിന്നും കാണാതായ യുവാവിനെയാണ് മുംബൈയിൽ കണ്ടെത്തിയത്. ഫെബ്രുവരി 9-നാണ് ഒാർക്കളത്തെ രവീന്ദ്രന്റെ മകനും വീഡിയോ എഡിറ്ററുമായ നിധീഷ് കാട്ടിലിനെ വീട്ടിൽ നിന്നും കാണാതായത്.

കാഞ്ഞങ്ങാട്ടെ മൊബൈൽ ഷോപ്പിലേക്കെന്ന വ്യാജേന വീട്ടിൽ നിന്നും പുറപ്പെട്ട യുവാവ് വീട്ടിൽ തിരിച്ചെത്തിയില്ല. ഇതെത്തുടർന്ന് പിതാവ് ചന്തേര പോലീസിൽ പരാതി കൊടുത്തു. കേസിൽ അന്വേഷണം നടക്കുന്നതിനിടെയാണ് യുവാവ് മുംബൈയിലുണ്ടെന്ന് ചന്തേര പോലീസ് കണ്ടെത്തിയത്. മുംബൈ ടൗണിൽ മാനസിക വിഭ്രാന്തി പ്രകടിപ്പിച്ച് അലഞ്ഞുതിരിഞ്ഞ യുവാവിനെ മുംബൈ പോലീസാണ് മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ചത്. യുവാവിനെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച് മുംബൈ പോലീസ് ചന്തേര പോലീസിനെ അറിയിച്ചു.

അന്വേഷണോദ്യോഗസ്ഥനായ ചന്തേര അഡീഷണൽ എസ്ഐ, ടി.വി. പ്രസന്നകുമാറിന്റെ നിർദ്ദേശത്തെത്തുടർന്ന് സിവിൽ പോലീസ് ഒാഫീസർ രഞ്ജിത്ത് വെള്ളൂരിന്റെ നേതൃത്വത്തിൽ യുവാവിന്റെ ബന്ധുക്കൾ മുംബൈയിലേക്ക് പുറപ്പെട്ടു. ഇന്ന് പുലർച്ചെയോടെ ചന്തേര പോലീസ് സ്റ്റേഷനിലെത്തിച്ച നിധീഷ് കാട്ടിലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.

LatestDaily

Read Previous

കോയമ്പത്തൂരിൽ മരിച്ച യുവാവിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

Read Next

കാഞ്ഞങ്ങാട്ടെ ക്വട്ടേഷൻ ആക്രമണം: പ്രതികൾക്ക് കോടതിയിൽ കീഴടങ്ങാനും പുറത്തിറങ്ങാനും കഴിയാതെ വന്നു