നടപടി ശക്തം, മയക്കുമരുന്ന്, കഞ്ചാവ് മാഫിയ സംഘം ഉൾവലിഞ്ഞു

കാഞ്ഞങ്ങാട്  : ജില്ലാ പോലീസ് മേധാവിയുടെ കർശന നിർദ്ദേശത്തെത്തുടർന്ന് പോലീസ് നടപടി ശക്തമാക്കിയതോടെ മയക്കുമരുന്ന്, കഞ്ചാവ് മാഫിയ സംഘങ്ങൾ ഉൾവലിഞ്ഞു തുടങ്ങി. മയക്കുമരുന്ന് ലഹരി മാഫിയകൾക്കെതിരെ കർശ്ശന നടപടി സ്വീകരിക്കാൻ കീഴുദ്യോഗസ്ഥർക്ക് പോലീസ് മേധാവി കർശന നിർദ്ദേശം നൽകിയിരുന്നു. രാത്രി സമയങ്ങളിൽ കൂടുതൽ പരിശോധന നടത്താൻ നിർദ്ദേശം നൽകി.

അതാത് സ്റ്റേഷന് കീഴിൽ ലഹരി വിൽപ്പന നടത്തുന്ന സംഘങ്ങളെ കണ്ടെത്തി തുറുങ്കിലടക്കുന്നതിന് നടപടി സ്വീകരിക്കാൻ പോലീസ്  സ്റ്റേഷനുകളിലെ ഇൻസ്പെക്ടർമാർക്ക് ജില്ലാ പോലീസ് മേധാവി നിർദ്ദേശം നൽകി. ആഴ്ചകളായി പോലീസ് മയക്കുമരുന്ന് സംഘങ്ങൾക്ക് പിന്നാലെയാണ്. നിരവധി പേർ കുടുങ്ങി. പോലീസ് സജീവമായതോടെ മയക്കുമരുന്ന് സംഘം സ്വയം ഉൾവലിയുകയാണ്.

കർണ്ണാടകയിൽ നിന്നുൾപ്പെടെ അന്യ സംസ്ഥാനങ്ങളിൽ നിന്നാണ് കാസർകോട് ജില്ലയിലേക്ക് അതിവ്യാപകമായി മയക്കുമരുന്നെത്തുന്നത്. വീര്യം കൂടിയ എംഡിഎംഏ  മയക്കുമരുന്നുകളും, കഞ്ചാവും ജില്ലയിൽ സുലഭമായി. മയക്കുമരുന്ന് യഥേഷ്ടം ലഭിച്ചതോടെ കൗമാര തലമുറ മയക്കുമരുന്നിനടിമകളായി തീർന്നു. ഇതോടെയാണ് പോലീസ് മേധാവി മയക്കുമരുന്ന് സംഘങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു തുടങ്ങിയത്.

വില കൂടിയ കാറുകളിൽ ദിവസേന ലക്ഷക്കണക്കിന് രൂപയുടെ ലഹരി വസ്തുക്കൾ ജില്ലയിലെത്തിയിരുന്നു. എളുപ്പം പണമുണ്ടാക്കുന്നതിന് യുവാക്കൾ വ്യാപകമായി മയക്കുമരുന്ന് സംഘത്തിൽ പങ്കാളികളായി.

LatestDaily

Read Previous

രാഘവൻ മാഷിന് നൽകാതിരുന്ന ഔദ്യോഗിക ബഹുമതി ജില്ലാ സിപിഎമ്മിന് പറ്റിയ വീഴ്ച

Read Next

ഐങ്ങോത്ത് വീട് കുത്തിതുറന്ന് കവർച്ച