ലഹരി മാഫിയയെ അടിച്ചമർത്താൻ പോലീസ്

കാഞ്ഞങ്ങാട് : കാസർകോട് ജില്ലയിൽ ശക്തമായ വേരോട്ടമുള്ള ലഹരി മാഫിയയെ നിയന്ത്രിക്കാൻ ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ ശക്തമായ നീക്കം. ലഹരി മാഫിയയെ അടിച്ചൊതുക്കാനുള്ള ജില്ലാ പോലീസ് മേധാവിയുടെ ശ്രമങ്ങളുടെ ഭാഗമായി ജില്ലയിലെ വിവിധ പോലീസ് സബ്ബ് ഡിവിഷനുകളിൽ ദിനംപ്രതി നിരവധി മയക്കുമരുന്ന് കേസുകളാണ് റജിസ്റ്റർ ചെയ്യപ്പെടുന്നത്.

കഞ്ചാവ്, എംഡിഎംഏ മുതലായ ലഹരിമരുന്നുകൾ സുലഭമായി ലഭിക്കുന്ന ജില്ലയിൽ കുറേക്കാലമായി മയക്കുമരുന്ന് മാഫിയകളെ അഴിച്ചുവിട്ട നിലയിലായിരുന്നു. ജില്ലാ പോലീസ് മേധാവിയായി വൈഭവ് സക്സേന ചുമതലയേറ്റത് മുതലാണ് മയക്കുമരുന്ന് മാഫിയകളുടെ നിയന്ത്രണത്തിന് മുൻഗണന നൽകി നടപടികൾ ശക്തമാക്കിയത്.

ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലുംദിനംപ്രതി ഒാരോ മയക്കുമരുന്ന് കേസെങ്കിലും ഇപ്പോൾ റജിസ്റ്റർ ചെയ്യപ്പെടുന്നുണ്ട്. ഇവയിൽ ഭൂരിഭാഗവും കഞ്ചാവ്, എംഡിഎംഏ എന്നിവ ഉപയോഗിക്കുന്നതിനിടെ പിടിക്കപ്പെടുന്നവരാണ്. ഇക്കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ അമ്പതോളം മയക്കുമരുന്ന് കേസുകളാണ് ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ റജിസ്റ്റർ ചെയ്യപ്പെട്ടത്. കാസർകോട് ജില്ലയിലേക്ക് മയക്കുമരുന്നെത്തുന്നത് പ്രധാനമായും കർണ്ണാടകത്തിൽ നിന്നാണ്.

മയക്കുമരുന്ന് ക ള്ളക്കടത്തിന്റെ ഭാഗമായി കാസർകോട് ജില്ലയിൽ ഒരു അധോലോകം തന്നെ രൂപപ്പെട്ടിട്ടുണ്ട്. അധോലോ ക സംഘങ്ങൾ തമ്മിലുള്ള പരസ്പര  ഏറ്റുമുട്ടലുകളും ജില്ലയിൽ പതിവാണ്. ജില്ലയിലെ മയക്കുമരുന്ന് കടത്തുകാരെക്കുറിച്ച് കൂടുതലായി അന്വേഷണമാരംഭിച്ചതായും ഇതിനായി പ്രത്യേക ആക്ഷൻ ഫോഴ്സ് രൂപീകരിച്ചതായും ജില്ലാ പോലീസ് മേധാവി കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചിരുന്നു.

മേൽപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും കഴിഞ്ഞ ദിവസം 243.38 ഗ്രാം എംഡിഎംഏയുമായി യുവാക്കൾ പിടിയിലായിരുന്നു. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ സൂചനയെത്തുടർന്ന് അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരം ബേക്കൽ ഡിവൈഎസ്പി, സി.കെ. സുനിൽകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കളനാട്, കീഴൂർ ചെറിയപള്ളിക്ക് സമീപത്തെ പി.എം. ഷാജഹാൻ 30, ചെമ്മനാട് കപ്പണടുക്കത്തെ ഏ.എം. ഉബൈദ് 45, എന്നിവരിൽ നിന്ന് എംഡിഎംഏ രാസലഹരി മരുന്ന് പിടികൂടിയത്.

ഗുണ്ടാ, മയക്കുമരുന്ന് മാഫിയകളെ നിയന്ത്രിക്കാൻ സംസ്ഥാന തലത്തിൽ നടക്കുന്ന സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായിട്ടാണ് മേൽപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിലും റെയ്ഡ് നടന്നത്. രണ്ടാഴ്ച മുമ്പ് ജില്ലയിൽ രണ്ട് പോലീസ് സ്റ്റേഷൻ പരിധികളിൽ നിന്നായി 16 കിലോ കഞ്ചാവ് പിടികൂടിയിരുന്നു.

മേൽപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് എംഡിഎംഏയുമായി പിടിയിലായ രണ്ട് യുവാക്കളെയും കോടതി റിമാന്റ് ചെയ്തു. കഞ്ചാവിനേക്കാൾ ജില്ലയിൽ എംഡിഎംഏ ലഹരി മരുന്നിന്റെ വിൽപ്പനയാണ് നിലവിൽ സജീവമായി നടക്കുന്നത്. വരുംദിവസങ്ങളിൽ മയക്കുമരുന്നിനെതിരെയുള്ള നടപടികൾ ശക്തമാക്കാനാണ് പോലീസ് തീരുമാനം.

LatestDaily

Read Previous

ജില്ലാശുപത്രി അത്യാഹിത വിഭാഗത്തിൽ ഏക ഡോക്ടർ

Read Next

പോലീസുദ്യോഗസ്ഥനും ബ്യൂട്ടീഷ്യയും പിടിയിൽ