സീബ്രാലൈനിൽ പാർക്ക് ചെയ്ത് കെഎസ് ആർടിസി

കാഞ്ഞങ്ങാട്: തിരക്കേറിയ കാഞ്ഞങ്ങാട് ടൗണിൽ സീബ്രാ ലൈനിന് മദ്ധ്യേ  ഏറെ നേരം നിർത്തിയിട്ട കെ.എസ്.ആർ.ടി.സി ബസ്സിനെ  ഒടുവിൽ പോലീസ് ഇടപെട്ട് മാറ്റി. കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാന്റിന് മുന്നിൽ പോലീസ് എസ്ഡ് പോസ്റ്റിനടുത്തുള്ള  സീബ്രാ ലൈനിലാണ് രാത്രി പയ്യന്നൂർ ഭാഗത്തേക്ക് സർവ്വീസ് നടത്തുന്ന കെ.എസ് ആർടിസി ബസ് ഏറെ നേരം  നിർത്തിയിട്ടത്.

സീബ്രാലൈനിൽ നടന്ന് പോകുന്നതിനിടെ നിരവധി അപകടമുണ്ടായ സ്ഥലത്ത് നിന്ന് ബസ് മാറ്റാനാവശ്യപ്പെട്ടെങ്കിലും, ഫലമുണ്ടായില്ല. നഗരവാസികൾ പോലീസിനെ അറിയിച്ച് പോലീസിടപെട്ടാണ് വാഹനം മാറ്റിയത്. നൂറ് കണക്കിനാളുകൾ മുറിച്ച് കടക്കുന്ന പ്രധാന റോഡിലെ സീബ്രാലൈനിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് അപകടങ്ങൾക്കിടയാകുന്നുണ്ട്.

രാത്രി സമയങ്ങളിൽ കെ.എസ് ആർടിസി  ദീർഘദൂര ബസ്സുകൾ ഉൾപ്പെടെ മിക്ക ബസ്സുകളും സ്റ്റാന്റിൽ കയറാതെ പുറത്ത് റോഡിൽ നിർത്തിയിട്ടാണ് യാത്രക്കാരെ കയറ്റുന്നത്. പടിഞ്ഞാറ് ഭാഗം  സീബ്രാ ലൈനിൽ മിക്ക സമയത്തും വാഹനങ്ങൾ നിർത്തിയിട്ടിരിക്കുന്നത് കാണാം. കാസർകോട്, മംഗളൂരു, പാണത്തൂർ , തീരദേശ മേഖല മറ്റു ഭാഗങ്ങളിലേക്കുള്ള ബസ്സുകൾ നിർത്തിയിടുന്നത് പടിഞ്ഞാറ് ഭാഗം റോഡരികിലാണ്.

Read Previous

വിവാദ വിശ്രമ കേന്ദ്രം നിർമ്മാണം തുടങ്ങി

Read Next

പ്രതീക്ഷയില്ലാത്ത തലമുറ