നസ്റുദ്ദീന്റെ വേർപാടിൽ വ്യാപാരികൾ ഹർത്താലാചരിച്ചു

കാഞ്ഞങ്ങാട് : കേരളത്തിലെ വ്യാപാരികളുടെ അവകാശ സംരക്ഷണത്തിന് പോരാടിയ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസ്റുദ്ദീന്റെ വേർപാടിൽ ദുഃഖം പ്രകടിപ്പിച്ച് ഇന്ന് സംസ്ഥാനത്തെ വ്യാപാരികൾ കടകടച്ച് ഹർത്താലാചരിച്ചു. കാഞ്ഞങ്ങാട്ടെ വ്യാപാരികളും ഹർത്താലിൽ പങ്കു ചേർന്നു.

ഇന്നലെ രാത്രി പത്തരയ്ക്കാണ് കോഴിക്കോട്ടെ സ്വകാര്യ  ആശുപത്രിയിൽ  ഹൃദയാഘാതത്തെ തുടർന്ന് നസ്റുദ്ദീൻ അന്തരിച്ചത്. 1991 മുതൽ മൂന്ന് പതിറ്റാണ്ടുകളായി കേരള വ്യാപാരി വ്യവസായി എകോപന സമിതി പ്രസിഡന്റായി പ്രവർത്തിക്കുന്ന ടി.നസ്റുദ്ദീൻ കോഴിക്കോട് മിഠായിത്തെരുവിലെ ബ്യൂട്ടീ സ്റ്റോഴ്സിന്റെ ഉടമയാണ്. കണ്ണൂരിലെ പ്രമുഖ വ്യാപാരി ടി.കെ .മുഹമ്മദിന്റെയും അസ്മാബിയുടെയും മകനാണ്.കബറടക്കം ഇന്ന വൈകീട്ട് അഞ്ചിന് കോഴിക്കോട് കണ്ണം പറമ്പ് കബർസ്ഥാനിൽ.

ചങ്കൂറ്റം നിറഞ്ഞ പ്രവർത്തനങ്ങളിലൂടെ വ്യാപാരികളുടെ ന്യായമായ അവകാശങ്ങൾക്ക് വേണ്ടി പൊരുതിയ നസ്റൂദ്ദീന്റെ വേർപാട് വ്യാപാരി സമൂഹത്തിന് പൊതുവെ വലിയ നഷ്ടമാണ് വരുത്തിയത്. സംഘനയുടെ കെട്ടുറപ്പിന് വേണ്ടി വിട്ടുവീഴ്ചയില്ലാത്ത പ്രവർത്തനമാണ് നസ്റുദ്ദീൻ നടത്തിയത്.

മുഖ്യമന്ത്രി പിണറായി വിജയൻ, കേരള വ്യാപാരി സമിതി പ്രസിഡന്റ് വി.കെ.സി.മമ്മത് കോയ എന്നിവരുൾപ്പെട്ട ഒട്ടേറെ നേതാക്കൾ നസ്റുദ്ദീന്റെ നിര്യാണത്തിൽ അനുശോചിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട്ടെ വ്യാപാരികൾ ഇന്ന് വ്യാപാരി ഭവനിൽ യോഗം ചേർ ന്ന് നസ്റുദ്ദീന്റെ വേർപാടിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.

LatestDaily

Read Previous

കല്ല്യോട്ട് പീഡന വിവാദം ഒതുക്കി

Read Next

മുത്തുനായർ സ്മാരക പുനർ നിർമ്മാണം കല്ല്യോട്ടെ പ്രാദേശിക പാർട്ടിയും അറിഞ്ഞില്ല