ആർട്ടിസ്റ്റ് ടി. രാഘവന്‍ അന്തരിച്ചു

കാഞ്ഞങ്ങാട് : ദേശീയ അധ്യാപക അവാര്‍ഡ് ജേതാവും ചിത്രകാരനും, കാർട്ടൂണിസ്റ്റും,  ലേറ്റസ്റ്റിന്റെ പോക്കറ്റ് കാർട്ടൂണിസ്റ്റുമായ കാഞ്ഞങ്ങാട് സൗത്തിലെ ആർട്ടിസ്റ്റ് ടി. രാഘവന്‍ അന്തരിച്ചു. ഡിസ്ട്രിക്ട് ബോര്‍ഡ് മെമ്പറായിരുന്ന ചാത്തുവിന്റെയും പാര്‍വ്വതിയമ്മയുടെയും മകനാണ്. നീലേശ്വരം രാജാസ് ഹൈസ്‌ക്കൂളിലായിരുന്നു വിദ്യാഭ്യാസം. തലശ്ശേരി സി. വി ബാലന്‍ നായരുടെ കീഴില്‍ രണ്ടുവര്‍ഷത്തെ ചിത്രകലാ പഠനം. 1961 ല്‍ ചിത്രകലാ അധ്യാപകനായി ഹോസ്ദുര്‍ഗ് സര്‍ക്കാര്‍ യുപി. സ്‌കൂളില്‍ നിയമനം. 1995-ല്‍ വിരമിച്ചു.  1991-ലാണ് ദേശീയ അധ്യാപക പുരസ്‌ക്കാരം ലഭിച്ചത്. കേരളാ ലളിതാ കലാ അക്കാദമിയില്‍ നിര്‍വ്വാഹക സമിതി അംഗമായിരുന്നു.

17 വർഷത്തിലധികം ലേറ്റസ്റ്റിൽ കമ്മത്ത് എന്ന കാർട്ടൂൺ കോളം വഴി ആനുകാലിക സംഭവ വികാസങ്ങളെ ആക്ഷേപഹാസ്യത്തിന്റെ ചിരിമധുരം പുരട്ടി വായനക്കാരെ ആകർഷിച്ച  കാർട്ടൂണിസ്റ്റ് കൂടിയാണ് ടി. രാഘവൻ മാസ്റ്റർ. കാഞ്ഞങ്ങാട് ആർട്ട് ഗാലറി സ്ഥാപിക്കുന്നതിൽ മുൻകൈയെടുത്ത് പ്രവർത്തിച്ച ഇദ്ദേഹം  ജില്ലയിലെ  തലയെടുപ്പുള്ള ചിത്രകാരന്മാരിൽ അഗ്രഗണ്യനായിരുന്നു. സേവനത്തിൽ നിന്നും വിരമിച്ച ശഷം കലാ സാസ്കാരിക  രംഗത്ത് സജീവമായിരുന്ന ടി. രാഘവൻ മാസ്റ്റർ കാഞ്ഞങ്ങാട്ടെ കലാസാംസ്കാരിക  പരിപാടികളിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്നു.

കുറച്ച് കാലമായി വീട്ടിൽ വിശ്രമ ജീവിതത്തിലായിരുന്നു. 1991-ൽ കാസർകോട്ട്  നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ലോഗോ  രൂപകൽപ്പന ചെയ്തത്  ടി. രാഘവൻ മാസ്റ്ററാണ്. ഭാര്യ : പത്മിനി സി. മക്കള്‍: പത്മരാജ് (ചിത്രകലാ അധ്യാപകന്‍ രാജാസ് ഹോസ്കൂൾ), പ്രസീത (ഹയര്‍സെക്കണ്ടറി അധ്യാപിക). മരുമക്കൾ:  രഞ്ജിത്ത് (സിവിൽ  എഞ്ചിനീയർ കല്ല്യാശ്ശേരി), രഞ്ജിനി (പെരിങ്ങത്തൂർ ഹയർസെക്കന്ററി സ്കൂൾ അധ്യാപിക).

LatestDaily

Read Previous

പോലീസുദ്യോഗസ്ഥനും ബ്യൂട്ടീഷ്യയും പിടിയിൽ

Read Next

വരയുടെ വരദാനം വിടചൊല്ലി ആർട്ടിസ്റ്റ് ടി.രാഘവന് നാടിന്റെ ശ്രദ്ധാഞ്ജലി