വിവാദ വിശ്രമ കേന്ദ്രം നിർമ്മാണം തുടങ്ങി

പള്ളിക്കര: പള്ളിക്കരയിൽ കേന്ദ്ര പദ്ധതിയുടെ കീഴിൽ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് നിർമ്മിക്കുന്ന വിവാദ വിശ്രമ കേന്ദ്രം വീണ്ടും പഴയ സ്ഥലത്ത് തന്നെ നിർമ്മാണമാരംഭിച്ചു. ആദ്യം സ്ഥലം പരിശോധിച്ചശേഷം, ഒപ്റ്റിക്കൽ ഫൈബർ കുടിനീർ പൈപ്പുകൾ, ടെലിഫോൺ കാബിളുകൾ എന്നിവ ഈ ഭൂമിക്കടിയിലൂടെ കടന്നുപോകുന്നതിനാൽ, സ്ഥലം ഒട്ടും അനുയോജ്യമല്ലെന്ന് ബ്ലോക്ക് പഞ്ചായത്ത് എഞ്ചിനീയറടക്കം തീർത്തുപറഞ്ഞ സ്ഥലത്തുതന്നെയാണ് ഇന്ന് രാവിലെ വിശ്രമ കേന്ദ്രത്തിന്റെ നിർമ്മാണത്തിന് കരാറുകാരൻ ചന്ദ്രബോസ് കുഴികുത്തിയിട്ടുള്ളത്.

ഈ പുറമ്പോക്കിൽ പണിയാൻ കഴിയില്ലെന്ന്  തീരുമാനിച്ചശേഷം, കെഎസ്ടിപി റോഡിന് തൊട്ട് പടിഞ്ഞാറു ഭാഗത്ത്  ലീഗ് പ്രമാണി കുഞ്ഞുമുഹമ്മദ് ഹാജിയുടെ നാലുനില വീടിന് മുന്നിലുള്ള പുറമ്പോക്കിൽ നിർമ്മാണം തുടങ്ങിയ വിശ്രമകേന്ദ്രം ധനാഢ്യനായ ഹാജിയുടെ വീടിന് കാഴ്ച മറയ്ക്കുമെന്ന് കണ്ടതിനാലാണ് രണ്ടാമത്തെ പുറമ്പോക്കിൽ നിന്നും പൊടുന്നനെ മാറ്റിയത്.

വിശ്രമകേന്ദ്രം പണിയാൻ തീരുമാനിച്ചതിലും, പിന്നീട് പണി സ്ഥലത്ത് കേന്ദ്രം കൊള്ളില്ലെന്ന് പറഞ്ഞ സ്ഥലത്തേക്ക് തന്നെ ഒടുവിൽ മാറ്റിയതിലും അഴിമതിയുടെ ഗന്ധമുണ്ടെന്ന് ബിജെപി പഞ്ചായത്ത് ഭാരവാഹി ഇന്നലെ ആരോപിച്ചിരുന്നു. കൊള്ളില്ലെന്ന് പറഞ്ഞ സ്ഥലത്ത് തന്നെ വീണ്ടും വിശ്രമ കേന്ദ്രം പണി തുടങ്ങിയതാണ് അഴിമതി ഗന്ധത്തിന് കാരണമായത്.

LatestDaily

Read Previous

ആടുകളെ പട്ടി കടിച്ച് കൊന്നു

Read Next

സീബ്രാലൈനിൽ പാർക്ക് ചെയ്ത് കെഎസ് ആർടിസി