വഴിയോര വിശ്രമ കേന്ദ്രം മാറ്റിയത് മുസ്ലീംലീഗ് ഇടപെടൽ മൂലം

ബിജെപിയിലും പുകഞ്ഞു തുടങ്ങി

പള്ളിക്കര: കേന്ദ്ര സർക്കാർ പദ്ധതിയിൽ പള്ളിക്കര ബേക്കൽ ഫോർട്ട് റെയിൽവെ സ്റ്റേഷന് മുന്നിൽ 35 ലക്ഷം രൂപ ചിലവിൽ നിർമ്മിക്കുന്ന വഴിയോര വിശ്രമ കേന്ദ്രം നിർമ്മാണമാരംഭിച്ച സ്ഥലത്തു നിന്ന് മാറ്റിയത് പള്ളിക്കര മുസ്ലീം ലീഗിന്റെ ചില പ്രാദേശിക നേതാക്കളുടെ ഇടപെടൽ മൂലം. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്  നേരിട്ട് നടത്തുന്ന വഴിയോര വിശ്രമ കേന്ദ്രം മുസ്ലീം ലീഗിന്റെ പ്രാദേശിക നേതൃത്വമിടപ്പെട്ട് സ്ഥലത്തുനിന്ന്  മാറ്റിയ സംഭവത്തിൽ പള്ളിക്കര മണ്ഡലം ബിജെപിയും കടുത്ത പ്രതിഷേധത്തിൽ.

ബേക്കൽ ഫോർട്ട് റെയിൽവെ സ്റ്റേഷൻ റോഡ് കെഎസ്ടിപി റോഡുമായി ബന്ധിക്കുന്ന പള്ളിക്കര  ജംഗ്ഷന് കിഴക്കു ഭാഗത്തുള്ള റവന്യൂ ഭൂമിയിലാണ് ആദ്യം  വിശ്രമ കേന്ദ്രത്തിന് ബ്ലോക്ക് പഞ്ചായത്ത് അധികൃതർ സ്ഥലം കണ്ടെത്തിയത്. 5  ശുചിമുറികളും ലഘുപാനിയങ്ങളും വിൽപ്പന നടത്താനും, ബസ്സ്– തീവണ്ടി യാത്രക്കാർക്ക് വിശ്രമിക്കാനുമുതകുന്ന 35 ലക്ഷം രൂപ മുടക്കിക്കൊണ്ടുള്ള വിശ്രമ കേന്ദ്രമാണ് ഈ സ്ഥലത്ത് നിർമ്മിക്കാൻ ഉദ്ദേശിച്ചത്.

സ്ഥലം വിശദമായി പരിശോധിച്ചപ്പോൾ, ഭൂമിക്കടിയിലൂടെ ഈ സ്ഥലത്തു കൂടി ബിഎസ്എൻഎൽ ഒപ്റ്റിക്കൽ ഫൈബർ അടക്കം കടന്നു പോകുന്നതായി ബോധ്യപ്പെട്ടതിനാലാണ് വിശ്രമ കേന്ദ്രം കെഎസ്ടിപി റോഡിന് കിഴക്കു ഭാഗത്തുനിന്ന് മാറ്റി റോഡിന് പടിഞ്ഞാറു ഭാഗത്തുള്ള ലീഗ് പ്രമാണിയുടെ വീടിന് മുന്നിലുള്ള റവന്യൂ ഭൂമിയിലേക്ക് മാറ്റിയത്. ഇവിടെ കല്ലിറക്കി കുഴികുത്തി നിർമ്മാണം തുടങ്ങിയപ്പോഴാണ് മുസ്ലീം ലീഗ്  പ്രാദേശിക നേതൃത്വം  രംഗത്തിറങ്ങി ബ്ലോക്ക് പഞ്ചായത്ത്  ഭരണാധികാരികളിൽ ഇടപെട്ട് രണ്ടാമത്തെ  സ്ഥലത്തു നിന്ന് പാടെ മാറ്റിയത്.

