മംഗളൂരു വിമാനത്താവളത്തിൽ കോവിഡ് ടെസ്റ്റിന് 3000 രൂപ

കാഞ്ഞങ്ങാട്: കോവിഡ് പരിശോധനയുടെ  പേരിൽ മംഗളൂരു വിമാനത്താവളത്തിൽ യാത്രക്കാരെ പകൽക്കൊള്ളക്കിരയാക്കുന്നു. മംഗളൂരു എയർപോർട്ട് വഴി വിദേശത്തേക്കുള്ള ഒരു യാത്രക്കാരന്റെ റാപ്പിഡ്  പിസിആർ പരിശോധനയ്ക്ക് 3000 രൂപയാണ് ഈടാക്കുന്നത്. കുടുംബസമേതം ഗൾഫിലേക്ക് തിരിക്കുന്ന യാത്രക്കാർ നാല് പേരുണ്ടെങ്കിൽ കോവിഡ് പരിശോധനയ്ക്ക് 12,000 രൂപ വേണം. ഭാര്യയും ഭർത്താവും ഒരു മകനുമാണെങ്കിൽ പരിശോധനയ്ക്ക് 9,000 രൂപ വേണ്ടിവരും.

പുറത്ത് 300 രൂപക്ക് കിട്ടുന്ന പരിശോധനയ്ക്കാണ് എയർപോർട്ടിൽ 3000 രൂപ ഈടാക്കുന്നത്. കോഴിക്കോട് വിമാന ത്താവളത്തിൽ നേരത്തെ 2490 രൂപയായിരുന്നു ഒരു യാത്രക്കാരനിൽ നിന്ന് ഈടാക്കിയത്. കേരളത്തിലെ എംപിമാർ ലോക്സഭയിൽ ഈ പകൽകൊള്ള വിഷയം ഉന്നയിക്കുകയും ലേറ്റസ്റ്റുൾപ്പെടെ മാധ്യമങ്ങൾ  ഇടപെടുകയും ചെയ്തതിനെ തുടർന്ന് കോഴിക്കോട്ടെ നിരക്ക് 580 രൂപയായി കുറച്ചിരുന്നു.

കേരളത്തിൽ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള ഏക വിമാനത്താവളം കോഴിക്കോട്ടെ കരിപ്പൂരിലായതിനാലാണ്  നിരക്ക് കുറപ്പിക്കാൻ കഴിഞ്ഞത്. കണ്ണൂർ- നെടുമ്പാശ്ശേരി വിമാനത്താവളങ്ങൾ സംസ്ഥാന സർക്കാർ നിയന്ത്രണങ്ങളിലുള്ള കമ്പനികളുടെ  ഉടമസ്ഥതയിലും  തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കേന്ദ്ര സർക്കാർ വാടകയ്ക്ക് നൽകിയതുമാണ്.

കേരളത്തിൽ കോഴിക്കോട്ടൊഴികെയുള്ള വിമാനത്താവളങ്ങളിലെ കോവിഡ് പരിശോധനാ  നിരക്ക് കുറയ്ക്കാനുള്ള ശ്രമം ഇനിയും വിജയിച്ചിട്ടില്ല. പാർലിമെന്റിൽ ഇക്കാര്യം ഉന്നയിച്ച എംപിമാരോട് സംസ്ഥാന സർക്കാറാണ് നിരക്ക് കുറയ്ക്കേണ്ടതെന്നായിരുന്നു വ്യോമയാന മന്ത്രി നൽകിയ മറുപടി. അതേസമയം മംഗളൂരു വിമാനത്താവളം കേന്ദ്രസർക്കാർ ഏഷ്യയിലെ ഏറ്റവും വലിയ ധനാഢ്യനായ അദാനിയുടെ ഗ്രൂപ്പിനാണ് നടത്താൻ കൊടുത്തത്.

മംഗളൂരു ഉൾപ്പെടെ കർണ്ണാടകയിലെ മുഴുവൻ വിമാനങ്ങളിലും വിദേശ യാത്രക്കാരിൽ നിന്ന് റാപ്പിഡ് പിസിആർ ടെസ്റ്റിന് 3000 രൂപ ഒരാളിൽ നിന്ന് ഈടാക്കിവരുന്നുണ്ട്. മംഗളൂരു വിമാനത്താവളത്തിൽ നിന്ന് നിത്യേന ഗൾഫിലേക്ക് തിരിക്കുന്ന യാത്രക്കാരിൽ ഭൂരിപക്ഷവും കാസർകോട് ജില്ലക്കാരാണ്.

LatestDaily

Read Previous

വിവാദ വിശ്രമ കേന്ദ്രം; ബിജെപി കൊടി നാട്ടി; സംഘർഷം

Read Next

സി. യൂസഫ് ഹാജി വീണ്ടും മർച്ചന്റ്സ് പ്രസിഡണ്ട്