മയക്കുമരുന്ന് സംഘത്തെ അടിച്ചമർത്താൻ പോലീസിന്റെ സ്പെഷ്യൽ ഡ്രൈവ്

കാഞ്ഞങ്ങാട്: ജില്ലയിൽ തഴച്ചുവളർന്ന മയക്കുമരുന്ന് കഞ്ചാവ് മാഫിയ സംഘത്തെ അടിച്ചമർത്താൻ പോലീസിന്റെ സ്പെഷ്യൽ ഡ്രൈവ്. ജില്ലയൊട്ടുക്കും ശക്തമായ റെയ്ഡ് നടപടികളാണ് സ്പെഷ്യൽ ഡ്രൈവ് കൊണ്ട് ഉദ്ദേശിക്കുന്നത്. ഒാരോ ഭാഗത്തും പ്രവർത്തിക്കുന്ന മയക്കുമരുന്ന്  മാഫിയകളെ കണ്ടെത്തും.

സ്പെഷ്യൽ ഡ്രൈവിൽ കൂടിയ എംഡിഎംഏ മയക്കുമരുന്നുമായി നിരവധി പേർ ഇതിനകം  കുടുങ്ങി. മയക്കുമരുന്ന് മാഫിയകളെ പിടികൂടാൻ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പോലീസിനുള്ള നിർദ്ദേശം. ചന്തേര, ബേക്കൽ, മേൽപ്പറമ്പ് ഭാഗങ്ങളിൽ മയക്കുമരുന്ന് മാഫിയ സംഘത്തിലെ നിരവധി പേർ കുടുങ്ങി. കർണ്ണാടകയിൽ നിന്നുൾപ്പെടെ കാസർകോട്ടേക്ക് മയക്കുമരുന്നിന്റെ ഒഴുക്ക് ആരംഭിച്ചത് മാസങ്ങൾക്ക് മുമ്പാണ്. ജനുവരി ആദ്യത്തോട് കൂടി പോലീസ് ഉണർന്നു.

കൗമാരക്കാർ കൂട്ടത്തോടെ ലഹരിയിലേക്ക് വഴുതി. കടൽ തീരങ്ങൾ കേന്ദ്രീകരിച്ച് എംഡിഎംഏ മയക്കുമരുന്ന് നിർബ്ബാധം  ലഭിച്ചു. വൻ നഗരങ്ങളിൽ മാത്രം ലഭിച്ചിരുന്ന മയക്കുമരുന്ന് നാട്ടിൻ പുറങ്ങളിൽ സുലഭമായി. 4,000 രൂപ നൽകി ഒരു ഗ്രാം മയക്കുമരുന്ന്  എംഡിഎംഏക്ക് വേണ്ടി ആവശ്യക്കാർ മാഫിയ സംഘങ്ങളെ തേടിയിറങ്ങി.

കുട്ടികൾ ഉൾപ്പെടെ ആവശ്യക്കാരുടെ എണ്ണം വർദ്ധിച്ചതോടെ മയക്കുമരുന്ന് മാഫിയകളുടെയും ഇടത്തട്ടുകാരുടെ എണ്ണവും പെരുകി. എളുപ്പത്തിൽ  പണമുണ്ടാക്കാൻ യുവാക്കൾ കൂട്ടത്തോടെ  മയക്കുമരുന്ന്    മാഫിയകളുടെ ഇടനിലക്കാരായി മാറുകയും  വിലകൂടിയ വാഹനങ്ങൾ മയക്കുമരുന്ന് കടത്തിന് ഉപയോഗിക്കുകയും ചെയ്യുന്നു.

ഒരു തവണ ജില്ലയിലേക്ക് മയക്കുമരുന്നെത്തിച്ച്  വിൽപ്പന നടത്തിയാൽ  അരലക്ഷം മുതൽ 2 ലക്ഷം രൂപ വരെ ഇടത്തട്ടുകാർക്ക് ലഭിക്കുന്നുണ്ടെന്നാണ്  അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. പോലീസിന്റെ സ്പെഷ്യൽ ഡ്രൈവിൽ നിരവധി ഇടത്തട്ടുകാർ കുടുങ്ങിയെങ്കിലും വൻകിട മയക്കുമരുന്ന് മാഫിയകൾ വലയ്ക്ക് പുറത്തു തന്നെയാണ്.

LatestDaily

Read Previous

വിവാഹാഭ്യർത്ഥന നിരസിച്ച യുവതിയെ കുത്തി പരിക്കേൽപ്പിച്ചു

Read Next

ഹോട്ടൽ കുത്തിത്തുറന്നതും കാവൽക്കാരന്റെ ഫോൺ മോഷ്ടിച്ചതും ഒരേ സംഘം