ആദ്യം അനുയോജ്യമല്ലെന്ന് എഞ്ചിനീയർമാരടക്കം തീർപ്പുകൽപ്പിച്ച സ്ഥലത്ത് തന്നെ ഇപ്പോൾ  വിശ്രമ കേന്ദ്രം  പണിയാനുള്ള നീക്കം നടന്നുവരുന്നു. ഈ സ്ഥലത്ത് ഒരു അംഗപരിമിതൻ നേരത്തെ  കെട്ടി ഉയർത്തിയ  താൽക്കാലിക ഷെഡ്ഡ്  ഇന്നലെ  ഉച്ചയോടെ  പൊളിച്ചു മാറ്റി. ഷെഡ്ഡുടമയായ അംഗപരിമിതന് ആരോ ചിലർ 5,000 രൂപ  പ്രതിഫലം നൽകിയാണ് സ്ഥലത്തുണ്ടായിരുന്ന  ഷെഡ്ഡ്  എതിർപ്പില്ലാതെ പൊളിച്ചു മാറ്റിയത്.

ആദ്യം തീർത്തും അനുയോജ്യമല്ലെന്ന് ബ്ലോക്ക് പഞ്ചായത്ത് എഞ്ചിനീയറും പ്രസിഡണ്ടുമടക്കം തീർത്തു പറഞ്ഞ സ്ഥലത്തേക്ക്  തന്നെയാണ് ഇപ്പോൾ കേന്ദ്ര പദ്ധതിയായ വിശ്രമ കേന്ദ്രം കൊണ്ടുവരുന്നത്. മാത്രമല്ല, അനുയോജ്യമെന്ന് സ്ഥാപിച്ച് നിർമ്മാണം തുടങ്ങിയ സ്ഥലത്തിന്റെ തൊട്ടുമുകളിൽ പ്രവാസി വ്യവസായിയുടെ  നാലുനില വീട് നിലനിൽക്കുന്നുവെന്നത് മാത്രമാണ്,  വിശ്രമ കേന്ദ്രം ഈ വീട്ടിന് മുന്നിലുള്ള റവന്യൂ ഭൂമിയിൽ നിന്ന്  വീണ്ടും മാറ്റാനുള്ള ഒരേയൊരു കാരണം. ഇതാണ് സിപിഎമ്മിലും, ബിജെപിയിലും, കാഞ്ഞങ്ങാട്  ബ്ലോക്ക് പഞ്ചായത്ത് ഭരണ  നേതൃത്വത്തിനെതിരെ സാമ്പത്തികാരോപണമുയരാൻ മുഖ്യ കാരണം.

പള്ളിക്കരയിൽ കേന്ദ്ര പദ്ധതിയിൻ  കീഴിൽ പണിയുന്ന വിശ്രമ കേന്ദ്രം പൂർണ്ണമായും ബ്ലോക്ക്  പഞ്ചായത്തിന്റെ  ചുമതലയിലുള്ളതാണെന്നും, ഗ്രാമ പഞ്ചായത്തിന് ഈ വിശ്രമ കേന്ദ്രം നിർമ്മാണത്തിൽ യാതൊരു  പങ്കും ഇടപെടലുമില്ലെന്ന്  സിപിഎം ഭരിക്കുന്ന പള്ളിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കുമാരൻ പനയാൽ  വെളിപ്പെടുത്തി. ആദ്യം തീരുമാനിച്ച  സ്ഥലത്ത്  നിന്ന് പ്രമാണിയുടെ വീട്ടിന് മുന്നിലേക്ക് മാറ്റിയ ഈ വിശ്രമ കേന്ദ്രം അവിടെ നിന്ന് വീണ്ടും മാറ്റിയതിൽ  പച്ചയായ അഴിമതിയുടെ മണമുണ്ടെന്ന് പള്ളിക്കര പഞ്ചായത്ത് വെസ്റ്റ് കമ്മിറ്റി പ്രസിഡണ്ട് പ്രശാന്ത് ഇന്ന് ലേറ്റസ്റ്റിൽ എത്തിച്ച പ്രസ്താവനയിൽ ആരോപിച്ചു.

15 ലക്ഷം രൂപയ്ക്ക് നിർമ്മിക്കാൻ കഴിയുന്ന വിശ്രമകേന്ദ്രത്തിന് 35 ലക്ഷം രൂപ വകയിരുത്തിയത് കേന്ദ്രപദ്ധതിയിൽ അഴിമതി നടത്താൻ തന്നെയാണെന്നും,  കേന്ദ്രഫണ്ട് ദുർവിനിയോഗത്തിന് ആരെയും അനുവദിക്കില്ലെന്നും പ്രശാന്ത് പറഞ്ഞു.

LatestDaily

Read Previous

പോക്‌സോ; ഹോട്ടലുടമ അറസ്റ്റിൽ

Read Next

ഐഎൻഎൽ ശാഖാ സിക്രട്ടറിക്കെതിരെ പിടിച്ചുപറിക്കേസ്