വിവാദ വിശ്രമകേന്ദ്ര നിർമ്മാണം നിർത്തിവെച്ചു, സ്ഥലമുടമ ഹൈക്കോടതിയിൽ

പള്ളിക്കര: കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ പ്രമാദമായ വിശ്രമ കേന്ദ്ര നിർമ്മാണ ജോലികൾ ഹൈക്കോടതി വിശദീകരണ നോട്ടീസിനെതുടർന്ന് താൽക്കാലികമായി നിർത്തിവെച്ചു. കേന്ദ്ര ഫണ്ട് 35 ലക്ഷം രൂപാ ചിലവിൽ നിർമ്മിക്കുന്ന വിശ്രമ കേന്ദ്രം എന്തുവന്നാലും വിവാദ സ്ഥലത്ത് പണിയുക തന്നെ ചെയ്യുമെന്ന് സിപിഎമ്മും, അഴിമതിയുടെ മണമുള്ള വിശ്രമ കേന്ദ്രം സ്ഥലത്ത് പണിയാൻ അനുവദിക്കില്ലെന്ന് ബിജെപിയും തീരുമാനിച്ചതിനെതുടർന്നുണ്ടായ പ്രക്ഷോഭ സമരങ്ങൾക്ക് തൊട്ടു പിന്നാലെയാണ് ബ്ലോക്ക്–ഗ്രാമ പഞ്ചായത്ത് അധികൃതർക്ക് വിശദീകരണം നൽകാനുള്ള ഹൈക്കോടതി നോട്ടീസ് ലഭിച്ചത്.

ബിജെപി പ്രവർത്തകരുടെ പ്രക്ഷോഭത്തെയും കൊടിനാട്ടലിനേയും മറികടന്ന്  ഇന്നലെ പോലീസ് കാവലിൽ സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ മേൽനോട്ടത്തിൽ വിശ്രമ കേന്ദ്രത്തിന്റെ അടിത്തറ നിർമ്മാണം ധൃതഗതിയിൽ ആരംഭിച്ചുവെങ്കിലും, പിന്നീട് നിർത്തിവെച്ചു. ഇന്നും പണി നിർത്തിയ നിലയിൽ തന്നെയാണ്.

35 ലക്ഷം രൂപ കേന്ദ്ര  ഫണ്ട് ഉപയോഗിച്ച് പണിയുന്ന വിശ്രമ കേന്ദ്രത്തിൽ തങ്ങൾക്ക് യാതൊരു പങ്കും ഉത്തരവാദിത്വവുമില്ലെന്ന് പള്ളിക്കര ഗ്രാമ പഞ്ചായത്ത്  പ്രസിഡണ്ട് സിപിഎമ്മിലെ കുമാരൻ പനയാൽ വെളിപ്പെടുത്തിയിരുന്നുവെങ്കിലും, കേന്ദ്ര ഫണ്ട് കൈകാര്യം ചെയ്യുന്ന കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠൻ ഈ വിവാദത്തിൽ  ഇതുവരെ ജനങ്ങളോട് പ്രതികരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ ബിജെപി ആരോപിച്ച അഴിമതി ഗന്ധം ബ്ലോക്ക് പഞ്ചായത്തിന്റെ തലയിലെത്തി.

ബ്ലോക്ക് പഞ്ചായത്ത് പരിശോധിച്ച ശേഷം, ആദ്യം ഒട്ടും അനുയോജ്യമല്ലെന്ന് പറയുകയും, പിന്നീട് ഈ വിശ്രമ കേന്ദ്രത്തിന്റെ നിർമ്മാണം കെഎസ്ടിപി റോഡിന് തൊട്ട് പടിഞ്ഞാറു ഭാഗത്തുള്ള ലീഗ് പ്രമാണി  കുഞ്ഞുമുഹമ്മദ് ഹാജിയുടെ നാലുനില വീടിന് മുന്നിലേക്ക് മാറ്റുകയും, വീടിന് കാഴ്ച മറയ്ക്കുന്നതിനാൽ,  ഈ സ്ഥലത്ത് നിന്ന് വിശ്രമ കേന്ദ്രം വീണ്ടും, ആദ്യം കൊള്ളില്ലെന്ന് പറഞ്ഞ സ്ഥലത്തേക്ക് തന്നെ മാറ്റുകയും ചെയ്തതിനാലാണ് അഴിമതിയുടെ ഗന്ധമുണ്ടെന്ന് ബിജെപിയും, ഒരു വിഭാഗം നാട്ടുകാരും ആരോപണമുയർത്തിയത്.

അതിനിടെ കുഞ്ഞുമുഹമ്മദ് ഹാജിയുടെ നാലുനില  രമ്യഹർമ്മം തീരദേശ നിയമങ്ങളും, റെയിൽവെ നിയമങ്ങളും മറികടന്ന് ഗ്രാമ പഞ്ചായത്തിന്റെ  അനുമതിയില്ലാതെ നിർമ്മിച്ചതാണെന്ന പുതിയ ആരോപണവും ഉയർന്നു വന്നിട്ടുണ്ട്. ഇതു സംബന്ധിച്ച് വിജിലൻസിനും പരാതി അയച്ചിട്ടുണ്ട്.

LatestDaily

Read Previous

മുത്തുനായർ സ്മാരക പുനർ നിർമ്മാണം കല്ല്യോട്ടെ പ്രാദേശിക പാർട്ടിയും അറിഞ്ഞില്ല

Read Next

പിലിക്കോട് യുവാവിന് തമിഴ്നാട്ടിൽ ദാരുണാന്ത്യം