ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാസർകോട്: ഉപ്പളയിൽ 12കാരിയെ പീഡിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട കേസിൽ പോലീസ് അട്ടിമറി നടത്തിയെന്ന് ആരോപണം. പീഡനത്തിലെ അതിജീവതയുടെ പിതാവാണ് പോലീസിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. സംഭവത്തിൽ മൊഴി മാറ്റാനായി കുട്ടിയെ അന്വേഷണ സംഘം നിർബ്ബന്ധിച്ചുവെന്നാണ് പിതാവിന്റെ ആരോപണം. ഇതേ തുടർന്ന് പെൺകുട്ടി മജിസ്‌ട്രേറ്റിന് മുന്നിൽ മൊഴി മാറ്റി പറഞ്ഞിരുന്നു.
കഴിഞ്ഞ ജൂണിലാണ് പന്ത്രണ്ടുകാരിയെ മുത്തച്‌ഛൻ പീഡിപ്പിച്ചെന്ന പരാതിയുമായി കുട്ടിയുടെ പിതാവ് ചൈൽഡ് ലൈനിനെ സമീപിച്ചത്. മുൻ ഭാര്യയുടെ അച്‌ഛൻ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. പെൺകുട്ടി നിലവിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണത്തിൽ കഴിയുകയാണ്. ഒന്നരമാസത്തെ പോലീസ് അന്വേഷണത്തിന് ഒടുവിലാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്. രണ്ടു കൊല്ലത്തോളം മുത്തച്‌ഛൻ ശാരീരികമായി പീഡിപ്പിച്ചുവെന്നായിരുന്നു പെൺകുട്ടി ആദ്യം മൊഴി. എന്നാൽ, കുട്ടി പിന്നീട് ഈ മൊഴി മാറ്റി.
ഇത് തുടരന്വേഷണത്തിനിടെ പോലീസ് കുട്ടിയെ നിർബ്ബന്ധിച്ച് മാറ്റിച്ചതാണെന്നാണ് പിതാവിന്റെ ആരോപണം. എന്നാൽ ആരോപണം അടിസ്‌ഥാന രഹിതമാണെന്നും, പെൺകുട്ടി മജിസ്‌ട്രേറ്റിന് മുന്നിൽ സ്വമനസ്സാലെ മൊഴി മാറ്റുകയായിരുന്നുവെന്നും കാസർകോട് ഡിവൈഎസ്‌പി പ്രതികരിച്ചു. പരാതിയിൽ സംശയമുയർന്നതിനെ തുടർന്ന് ഡിഐജിയുടെ നിർദ്ദേശ പ്രകാരമാണ് കേസ് വീണ്ടും അന്വേഷിച്ചിച്ചത്. കുട്ടിയുടെ മാതാപിതാക്കൾക്കിടയിലുള്ള പ്രശ്‌നമാണ് പരാതിക്ക് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ.