കേരളത്തിൽ എംഡിഎംഏ എത്തുന്നത് മംഗളൂരു വഴി

കാഞ്ഞങ്ങാട്:  ഏറെ ആവശ്യക്കാരുള്ള എംഡിഎംഏ എന്ന രാജ്യാന്തര മയക്ക് മരുന്ന് അധികമായും കേരളത്തിലെത്തുന്നത് മംഗളൂരു വഴിയാണെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. കാസർകോടിന്റെ കർണ്ണാടക അതിർത്തി കേന്ദ്രീകരിച്ചാണ് ഇത്തരം മയക്ക് മരുന്നിന്റെ കൈമാറ്റം നടക്കുന്നതെന്നാണ് പോലീസന്വേഷണത്തിൽ ലഭിച്ച സൂചന.

കഴിഞ്ഞാഴ്ച കാസർകോട് പിടിയിലായവരിൽ നിന്നാണ് സുപ്രധാന വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചത്. എംഡിഎംഏ മൊത്ത വ്യാപാരം ബംഗളൂരു കേന്ദ്രീകരിച്ചാണ്. ബംഗളൂരുവിൽ നിന്ന് മംഗളൂരുവിലെത്തിക്കുന്ന മയക്കുമരുന്ന് ഏജന്റുമാർ രഹസ്യ സങ്കേതത്തിൽ കേരള സംഘത്തിന് കൈമാറുന്നു. ഇതിനാൽ സംസ്ഥാനത്ത് ഏറ്റവുമധികം എംഡിഎംഏയുമായി യുവാക്കൾ പിടിയിലാവുന്നത് കാസർകോട് ഭാഗത്ത് നിന്നുള്ളവരാണ്.

രണ്ടു പേർ 243 ഗ്രാം എംഡിഎംഏയുമായാണ് ഞായറാഴ്ച പിടിയിലായത്. രണ്ടാഴ്ചയ്ക്കകം 66 കേസ്സുകളിലായി 91 പേർ മയക്കുമരുന്ന് കഞ്ചാവ് കേസ്സുകളിലായി കാസർകോട്ട് പിടിയിലായിട്ടുണ്ട്. ജനുവരി 14 ന് കഞ്ചാവുമായി പിടിയിലായ കബീർ, ആഷിക് എന്നിവരെ ചോദ്യം ചെയ്തപ്പോഴാണ് മയക്കുമരുന്നിന്റെ ഉറവിടം സംബന്ധിച്ച സുപ്രധാന വിവരങ്ങൾ പോലീസിന് ലഭിച്ചത്.

എക്സറ്റ്സി എന്നറിയപ്പെടുന്ന മെത്തലീൻ ഡയോക്സി മെത്താംഫെറ്റമിൻ എന്ന മയക്കുമരുന്നാണ് എംഡിഎംഏ എന്നറിയപ്പെടുന്നത്. ഇതിന് ഗ്രാമിന് രണ്ടായിരം രൂപയാണ് മൊത്ത വിതരണക്കാർ കൈപ്പറ്റുന്നത്. കേരളത്തിലെത്തിക്കുന്ന ഏജന്റുമാർ ഗ്രാമിന് 7,000 രൂപയ്ക്കാണ് ഇത് മറിച്ചു വിൽക്കുന്നത്. മയക്കുമരുന്നിൽ ഏറ്റവും മുന്തിയ ഇനമായാണ് ആവശ്യക്കാർ ഇതിനെ കാണുന്നത്.

10 ഗ്രാം എംഡിഎംഏ കൈവശം വെച്ചാൽ പത്ത് വർഷം വരെ തടവ് ലഭിക്കുന്ന കുറ്റമാവുന്നതിനാൽ, അതിൽ കുറഞ്ഞ അളവിൽ സൂക്ഷിക്കാനുള്ള മിടുക്കും ചിലർക്കുണ്ടെന്നാണ് അന്വേഷകർ കരുതുന്നത്. എംഡിഎംഏയുടെ ഉറവിടവും ഏജന്റുമാരെയും സംബന്ധിച്ചും വ്യക്തമായ വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.  എന്നാൽ, കൂടുതൽ വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാവില്ലെന്ന് ഉയർന്ന പോലീസുദ്യോഗസ്ഥൻ പറഞ്ഞു.

LatestDaily

Read Previous

പോലീസിൽ പെറ്റിക്കേസുകൾ കുമിഞ്ഞു കൂടി

Read Next

ടി.രാഘവൻ മാസ്റ്റർ