വിവാദ വിശ്രമ കേന്ദ്രം; ബിജെപി കൊടി നാട്ടി; സംഘർഷം

പള്ളിക്കര: കേന്ദ്ര പദ്ധതിയിൽ 35 ലക്ഷം രൂപാ ചിലവിൽ പള്ളിക്കര കെഎസ്ടിപി റോഡ് ജംഗ്ഷനിൽ നിർമ്മിക്കുന്ന വിവാദ വിശ്രമ കേന്ദ്രത്തിന് എതിരെ ബിജെപി പള്ളിക്കര  പഞ്ചായത്ത് വെസ്റ്റ് കമ്മിറ്റി ഇന്ന് ഗ്രാപഞ്ചായത്ത് ഒാഫീസിന് മുന്നിൽ ധർണ്ണ നടത്തി. ധർണ്ണയ്ക്ക് മുമ്പ് പ്രകടനമായെത്തിയ പ്രവർത്തകർ വിവാദ വിശ്രമ കേന്ദ്രം പണിയുന്ന സ്ഥലത്ത് ബിജെപി  പതാക നാട്ടി. സ്ത്രീകളടക്കം നൂറോളം ബിജെപി പ്രവർത്തകർ പ്രകടനത്തിലും ധർണ്ണയിലും ആവേശത്തോടെ സംബന്ധിച്ചു.

വിശ്രമ കേന്ദ്രം പണിയാൻ  ആദ്യം കണ്ടെത്തിയതും,  അനുയോജ്യമല്ലെന്ന് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അധികൃതർ തീരുമാനിച്ചതുമായ  സ്ഥലത്തു തന്നെയാണ് ഇപ്പോൾ വിശ്രമകേന്ദ്രം നിർമ്മാണമാരംഭിച്ചത്. ഈ സ്ഥലത്ത് ഭൂമിക്കടിയിലൂടെ ഒപ്റ്റിക്കൽ  ഫൈബർ അടക്കമുള്ള പൈപ്പുലൈനുകൾ കടന്നു  പോകുന്നതിനാലാണ് സ്ഥലം അനുയോജ്യമല്ലെന്ന്   ബ്ലോക്ക് പഞ്ചായത്ത് എഞ്ചിനീയറടക്കം ആദ്യം കണ്ടെത്തിയത്. പിന്നീട് കെഎസ്ടിപി റോഡിന് പടിഞ്ഞാറു ഭാഗത്തുള്ള പ്രവാസി വ്യവസായി കുഞ്ഞുമുഹമ്മദ് ഹാജിയുടെ  വീടിന്  മുന്നിലുള്ള റവന്യൂ ഭൂമിയിലേക്ക്  ഈ വിശ്രമ കേന്ദ്രം മാറ്റി നിർമ്മാണമാരംഭിച്ചിരുന്നു.

ഹാജിയുടെ വീടിന് കാഴ്ച മറയ്ക്കുമെന്നതിനാൽ, മുസ്ലീം ലീഗിന്റെ സമ്മർദ്ദത്തെ തുടർന്ന് നിർമ്മാണം ഈ സ്ഥലത്തു നിന്ന് വീണ്ടും,  ആദ്യം കൊള്ളില്ലെന്ന്  വിധി കൽപ്പിച്ച സ്ഥലത്തേക്ക് തന്നെ മാറ്റി ഇന്നലെ നിർമ്മാണം തുടങ്ങിയതാണ്  35 ലക്ഷം രൂപ മുടക്കിയുള്ള കേന്ദ്ര പദ്ധതിയിൽ അഴിമതിയുടെ ഗന്ധമുണ്ടെന്ന് ബിജെപി ആരോപിക്കാൻ കാരണം. കുഞ്ഞുമുഹമ്മദ് ഹാജിക്ക് വേണ്ടി ഈ വിഷയത്തിൽ മുസ്ലീം ലീഗിന്റെ പ്രാദേശിക നേതാക്കൾ ഇടപ്പെട്ട് സിപിഎം ഭരിക്കുന്ന ഗ്രാമപഞ്ചായത്തിനേയും, ബ്ലോക്ക് പഞ്ചായത്തിനേയും സ്വാധീനിച്ചുവെന്നാണ് ബിജെപിയുടെ മുഖ്യ ആരോപണം.

പ്രവാസി കോൺഗ്രസ്സ്  എസ്സും ഈ വിഷയത്തിൽ അഴിമതി ആരോപണവുമായി ഇന്ന് രംഗത്തുവന്നു. കോൺഗ്രസ്സ് ഇതുവരെ പ്രതികരിച്ചിട്ടില്ല. യുവമോർച്ച ജില്ലാ പ്രസിഡണ്ട് ധനഞ്ജയൻ മധൂർ സ്ഥലത്ത് ധർണ്ണ ഉദ്ഘാടനം ചെയ്തു. ബിജെപി പള്ളിക്കര പഞ്ചായത്ത് പ്രസിഡണ്ട് പ്രശാന്ത് സ്വാഗതം പറഞ്ഞു. ഉദുമ  മണ്ഡലം പ്രസിഡണ്ട്  ഏ. ഗംഗാധരൻ ആദ്ധ്യക്ഷം വഹിച്ചു. ജില്ലാ കമ്മിറ്റിയംഗം പത്മിനി ചേറ്റുകുണ്ട്, ഉദുമ മണ്ഡലം പ്രസിഡണ്ട്  കെ. ടി. പുരുഷോത്തമൻ,  കർഷക മോർച്ച ഉദുമ മണ്ഡലം ട്രഷറർ ആർ. കുഞ്ഞമ്പു, ബിജെപി പള്ളിക്കര പഞ്ചായത്ത്  കമ്മിറ്റി സിക്രട്ടറി ബൽരാജ്, വൈസ് പ്രസിഡണ്ട് ശ്രീധരൻ കണ്ടത്തിൽ എന്നിവർ നേതൃത്വം നൽകി.

നിർമ്മാണ സ്ഥലത്ത് ബിജെപി നാട്ടിയ പതാക സിപിഎം ഇളക്കി മാറ്റിയതോടെ സ്ഥലത്ത് സംഘർഷമുടലെടുത്തു. കൂടുതൽ ബിജെപി പ്രവർത്തകരും സ്ഥലത്ത് കുതിച്ചെത്തി. സിപിഎം ലോക്കൽ സിക്രട്ടറി ടി.കെ. സുരേഷ്, സിഐടിയു തട്ടുകട യൂണിയൻ പഞ്ചായത്ത് സിക്രട്ടറി ടി.കെ. സുധാകരൻ, തെക്കേക്കുന്ന് ബ്രാഞ്ച് സിക്രട്ടറി പ്രദീപ്കുമാർ, ശക്തിനഗർ ബ്രാഞ്ച് സിക്രട്ടറി സുരേഷ് എന്നിവരുടെ നേതൃത്വത്തിൽ നിർമ്മാണം പുനരാരംഭിച്ചു. വിഷയം സംബന്ധിച്ച് സർവ്വകക്ഷിയോഗം വിളിക്കണമെന്ന് ബിജെപി ആവശ്യമുയർത്തിയിട്ടുണ്ട്.

LatestDaily

Read Previous

പ്രതീക്ഷയില്ലാത്ത തലമുറ

Read Next

മംഗളൂരു വിമാനത്താവളത്തിൽ കോവിഡ് ടെസ്റ്റിന് 3000 രൂപ