അമ്മയെ കാമുകന് വിട്ടുകൊടുത്ത കോടതി വിധി പരിശോധിക്കാൻ കാഞ്ഞങ്ങാട്ടെ പെൺകുട്ടി ബിയ പ്രധാനമന്ത്രിക്ക് കത്തെഴുതി

ബിയയുടെ കത്തിൽ ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന അന്വേഷണം തുടങ്ങി

കാഞ്ഞങ്ങാട് : തന്റെ മാതാവ് ധനിഷയെ പിതാവിൽ നിന്ന് വേർപെടുത്തി കാമുകന്റെ കൂടെപ്പോകാൻ അനുവദിച്ച ഹൊസ്ദുർഗ്ഗ് കോടതി വിധിയെക്കുറിച്ച് അന്വേഷണം നടത്തി സ്വന്തം മാതാവിെന തനിക്ക് തിരിച്ചുകിട്ടാൻ ഇടപെടണമെന്നാവശ്യപ്പെട്ട് ഏഴുവയസ്സുകാരി ബിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതി ലോക ശ്രദ്ധയിലേക്ക് വന്നു. കാഞ്ഞങ്ങാട് അജാനൂർ പുതിയകണ്ടത്ത് താമസിക്കുന്ന പ്രവാസി യുവാവ് വിനോദിന്റെ 29, ഏക മകളാണ് ബിയ. വെള്ളിക്കോത്ത് ഗവ ഹൈസ്കൂളിൽ ഒന്നാംതരം വിദ്യാർത്ഥിനിയാണ് ഇൗ പെൺകുട്ടി.

ബിയ പ്രധാനമന്ത്രിക്കയച്ച കത്ത് ഇന്ത്യൻ നിയമ വേദികളിലും സുപ്രീം കോടതിയിലും, ജനശ്രദ്ധ തേടുന്ന നിയമ പ്രശ്നമായി മാറാനിരിക്കുകയാണ്. ഷാർജയിൽ ജോലി ചെയ്യുന്ന അജാനൂർ പുതിയകണ്ടം സ്വദേശി വിനോദിന്റെ ഭാര്യ ധനിഷ 27, നീലേശ്വരം ചോയ്യങ്കോട് നരിമാളം സ്വദേശിനിയാണ്. ഏഴുവർഷമായി വിനോദ് ഷാർജയിൽ ജോലി നോക്കുന്നു. മകൾ ബിയയ്ക്കും, ഭാര്യ ധനിഷയ്ക്കുമുള്ള മുഴുവൻ ചിലവുകളും വിനോദ് പ്രതിമാസം മുടങ്ങാതെ ഭാര്യയുടെ ബാങ്ക് അക്കൗണ്ടിൽ അയച്ചുകൊടുക്കും. ബിയ അപ്പർ കെ.ജി. ക്ലാസ്സ് കഴിഞ്ഞു നിൽക്കുമ്പോഴാണ്, മാതാവ് ധനിഷ കാമുകനായ തേപ്പുതൊഴിലാളി തച്ചങ്ങാട് അരവത്തെ ജിതേഷിനൊപ്പം ഒളിച്ചോടിയത്.

പുതിയകണ്ടത്തെ വീട്ടിൽ ഒരു പ്രഭാതത്തിൽ, ബിയ ഉണർന്നപ്പോൾ അമ്മയെ കാണാനില്ലായിരുന്നു.  അവിവാഹിതനായ ജിതേഷിനെ ധനിഷ പരിചയപ്പെട്ടത് പുതിയകണ്ടത്ത് ധനിഷയും മകൾ ബിയയും, വിനോദിന്റെ പ്രായമായ മാതാവും താമസിച്ചുവരുന്ന വീടിനടുത്ത് നാല് മാസങ്ങൾക്ക് മുമ്പ്  ജിതേഷ് തേപ്പുജോലിക്ക് വന്നപ്പോഴാണ്. പരിചയം കടുത്ത പ്രണയമായി വളർന്നപ്പോഴാണ് ധനിഷ മകൾ ബിയയെ വീട്ടിലാക്കി ജിതേഷിനൊപ്പം വീടുവിട്ടത്. സഹോദര ഭാര്യ ധനിഷയെ കാണാനില്ലെന്ന് കാണിച്ച് വിനോദിന്റെ സഹോദരി ബിന്ദു ഹൊസ്ദുർഗ്ഗ് പോലീസിൽ പരാതി നൽകുകയും പോലീസ് ധനിഷയെ കാണാതായ സംഭവത്തിൽ കേസെടുക്കുകയും ചെയ്തു.

