ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
വർണ്ണങ്ങളുടെ ലോകത്തുനിന്നും ആളും ആരവങ്ങളുമില്ലാതെ ടി.രാഘവൻ മാസ്റ്റർ വിടവാങ്ങിയതോടെ കാസർകോടിന് നഷ്ടമായത് അതുല്യനായ കലാകാരനെയാണ്. മഹാ കവി പി.കുഞ്ഞിരാമൻ നായരുടെയും, വിദ്വാൻ പി.കേളുനായരുടെയും കാലടിപ്പാടുകൾ പതിഞ്ഞ കാഞ്ഞങ്ങാടിന്റെ മണ്ണിൽ നിന്ന് ചായങ്ങളില്ലാത്ത ലോകത്തേക്ക് പടിയിറങ്ങിയ ടി.രാഘവൻ മാസ്റ്റർ ജില്ലയിലെ തലപ്പൊക്കമുള്ള ചിത്രകാരന്മാരിൽ അഗ്രിമ സ്ഥാനത്തായിരുന്നു.
ദേശീയ അധ്യാപക അവാർഡ് ജേതാവും, കേരള ലളിത കലാ അക്കാദമി നിർവാഹക സമിതിയംഗവുമായിരുന്ന ടി.രാഘവൻ മാസ്റ്റർ സർക്കാറിന്റെ ഔദ്യോഗിക ബഹുമതിയോടെയുള്ള ശവസംസ്കാരത്തിന് അർഹനായിരുന്നുവെങ്കിലും ജനിച്ചത് കാസർകോട് ജില്ലയിലായതിനാലാകാം സർക്കാരും അദ്ദേഹത്തെ മറന്നുവെന്ന് വേണം കരുതാൻ. ഇന്ത്യൻ രാഷ്ട്രപതിയിൽ നിന്ന് അവാർഡ് വാങ്ങിയ അധ്യാപകൻ എന്നതിന് പുറമേ ലളിത കലാ അക്കാദമി നിർവാഹക സമിതിയംഗവും കൂടിയായിരുന്ന ടി.രാഘവൻ കാഞ്ഞങ്ങാട്ടെ ആർട്ട് ഗ്യാലറി സ്ഥാപിക്കുന്നതിൽ മുൻകൈയെടുത്ത് പ്രവർത്തിച്ചുവെന്നതും മറന്നുകൂടാത്തതാണ്.
തലശ്ശേരിയിലെ സി.വി.ബാലൻ മാസ്റ്ററുടെ ശിക്ഷണത്തിൽ ചിത്രകല അഭ്യസിച്ച രാഘവൻ മാസ്റ്റർ പിന്നീട് കാഞ്ഞങ്ങാട് തട്ടകമാക്കിയാണ് തന്റെ കലാ വൈഭവങ്ങൾ കാൻവാസിൽ പകർത്തിയത്. കറുപ്പും വെളുപ്പും സമ്മേളിക്കുന്ന ചിത്രങ്ങളിലൂടെ വ്യത്യസ്ത രചനാ ശൈലിയാവിഷ്കരിച്ച അദ്ദേഹം വരകളിൽ തന്റേതായ മാന്ത്രിക വിരൽ സ്പർശം നൽകി ചിത്രകലാസ്വാദകരെ രസാനുഭൂതിയുടെ കൈലാസങ്ങളിലെത്തിച്ച മാന്ത്രിക പ്രതിഭ കൂടിയായിരുന്നു.
സംസ്ഥാന തലത്തിൽ ചിത്രകാരന്മാരുടെ സംഘടനയ്ക്ക് ഊടും പാവും നെയ്തത് ടി.രാഘവൻ മാസ്റ്ററുടെ ശ്രമഫലമായിട്ടാണ്. വിപുലമായ ശിഷ്യ സമ്പത്തിനുടമയായ ഇദ്ദേഹം ജീവിത്തിന്റെ വേഷമഴിച്ച് അണിയറയിലേക്ക് പിൻവാങ്ങിയത് താൻ വരച്ച ചിത്രസമ്പത്തിന്റെ അമൂല്യ ശേഖരം ബാക്കിയാക്കിയാണ്. ഉത്തരകേരളത്തിന്റെ സാംസ്കാരിക ഭൂമികയിൽ ഗുരുവായൂർ കേശവനോളം തലപ്പൊക്കമുള്ള കലാകാരനാണ് ടി.രാഘവൻ മാസ്റ്റർ എന്നതിൽ യാതൊരു തർക്കവുമില്ല.
ബിന്ദുക്കൾ കൂട്ടിയോജിപ്പിച്ച് ജീവൻ തുടിക്കുന്ന ചിത്രങ്ങൾക്ക് രൂപം നൽകിയ വ്യക്തിയായിരുന്നു ടി.രാഘവൻ മാസ്റ്റർ. അദ്ദേഹത്തിന്റെ ഈ ചിത്ര രചനാശൈലി കേരളത്തിൽ അധികം ചിത്രകാരന്മാർ അവലംബിച്ചിട്ടില്ലാത്തതാണ്. നിറങ്ങൾ ചാലിച്ച വർണ്ണ ചിത്രങ്ങൾ മാത്രം കണ്ട് ശീലിച്ച ചിത്രകലാസ്വാദകന് മുന്നിൽ നിറങ്ങളുടെ വർണ്ണപ്പൊലിമയില്ലെങ്കിലും ചിത്ര രചന സാധ്യമാകുമെന്ന് കാണിച്ചു കൊടുത്ത മഹാഗുരുവാണ് ടി.രാഘവൻ.
കാസർകോട് ജില്ലയെ കേരളത്തിന്റെ ഭൂപടത്തിലില്ലാത്ത ഒരു പ്രദേശമായി തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ടെന്ന് വേണം കരുതാൻ. തെക്കൻ കേരളം തട്ടകമാക്കി പ്രവർത്തിച്ചിരുന്നുവെങ്കിൽ ഒരു പക്ഷെ ടി.രാഘവൻ മാസ്റ്റർക്കും സർക്കാറിന്റെ ഔദ്യോഗിക ബഹുമതിയോടെയുള്ള അന്ത്യയാത്ര ലഭിക്കുമായിരുന്നുവെന്നുവേണം കരുതാൻ. കാഞ്ഞങ്ങാടിന്റെ മണ്ണിൽ ആഴ്ന്നിറങ്ങിയ വേരുകൾ പറിച്ചുമാറ്റാൻ തയ്യാറാകാത്തതിനാൽ തന്നെ ജീവിതാന്ത്യം വരെ അദ്ദേഹം കാഞ്ഞങ്ങാട്ടുകാരനായി തന്നെ ജീവിച്ചു.
ഇന്ദ്രപ്രസ്ഥം വരെയെത്തിയ പ്രശസ്തിയും പിന്നിട്ട ജീവിതത്തിൽ അവശേഷിപ്പിച്ച കലാമികവുകളും കാഞ്ഞങ്ങാടിന്റെ കണക്കു പുസ്തകത്തിലവശേഷിപ്പിച്ചാണ് ടി.രാഘവൻ മാസ്റ്റർ മഹാനിദ്ര പൂകിയിരിക്കുന്നത്. കാഞ്ഞങ്ങാടിന്റെ മണ്ണിനെ അത്രയേറെ സ്നേഹിച്ച ചിത്രകാരന് കാഞ്ഞങ്ങാടിന്റെ മണ്ണിൽ ഒരു സ്മാരകമുയരേണ്ടത് അർഹിക്കുന്ന ബഹുമതിയാണ്.