നടി ആക്രമണ കേസിൽ സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസ് 4ലേക്ക് മാറ്റി

കാഞ്ഞങ്ങാട്: എറണാകുളത്ത് നടിയെ ആക്രമിച്ച കേസിൽ സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസ് കോടതി ഈ മാസം നാലാം തീയ്യതിയിലേക്ക് മാറ്റി. ബേക്കൽ മലാം കുന്നിലെ വിപിൻലാൽ സമർപ്പിച്ച ഹർജിയിലാണ് തീരുമാനം വ്യക്തമാക്കുന്നതിന് ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് രണ്ട് കോടതി കേസ് വെള്ളിയാഴ്ച്ചത്തേക്ക് മാറ്റിയത്.

ദിലീപിന് അനുകൂലമായി സാക്ഷിപറയണമെന്നാവശ്യപ്പെട്ട്    2020 ജനുവരി 24 ന് വിപിൻലാലിനെ ഭീഷണിപ്പെടുത്തിയ കേസ് തുടക്കത്തിൽ അന്വേഷിച്ചത് ബേക്കൽ പോലീസാണ്. അന്വേഷണം അവസാനഘട്ടത്തിലെത്തി പ്രമുഖരിലേക്ക് അന്വേഷണം നീണ്ടിരുന്നു. മുൻ മന്ത്രി ഗണേഷ് കുമാർ എം.എൽ.എയുടെ സ്റ്റാഫിനെ കേസിൽ അറസ്റ്റ് ചെയ്ത് റിമാന്റിലായതിന് പിന്നാലെ കേസന്വേഷണം ബേക്കൽ പോലീസിൽ നിന്ന് ഒഴിവാക്കി. ക്രൈബ്രാഞ്ചിന് കൈമാറുകയായിരുന്നു.

വിപിൻലാൽ ഒരു കേസിൽപ്പെട്ട് റിമാന്റിൽ കഴിയവെ നടി ആക്രമണ കേസിലെ പ്രതികൾക്ക് വേണ്ടി ദിലീപിന് നൽകാൻ ജയിലിൽ കത്തെഴുതി നൽകിയിരുന്നു. വിപിൻലാൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയ ഈ മൊഴിതിരുത്തണമെന്നാവശ്യപ്പെട്ടാണ് ഫോണിലൂടെയും നേരിട്ടെത്തിയും ചിലർ ഭീഷണിപ്പെടുത്തിയത്.  ഭീഷണിപ്പെടുത്താനുപയോഗിച്ച മൊബൈൽ സിംകാർഡ് മാസങ്ങൾ നീണ്ട അന്വേഷണങ്ങൾക്കൊടുവിൽ ബേക്കൽ പോലീസ് കണ്ടെത്തിയതാണ്. ഗണേഷ് കുമാറിന്റെ സ്റ്റാഫ് പിടിയിലാവുകയും തമിഴ്നാട് സ്വദേശിയായ മൊബൈൽ സിമ്മിന്റെ ഉടമസ്ഥനെ പോലീസ് കണ്ടെത്തുകയും ചെയ്തിരുന്നു.

പഴുതടച്ചുള്ള അന്വേഷണം പൂർത്തിയാക്കാനുള്ള ശ്രമത്തിനിടെ നാടകീയമായി കേസന്വേഷണത്തിൽ നിന്ന് ബേക്കൽ പോലീസിനെ ഒഴിവാക്കുകയായിരുന്നു.ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ച കേസന്വേഷണം നിശ്ചലമായതിനെ തുടർന്ന് വിപിൻലാൽ കോടതിയെ സമീപിക്കുകയായിരുന്നു. ക്രൈംബ്രാഞ്ച് കേസന്വേഷണം ഏറ്റെടുത്തതിന് ശേഷം സിംകാർഡുടമ കഴിഞ്ഞ മാസം ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് ഒന്ന് കോടതിയിൽ ഹാജരായി അന്വേഷണ ഉദ്യോഗസ്ഥർക്ക് എതിരെ മൊഴി നൽകി.

LatestDaily

Read Previous

കണ്ണൂരില്‍ ഹോട്ടലുടമയെ കുത്തിക്കൊന്നു; രണ്ടു പേര്‍ പിടിയിൽ

Read Next

ബിഗ്്മാൾ നാടിന് സമർപ്പിച്ചു