യുവഭർതൃമതിയെ അന്വേഷിച്ചുവരുന്നതിനിടയിൽ ധനിഷയും കാമുകൻ ജിത്തു എന്ന ജിതേഷും ബേക്കൽ പോലീസിന്റെ പിടിയിലുള്ളതായി പിറ്റേന്ന് കാലത്ത് ഹൊസ്ദുർഗ്ഗ് പോലീസിന് സന്ദേശം ലഭിച്ചു. ബേക്കൽ പോലീസ് കമിതാക്കളെ ഹൊസ്ദുർഗ്ഗ് പോലീസിന് കൈമാറി. ധനിഷയ്ക്ക് ഏഴുവയസ്സുള്ള മകളുണ്ടെന്നും, ഭർത്താവ്് വിനോദ് ഗൾഫിലാണെന്നും, മനസ്സിലാക്കിയ ഹൊസ്ദുർഗ്ഗ് പോലീസും, ധനിഷയുടെ ചോയ്യങ്കോട് താമസിക്കുന്ന മാതാവും, വിനോദിന്റെ സഹോദരി ബിന്ദുവുമടക്കമുള്ള ബന്ധുക്കൾ പോലീസ് സ്റ്റേഷനിലെത്തി. ധനിഷ കാമുകനൊപ്പം പോയാൽ ഏഴുവയസ്സുകാരി മകൾ ബിയ ഏകയായിപ്പോകുമെന്ന് ധനിഷയെ നൂറുവട്ടം ബോധ്യപ്പെടുത്തിയെങ്കിലും, കാമുകൻ ജിത്തുവിനൊപ്പമല്ലാതെ തനിക്ക് മറ്റൊരു ജീവിതമില്ലെന്ന് ഇരുപത്തിയേഴുകാരി ധനിഷ തറപ്പിച്ചു പറയുകയായിരുന്നു.

കേസ്സ് റജിസ്റ്റർ ചെയ്തതിനാൽ ധനിഷയെ പോലീസ് ഹൊസ്ദുർഗ്ഗ്  ജുഡീഷ്യൽ മജിസ്ത്രേട്ട് ഒന്നാം കോടതിയിൽ ഹാജരാക്കി. ന്യായാധിപൻ കോടതിയിൽ ധനിഷയുടെ അഭിപ്രായമാരാഞ്ഞപ്പോൾ, കാമുകനൊപ്പം തന്നെ പോവുകയാണെന്നും, തങ്ങൾ, പനയാൽ ഗ്രാമത്തിലുള്ള ക്ഷേത്രത്തിൽ മാലയിട്ട് വിവാഹിതരായെന്നും ധനിഷ ബോധിപ്പിച്ചു. ആ ദിവസം കാമുകൻ ജിത്തുവും യുവാവിന്റെ കൂട്ടുകാരും കോടതി വരാന്തയിലുണ്ടായിരുന്നു. നിലവിലുളള നിയമമനുസരിച്ച് ന്യായാധിപൻ ധനിഷയെ സ്വന്തം ഇഷ്ടത്തിന് വിട്ടയച്ച േശഷം യുവതി ജിത്തുവിനൊപ്പം സന്തോഷത്തോടെ കോടതിയുടെ പടികളിറങ്ങിപ്പോകുന്നത് വിങ്ങലോടെ നോക്കി നിൽക്കുകയായിരുന്നു മകൾ ബിയയും മറ്റു ബന്ധുക്കളും. ധനിഷയും ജിത്തുവും ഇപ്പോൾ കണ്ണൂർ ജില്ലയിൽ എവിടെയോ താമസിച്ചുവരികയാണെന്നാണ് നാട്ടിലുള്ള വിനോദിനും കുടുംബത്തിനും ലഭിച്ച വിവരം.

