ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട് : നടി ആക്രമണക്കേസിൽ സാക്ഷിയായ യുവാവിനെ ഭീഷണിപ്പെടുത്തി സ്വാധീനിക്കാൻ ശ്രമിച്ച പരാതിയിൽ ബേക്കൽ പോലീസ് റജിസ്റ്റർ ചെയ്ത് കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് കൈമാറിയ കേസ് പൂഴ്ത്തിയെന്ന് പരാതിക്കാരൻ. ചങ്ങനാശ്ശേരി പഴയിൽ തൃക്കൊടിത്താനം ബാലകൃഷ്ണന്റെ മകനും, ബേക്കൽ മലാങ്കുന്നിൽ താമസക്കാരനുമായ വിപിൻലാലാണ് കേസിൽ തുടർ നടപടിക്ക് ഉത്തരവിടണമെന്നാവശ്യപ്പെട്ട് ഹോസ്ദുർഗ്ഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് രണ്ട് കോടതിയെ സമീപിച്ചത്.
നടി ആക്രമണ കേസ്സിൽ സാക്ഷിയായ വിപിൻലാലിനെ തേടി 2020 ജനുവരി 1-നാണ് കെ.ബി. ഗണേശ്കുമാർ എംഎൽഏയുടെ പി.ഏ., പ്രദീപ് കുമാറെത്തിയത്. വിപിൻലാലിനെത്തേടിയെത്തിയ പ്രദീപ് കുമാർ വിപിൻലാലിന്റെ അമ്മാവൻ ജോലി ചെയ്യുന്ന സ്ഥലത്തും, പിന്നീട് ബേക്കൽ മലാങ്കുന്നിലെ വീട്ടിലുമെത്തി സാക്ഷിയെ കൂറുമാറാൻ നിർബ്ബന്ധിക്കുകയും, വഴങ്ങിയില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു.
ഇതേത്തുടർന്നാണ് വിപിൻലാൽ നൽകിയ പരാതിയിൽ ബേക്കൽ പോലീസ് പ്രദീപ് കുമാറിനെതിരെ കേസെടുത്തത്. പ്രസ്തുത കേസ്സിൽ അറസ്റ്റിലായ പ്രദീപ് കുമാറിന് കോടതി കർശന നിബന്ധനകളോടെ ജാമ്യവും നൽകി. ദിലീപ് പ്രതിയായ കേസ്സിൽ സാക്ഷിയെ സ്വാധീനിക്കാൻ ക്വട്ടേഷൻ കൊടുത്ത സംഭവത്തിൽ ബേക്കൽ പോലീസ് റജിസ്റ്റർ ചെയ്ത കേസ്സ് പിന്നീട് ഡിജിപിയുടെ നിർദ്ദേശപ്രകാരമാണ് കോട്ടയം ക്രൈംബ്രാഞ്ചിന് കൈമാറിയത്. കേസ് കോട്ടയം ക്രൈംബ്രാഞ്ച് ഏറ്റെടുത്തതിന് ശേഷം യാതൊരു നടപടിയുമുണ്ടായില്ലെന്നാണ് പരാതിക്കാരനായ വിപിൻലാൽ ഹൊസ്ദുർഗ്ഗ് കോടതിയിൽ ബോധിപ്പിച്ചത്.
തന്നെ ഭീഷണിപ്പെടുത്തിയതിന് പിന്നിൽ നടി ആക്രമണക്കേസ് പ്രതിയായ ദിലീപാണെന്നാണ് വിപിൻലാൽ പറയുന്നത്. തന്റെ പരാതിയിൽ ബേക്കൽ പോലീസ് രജിസ്റ്റർ ചെയ്ത കേസ് ഏറ്റെടുത്ത ക്രൈംബ്രാഞ്ച് ദിലീപിനെ ചോദ്യം ചെയ്തില്ലെന്നും ഇദ്ദേഹം പറയുന്നു. പരാതിയിലെ തുടർ നടപടികൾ കരുതിക്കൂട്ടി വൈകിപ്പിക്കുകയാണെന്നും, യുവാവ് ആരോപിച്ചു.
തന്നെ ഭീഷണിപ്പെടുത്തിയ കേസ്സിൽ തുടരന്വേഷണം നടത്താൻ കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് നിർദ്ദേശം നൽകണമെന്നാണ് വിപിൻലാൽ ഹോസ്ദുർഗ്ഗ് കോടതിയിൽ നൽകിയ അന്യായത്തിൽ ആവശ്യപ്പെടുന്നത്. അന്വേഷണം കോടതിയുടെ മേൽനോട്ടത്തിലാകണമെന്നും, ഇദ്ദേഹം ഹരജിയിൽ ആവശ്യപ്പെട്ടു. ചങ്ങനാശ്ശേരി സ്വദേശിയായ വിപൻലാൽ ഇപ്പോൾ ബേക്കൽ മലാങ്കുന്നിലെ മാതുലന്റെ വീട്ടിലാണ് താമസം.