കാഞ്ഞങ്ങാട്ടെ ക്വട്ടേഷൻ ആക്രമണം: പ്രതികൾക്ക് കോടതിയിൽ കീഴടങ്ങാനും പുറത്തിറങ്ങാനും കഴിയാതെ വന്നു

കാഞ്ഞങ്ങാട് : ക്വട്ടേഷൻ ആക്രമണക്കേസ്സിൽ ഒളിവിൽ കഴിയുന്ന പ്രതികൾക്ക് കോടതിയിൽ കീഴടങ്ങാനും പുറത്തിറങ്ങാനും കഴിയാത്ത അവസ്ഥ. ദുർഗ്ഗാ ഹയർസെക്കണ്ടറി സ്കൂൾ റോഡിലെ ദേവദാസിനെയും, ഭാര്യയെയും വീടുകയറി ആക്രമിച്ച് കാർ, സ്വർണ്ണാഭരണമുൾപ്പെടെ 40 ലക്ഷത്തിലേറെ രൂപയുടെ മുതലുകൾ കൊള്ളയടിച്ച കേസിൽ പോലീസ് തിരയുന്ന മൂന്നംഗം സംഘമാണ് ത്രിശങ്കുവിലായത്.

ആക്രമണ കേസിലെ രണ്ട് പ്രതികൾ നേരത്തെ പിടിയിലായി റിമാന്റിലാണ്. ക്വട്ടേഷൻ സംഘത്തിൽപ്പെട്ട കൂട്ടുപ്രതികൾക്ക് വേണ്ടി പോലീസ് സംസ്ഥാനത്തിനകത്തും, പുറത്തും വ്യാപക തിരച്ചിൽ നടത്തിയെങ്കിലും, കഴിഞ്ഞ മൂന്ന് മാസമായി പോലീസിനെ വെട്ടിച്ച് പ്രതികൾ ഒളിവിലാണ്. എസ്ഐ, കെ.വി. സതീഷിന്റെ നേതൃത്വത്തിൽ ഹൊസ്ദുർഗ്ഗ് പോലീസ് പ്രത്യേക ടീമുണ്ടാക്കി ഉൗണുമുറക്കവുമിളച്ച് അന്വേഷിച്ചെങ്കിലും അതിവിദഗ്ദമായി പ്രതികൾ മുങ്ങി.

ഇതിനിടെ പ്രതികൾ നാടകീയമായി ബുധനാഴ്ച ഹൊസ്ദുർഗ്ഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് ഒന്ന് കോടതിയിലെത്തിയെങ്കിലും, പോലീസിനെ കണ്ട ക്വട്ടേഷൻ പ്രതികൾ കോടതി പരിസരത്ത് നിന്ന് മുങ്ങി.കോടതിയിൽ കീഴടങ്ങി ജാമ്യം നേടാനായിരുന്നു ഇവരുടെ നീക്കം. അഭിഭാഷകൻ വഴി കോടതിയിൽ ഹാജരായി പോലീസ് കസ്റ്റഡിയിലെത്താതെ രക്ഷപ്പെടാനായിരുന്നു ശ്രമം. കേസിൽ രേഖാ പരമായി മൂവർ സംഘം പ്രതികളല്ല.

കസ്റ്റഡിയിലെടുത്ത ശേഷം അക്രമത്തിനിരയായ പരാതിക്കാരൻ ദേവദാസ് തിരിച്ചറിഞ്ഞ് കഴിഞ്ഞ് മൂവർ സംഘത്തെ പ്രതിസ്ഥാനത്ത് ചേർക്കാനാണ് പോലീസ്  നീക്കം.  നിലവിൽ ക്വട്ടേഷൻ ആക്രമണക്കേസിൽ സംശയിക്കുന്ന പ്രതികൾ മാത്രമാണിവർ. കേസിൽ പ്രതി ചേർക്കപ്പെട്ടിട്ടില്ലാത്തതിനാൽ, കോടതി കേസ് പരിഗണിക്കില്ലെന്നുറപ്പായതോടെ പ്രതികൾ കോടതിയിൽ നിന്ന് ഒാടി രക്ഷപ്പെടുകയായിരുന്നു.

രക്ഷപ്പെട്ട പ്രതികൾക്ക് പിന്നാലെ പോലീസ് പാഞ്ഞെത്തിയെങ്കിലും, ഹൊസ്ദുർഗ്ഗ് കോട്ട സ്ഥിതി ചെയ്യുന്ന ഭാ ഗത്തേക്ക് പ്രതികൾ രക്ഷപ്പെട്ടു. കോടതിയിൽ കീഴടങ്ങി പോലീസിന്റെ ചോദ്യം ചെയ്യലിൽ നിന്ന് രക്ഷപ്പെടാനുള്ള അവസാന ശ്രമം പാളിയതോടെ, നാട്ടിലും വീട്ടിലുമെത്താൻ കഴിയാത്ത ക്വട്ടേഷൻ പ്രതികൾക്ക് ഇനി പോലീസിന് മുന്നിൽ കീഴടങ്ങേണ്ടി വരും.

LatestDaily

Read Previous

കാണാതായ വീഡിയോ എഡിറ്റർ മുംബൈ മാനസികാരോഗ്യ കേന്ദ്രത്തിൽ

Read Next

വിദ്യാർത്ഥികൾ വീടുവിട്ടത് തിരുവനന്തപുരത്തേക്ക്