ജില്ലാശുപത്രി അത്യാഹിത വിഭാഗത്തിൽ വിദഗ്ദ ഡോക്ടർമാരില്ല; രോഗികൾ ദുരിതത്തിൽ

കാഞ്ഞങ്ങാട് : ജില്ലയിലെ ഏറ്റവും വലിയ സർക്കാർ ആതുരാലയമായ ജില്ലാ ആശുപത്രിയിലെ അത്യാഹിത വിഭാഗം ചികിത്സ തേടുന്നു. പ്രതിവർഷം കോടികൾ കെട്ടിടങ്ങൾക്കും മറ്റ് അനുബന്ധ പ്രവൃത്തികൾക്കുമായി ആരോഗ്യ വകുപ്പ് ചെലവഴിക്കുമ്പോൾ, ഏറ്റവും കാര്യക്ഷമമായിരിക്കേണ്ട അത്യാഹിത വിഭാഗത്തിന്റെ സ്ഥിതി പരിതാപകരമാണ്.

ജീവൻ വാരിപ്പിടിച്ചെത്തുന്ന രോഗിക്ക് ആശ്വാസമാകേണ്ട അത്യാഹിത വിഭാഗത്തിൽ ആവശ്യത്തിനു ചികിത്സ ലഭ്യമല്ല. ദിനംപ്രതി നൂറുകണക്കിന് രോഗികൾ അത്യാഹിത വിഭാഗത്തിലെത്തുന്നുണ്ട്. ഏക ഡോക്ടർമാത്രമുള്ള അത്യാഹിത വിഭാഗത്തിൽ നഴ്സുമാരും  ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട്.

ഡോക്ടർമാരുടെ കുറവും വിദ്ഗദ ഡോക്ടറുമില്ലാത്തതിനാൽ അത്യാഹിത വിഭാഗത്തിലെത്തുന്ന മിക്ക രോഗികളെയും പരിയാരത്തേക്ക് പറഞ്ഞുവിടുകയാണിപ്പോൾ. സർക്കാർ ആതുരാലയത്തെ ആശ്രയിക്കുന്നവരിൽ സിംഹഭാഗവും പാവപ്പെട്ടവരാണ്. അമ്പതും നൂറും കിലോമീറ്ററുകൾ താണ്ടിയെത്തുന്ന രോഗികളെ പരിയാരം മെഡിക്കൽ കോളേജിലേക്ക് പറഞ്ഞുവിടുന്നത് രോഗികളോട് ചെയ്യുന്ന വലിയ ദ്രോഹമായി മാറി.

ജില്ലാ ആശുപത്രിയിൽ നിന്ന് അനാവശ്യമായി രോഗികളെ പരിയാരം മെഡിക്കൽ കോളേജിലേക്കും മറ്റ് ആശുപത്രികളിലേക്കും പറഞ്ഞു വിടുന്നത് മൂലം രോഗികൾ അനുഭവിക്കുന്നത് നരകയാതനകളാണെങ്കിലും, ഇതിനൊരു അറുതി വരുത്താൻ ജനപ്രതിനിധികൾക്കും താൽപ്പര്യമില്ല. രോഗികളെ എങ്ങനെയെങ്കിലും ഒഴിവാക്കി ഇവരെല്ലാം  കൈകഴുകുമ്പോൾ,  പാവപ്പെട്ട രോഗികൾ അനുഭവിക്കുന്ന ദുരിതം ഇവർ തിരിച്ചറിയുന്നില്ല.

Read Previous

പിലിക്കോട് യുവാവിന് തമിഴ്നാട്ടിൽ ദാരുണാന്ത്യം

Read Next

ആംബുലൻസ് ബസ്സിനിടിച്ച് രോഗി മരിച്ചു