പ്രതീക്ഷയില്ലാത്ത തലമുറ

കർണ്ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന പ്രക്ഷോഭങ്ങൾ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ അസംബന്ധമാണെന്ന് പറയാതെ വയ്യ. ഭാവി തലമുറയെ രൂപപ്പെടുത്തിയെടുക്കേണ്ട കലാലയങ്ങൾ മതബോധങ്ങളുടെ പേരിൽ അഴിഞ്ഞാടുന്ന കാഴ്ചകളാണ് കർണ്ണാടകയിൽ കാണുന്നത്. വരാനിരിക്കുന്ന തലമുറയിൽ ഏറെ പ്രതീക്ഷ വെക്കേണ്ടതില്ലെന്ന് സാരം.

ഉഡുപ്പിയിലെ സർക്കാർ വനിതാ കോളേജിൽ ശിരോവസ്ത്രം ധരിച്ചെത്തിയ വിദ്യാർത്ഥിനികളെ പുറത്താക്കിയ സംഭവത്തിന്റെ തുടർച്ചയാണ് കർണ്ണാടക സംസ്ഥാനം മുഴുവൻ കത്തിപ്പടരുന്ന വിധത്തിലുള്ള വിവാദത്തീയായതെന്നതിൽ സംശയമില്ല. കോളേജ് അധികൃതരുടെ വിവേകശൂന്യമായ നിലപാട് സംസ്ഥാനത്തെ മുഴുവൻ കലാലയങ്ങളെയും കലാപഭൂമിയാക്കിയിരിക്കുകയാണ്. ഇഷ്ടവസ്ത്രം ധരിക്കാൻ സ്വാതന്ത്ര്യമുള്ള രാജ്യത്ത് ശിരോവസ്ത്രമണിഞ്ഞെത്തിയ വിദ്യാർത്ഥിനികളെ തടഞ്ഞുവെച്ചതിന്റെ യുക്തി ഇതുവരെയും പൊതു സമൂഹത്തിന് ബോധ്യമായിട്ടില്ല.

നിസാരമായ ഒരു വിഷയത്തെ പർവ്വതീകരിച്ചതിന്റെ ഫലമായി കർണ്ണാടക സംസ്ഥാനത്ത് കോളേജുകൾ അടച്ചിടേണ്ട സ്ഥിതി വന്നിരിക്കുകയാണ്. മത വിശ്വാസങ്ങളുടെയും മതബോധങ്ങളുടെയും അന്ധമായ അനുശീലനം യുവ തലമുറയെ അപകടകരമായ സാഹചര്യത്തിലേക്കെത്തിച്ചതിന്റെ പ്രകടോദാഹരണങ്ങളാണ് കർണ്ണാടകയിൽ നിന്നും ദൃശ്യമാകുന്നത്. മത വിശ്വാസങ്ങൾക്ക് വേണ്ടി ചാവേറുകളാകാൻ നടക്കുന്ന വിദ്യാർത്ഥി സമൂഹത്തിൽ നിന്നും ഇന്ത്യ എന്താണ് പ്രതീക്ഷിക്കേണ്ടത്.

പരസ്പരം കൊന്നും തിന്നും ചോര കുടിച്ചും  വളരുന്ന സംഘടിത മതങ്ങൾക്ക് ചുടുചോർ വാരിക്കാനുള്ള കുട്ടിക്കുരങ്ങൻമാരായി പുതിയ തലമുറ മാറിക്കഴിഞ്ഞുവെന്നാണ് കർണ്ണാടക നമ്മെ ഓർമ്മിപ്പിക്കുന്നത്. മതമെന്നത് ആരുടെയും സ്വയം തെരഞ്ഞെടുപ്പല്ല. വെറും മനുഷ്യനായി കരഞ്ഞുപിറക്കുന്നവർ യാന്ത്രികമായി സ്വന്തം മാതാപിതാക്കളുടെ മതത്തിന്റെ ചട്ടക്കൂടുകളിൽ സ്വയമറിയാതെ വളർന്നുവരികയാണ് ചെയ്യുന്നത്. മതം മനുഷ്യകുലത്തിന്റെ വളർച്ചയ്ക്ക് ഓക്സിജൻ പോലെ അനിവാര്യമായ വസ്തുവല്ലതാനും.

സ്വന്തം നിലനിൽപ്പിനുവേണ്ടി മതങ്ങൾ എഴുതിയുണ്ടാക്കിയ വാറോലകളെ അന്ധമായി പിന്തുടരുന്നതിന്റെ ദുരന്തഫലങ്ങളാണ് കർണ്ണാടക സംസ്ഥാനത്തെ കലാലയങ്ങളിൽ കാണുന്നത്. കർണ്ണാടകയിലായാലും കേരളത്തിലായാലും മതങ്ങൾക്ക് ഒരു മുഖം മാത്രമേയുള്ളു. മത ഗ്രന്ഥങ്ങൾ മനുഷ്യരെ തമ്മിലടിക്കാൻ പ്രേരിപ്പിക്കുന്നവയല്ലെന്നതാണ് വസ്തുത. മതത്തെ ദുർവ്യാഖ്യാനം ചെയ്ത് അനുയായികൾ നടത്തുന്ന തെരുപ്പേക്കൂത്തുകൾക്ക് മതത്തെ ഒറ്റയടിക്ക് കുറ്റം പറയാനുമാകില്ല.

ഒരാളുടെ വസ്ത്രധാരണ രീതി കണ്ട് മറ്റൊരാൾക്ക് അസ്വസ്ഥത തോന്നുന്നുവെങ്കിൽ, അവർക്കുള്ളിൽ ഒരു മത തീവ്രവാദി ഒളിഞ്ഞിരിപ്പുണ്ടെന്ന് തന്നെയാണർത്ഥം. ഭക്ഷണത്തിന്റെയും വസ്ത്രത്തിന്റെയും പേരിൽ നടക്കുന്ന ആക്രമങ്ങൾ ജനാധിപത്യ അവകാശങ്ങൾക്ക് നേരെയുള്ള കടന്നുകയറ്റം തന്നെയാണ്. ആചാരങ്ങളുടെ പേരിൽ നഗ്നരായി നടക്കുന്ന സന്യാസി സമൂഹമുള്ള രാജ്യത്ത് ശിരോവസ്ത്രത്തിനെതിരെ നടക്കുന്ന ആഭാസ സമരങ്ങൾ ഫാസിസത്തിന്റെ ഉത്പന്നം തന്നെയാണ്.

കുംഭമേളയിൽ പങ്കെടുക്കുന്ന പതിനായിരക്കണക്കിന് നഗ്ന സന്യാസിമാരുടെ ന്ഗനത മനോഹരമായ ആചാരമായിത്തോന്നുകയും ശിരോവസ്ത്രം അശ്ലീലമായി തോന്നുകയും ചെയ്യുന്നുവെങ്കിൽ, അത് ചികിത്സിച്ച് ഭേദമാക്കേണ്ട മനോരോഗം തന്നെയാണ്.

LatestDaily

Read Previous

സീബ്രാലൈനിൽ പാർക്ക് ചെയ്ത് കെഎസ് ആർടിസി

Read Next

വിവാദ വിശ്രമ കേന്ദ്രം; ബിജെപി കൊടി നാട്ടി; സംഘർഷം