രാഘവൻ മാഷിന് നൽകാതിരുന്ന ഔദ്യോഗിക ബഹുമതി ജില്ലാ സിപിഎമ്മിന് പറ്റിയ വീഴ്ച

കാഞ്ഞങ്ങാട് : അന്തരിച്ച ചിത്രകാരനും, അധ്യാപകനുമായ ആർട്ടിസ്റ്റ് ടി. രാഘവൻ മാഷിന് മരണാനന്തര ഔദ്യോഗിക ബഹുമതി നഷ്ടപ്പെടുത്തിയത് സിപിഎം ജില്ലാ നേതൃത്വത്തിന് പറ്റിയ വീഴ്ച. രാഘവൻ മാഷ് ദേശീയ അധ്യാപക പുരസ്ക്കാ ജേതാവും, സംസ്ഥാന അധ്യാപക പുരസ്ക്കാര ജേതാവും, സംസ്ഥാന ലളിത കലാ അക്കാദമി നിർവ്വാഹക സമിതിയംഗവും മലയാളത്തിലെ സകല പ്രസിദ്ധീകരണങ്ങളിലും കാർട്ടൂണുകളും, ചിത്രങ്ങളും വരച്ചിട്ടുള്ള ചിത്രകാരനാണ്.

ഇത്തരമൊരു വ്യക്തി മരണാനന്തര ചടങ്ങിൽ ഔദ്യോഗിക ബഹുമതിക്ക് തീർത്തും അർഹനാണെന്നിരിക്കെ, രാഘവൻ മാഷിന് ഔദ്യോഗിക ബഹുമതി നൽകാതിരുന്ന കാര്യത്തിൽ സ്ഥലം എംഎൽഏയ്ക്കും, മുൻ എം.പി.ക്കും സിപിഎം ജില്ലാ സിക്രട്ടറിക്കും കടുത്ത വീഴ്ച പറ്റി. നാലു സിനിമകളിൽ അഭിനയിച്ച താരങ്ങൾ അന്തരിച്ചാൽ പോലും കഴിഞ്ഞ അഞ്ചുവർഷത്തെ പിണറായി സർക്കാർ രാഷ്ട്രീയം നോക്കാതെ തന്നെ മരണാനന്തര ഔദ്യോഗിക ബഹുമതി നൽകിയിട്ടുണ്ട്.

കയ്യൂരിന്റെ കഥ, നിരഞ്ജനയുടെ ചിരസ്മരണ മലയാളത്തിൽ നിന്ന് കന്നട ഭാഷയിലേക്ക് വിവർത്തനം ചെയ്ത കാസർകോട്ടെ സി. രാഘവൻ മാഷിന് പോലും (അഡ്വ. സി.കെ. ശ്രീധരന്റെ ജ്യേഷ്ഠ സഹോദരൻ) യുഡിഎഫ് സർക്കാർ കാലത്ത് മരണാനന്തരം ഔദ്യോഗിക ബഹുമതി നൽകിയ കാസർകോട് ജില്ലയിലാണ് ആർട്ടിസ്റ്റ് ടി. രാഘവൻ മാഷിനെപ്പോലുള്ള ചിത്രകാരൻ മരണാനന്തരം അവഗണിക്കപ്പെട്ടത്.

കാഞ്ഞങ്ങാട് എംഎൽഏ, ഇ. ചന്ദ്രശേഖരൻ കാഞ്ഞങ്ങാട് സൗത്തിലുള്ള രാഘവൻ മാസ്റ്ററുടെ വീട്ടിൽ മരണദിനം കാലത്തു തന്നെ മാഷിന്റെ മൃതദേഹം കാണാനെത്തിയിരുന്നു. പിന്നാലെ, മുൻ എം.പി., പി. കരുണാകരനും, സിപിഎം ജില്ലാ സിക്രട്ടറി എം.വി. ബാലകൃഷ്ണനും മൃതദേഹം കാണാൻ വീട്ടിലെത്തി. മുൻ നഗരസഭ ചെയർമാൻ വി.വി. രമേശൻ അന്ന് കാലത്ത് ഉറക്കമുണർന്നതു തന്നെ രാഘവൻ മാഷിന്റെ മരണ വിവരമറിഞ്ഞാണ്. കാരണം, വി.വി. രമേശന്റെ വീട്ടുമതിലും, രാഘവൻ മാഷിന്റെ വീട്ടുമതിലും ഒന്നാണ്.

സ്ഥലം എംഎൽഏ ഇ. ചന്ദ്രശേഖരൻ മാഷിന്റെ  മരണ വാർത്തയറിയിച്ച് ഒന്ന് തിരുവനന്തപുരത്തേക്ക് വിളിച്ചാൽ മാത്രം മതിയായിരുന്നു. ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് രാഘവൻ മാഷിന് ഔദ്യോഗിക ബഹുമതി കൊടുക്കാനുള്ള ഉത്തരവ് കാസർകോട് ജില്ലാ പോലീസ് മേധാവിക്ക് രേഖാമൂലമെത്തുമായിരുന്നിട്ടും, സിപിഎം നേതാക്കൾക്കും മുൻ എം.പി.ക്കും, എംഎൽഏയ്ക്കും പാർട്ടി ജില്ലാ സിക്രട്ടറിക്കും എന്തുകൊണ്ടോ രാഘവൻ മാഷ് സർക്കാർ ഔദ്യോഗിക ബഹുമതിക്ക് അർഹനാണെന്ന് ചിന്തിച്ചതേയില്ല.

LatestDaily

Read Previous

ടി.രാഘവൻ മാസ്റ്റർ

Read Next

നടപടി ശക്തം, മയക്കുമരുന്ന്, കഞ്ചാവ് മാഫിയ സംഘം ഉൾവലിഞ്ഞു