മകൾ ബിയയ്ക്ക് അമ്മയോടൊപ്പം പോകാൻ ഒട്ടും താൽപ്പര്യമില്ലായിരുന്നു. തനിക്ക് അച്ഛൻ മതിയെന്ന് ബിയ ബന്ധുക്കളോട് തുറന്നുപറയുകയും ചെയ്തതിന് ശേഷമാണ് ബിയ പ്രധാന മന്ത്രിക്ക് കത്തെഴുതി സ്പീഡ് പോസ്റ്റിൽ അയച്ചത്. പിതാവും ഏഴുവയസ്സുള്ള മകളായ താനും ജീവിച്ചിരിക്കുമ്പോൾ, തനിക്ക് പ്രായപൂർത്തിയാകുന്നതുവരെയെങ്കിലും ജീവിതത്തിൽ തണലായി നിൽക്കേണ്ട കടമയും ബാധ്യതയുമുള്ള തന്റെ അമ്മയെ കോടതിയും പോലീസും ചേർന്ന് എങ്ങനെയാണ് കാമുകനൊപ്പം വിട്ടയച്ചതെന്നാണ് പ്രധാനമന്ത്രിക്ക് ബിയ അയച്ച കത്തിലെ പ്രധാന ചോദ്യം. 

ഇത്തരം സംഭവങ്ങളിൽ നീതിന്യായ കോടതികൾ സ്ത്രീയുടെ ഭാഗം മാത്രം കേട്ട് മാതാവിനെ കാമുകനൊപ്പം പറഞ്ഞയക്കുമ്പോൾ, താൻ ആ സ്ത്രീയുടെ ഏഴുവയസ്സുള്ള മകൾ എന്ന പരിഗണന എന്തുകൊണ്ട് പോലീസും കോടതിയും ഇൗ കൊച്ചുമനസ്സിന് തന്നില്ലെന്നാണ് പ്രധാനമന്ത്രിയോടുള്ള ബിയയുടെ കത്തിന്റെ മർമ്മപ്രധാനമായ ചോദ്യത്തിലെ നിയമവശം.

സ്ത്രീ സംരക്ഷണ നിയമം സുപ്രീംകോടതി കർശ്ശനമാക്കിയിട്ടുള്ള ഭാരതത്തിൽ നീതിന്യായ കോടതികൾ പൂർണ്ണമായും സ്ത്രീയോടൊപ്പം നിൽക്കുമ്പോൾ, മറുവശത്ത് നാളെ വളർന്നു വരേണ്ട മറ്റൊരു പെൺകുട്ടി ഇത്തരം നീതിന്യായത്തിൽ  ബലിയാടാകുന്നുെവന്നതാണ്  ഇന്ത്യയിൽ തന്നെ ചർച്ച ചെയ്യപ്പെടാൻ പോകുന്ന കാഞ്ഞങ്ങാട്ടെ പെൺകുട്ടി ബിയയുടെ ചോദ്യമുയർത്തുന്ന  നിയമവശം.

കാമുകനൊപ്പം പോയ ധനിഷയ്ക്ക് ഏഴു വയസ്സുള്ള മകളുണ്ടെന്ന ബാലനീതി നിയമം ചുമത്തി പോലീസ് ധനിഷയുടെ പേരിൽ കേസെടുത്തിരുന്നുവെങ്കിൽ, പോലീസ് പിടിയിലായ ധനിഷയെ കോടതിക്ക് ജയിലിലേക്കയക്കേണ്ടി വരുമായിരുന്നു.പ്രധാനമന്ത്രിക്കയച്ച  ബിയയുടെ കത്ത് നേരിട്ട് കാസർകോട് ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയ്ക്ക് പ്രധാനമന്ത്രിയുടെ ഒാഫീസിൽ നിന്ന് അടിയന്തിര അന്വേഷണത്തിന് അയച്ചു കൊടുത്തിട്ടുണ്ട്.

LatestDaily

Read Previous

നാദക്കോട്ട് മർദ്ദനം പ്രതി അറസ്റ്റിൽ

Read Next

മക്കളെയുപേക്ഷിച്ച് വീടുവിട്ട യുവതി റിമാന്റിൽ