ദേശീയപതാക തലതിരിച്ചതിൽ പോലീസ് സംഘടന മിണ്ടുന്നില്ല

കാഞ്ഞങ്ങാട്:  റിപ്പബ്ലിക് ദിന പരേഡിൽ കാസർകോട് നഗരസഭാ സ്റ്റേഡിയത്തിൽ ഇന്ത്യൻ ദേശീയ പതാക തലതിരിച്ച് ഉയർത്തി മന്ത്രിയടക്കം, പോലീസ് സേനയും ഉദ്യോഗസ്ഥ മേധാവികളും, ദേശീയ പതാകയെ സല്യൂട്ട് ചെയ്ത് അവഹേളിച്ച സംഭവത്തിൽ പോലീസ് സംഘടന ഒന്നും മിണ്ടുന്നില്ല. സംഭവത്തിൽ ജില്ലാ കലക്ടർക്ക് പകരം ഏഡിഎം, ജില്ലാ പോലീസ് മേധാവി, വൈഭവ് സക്സേന, തഹസിൽദാർ, ജില്ലാ ആസ്ഥാനത്ത് വിവിധ ചുമതലകളുള്ള ഡിവൈഎസ്പിമാർ, ജില്ലയിലെ പോലീസ് ഇൻസ്പെക്ടർമാർ, അഡീഷണൽ ജില്ലാ പോലീസ് മേധാവി, ഹരിഷ്ചന്ദ്ര നായക് തുടങ്ങി നിരവധി ഉദ്യോഗസ്ഥരും, സംസ്ഥാന പുരാവസ്തു–തുറമുഖ വകുപ്പ്  മന്ത്രി അഹമ്മദ് ദേവർകോവിലും ജില്ലയിലെ അഞ്ച് എംഎൽഏമാരും പങ്കെടുത്തിരുന്നു.

ദേശീയപതാക തലകീഴായി ഉയർത്തിയതും  സല്യൂട്ട് ചെയ്തതും ഒരു കുറ്റകൃത്യം തന്നെയാണ്. ഈ സംഭവത്തിൽ റിപ്പബ്ലിക് ദിന പരേഡ് സംഘടിപ്പിച്ചവർക്കാർക്കും ഒഴിഞ്ഞു മാറാനാവില്ല. പതാകയുടെ പച്ച നിറം മുകളിൽ വന്ന സംഭവം താൻ ശ്രദ്ധിച്ചിരുന്നില്ലെന്ന്  സംഭവത്തിന്  പിന്നീട്  അബദ്ധം മനസ്സിലാക്കിയ മന്ത്രി ദേവർകോവിൽ സ്വകാര്യ സംഭാഷണത്തിൽ  പറഞ്ഞതായി പുറത്തു വന്നിട്ടുണ്ട്. സംഭവത്തിൽ നിർബ്ബന്ധമായും കേസ്സ് റജിസ്റ്റർ ചെയ്ത്  അന്വേഷണം നടത്തേണ്ട ബാദ്ധ്യത ഏഡിഎമ്മിനും,  ജില്ലാ  പോലീസ് മേധാവിക്കുമുണ്ട്.

ദേശീയ പതാകയെ അവഹേളിച്ച സംഭവത്തിൽ  പോലീസിൽ പരാതി നൽകേണ്ട ആൾ ഏഡിഎം ആണ്. കാരണം റിപ്പബ്ലിക് ദിന പരേഡ് നടത്താനുള്ള പൂർണ്ണ ചുമതല ഏഡിഎമ്മിനുള്ളതാണ്. പരാതി നൽകാതെ അദ്ദേഹം ഒഴിഞ്ഞുമാറി, പതാകയുടെ കയർ കെട്ടിയ രണ്ട് പോലീസുദ്യോഗസ്ഥരെ ബലിയാടാക്കുകയാണ് ഇപ്പോഴുണ്ടായിട്ടുള്ള  ഗൂഢാലോചന. ഇത് പാടില്ലാത്തതും,  ഒരു ഉദ്യോഗസ്ഥനിൽ സർക്കാർ ഏൽപ്പിച്ചിട്ടുള്ള  ചുമതലയും കടമയും കർത്തവ്യവും പരസ്യമായി പൊതുജന മദ്ധ്യെ ചവിട്ടിമെതിക്കലാണ്.

സംഗതികൾ ഇത്രയേറെയായിട്ടും,  ദേശീയപതാകയോടുള്ള അവഹേളനം രാജ്യമൊട്ടുക്കും, പുറംനാടുകളിലും പരക്കെ ജനങ്ങളിൽ ചർച്ചയായിട്ടും കാസർകോട്ടെ പോലീസ് സംഘടനകൾ രണ്ടും, ഒരക്ഷരം ഉരിയാടുന്നില്ല. സംഭവത്തിൽ ഏഡിഎം കുറ്റം ചാർത്തിയ ഒരു പോലീസ്  ഉദ്യോഗസ്ഥൻ ഗ്രേഡ് എസ്ഐ, നാരായണൻ പിലിക്കോട് കണ്ണങ്കൈ സ്വദേശിയാണ്. കേരള പോലീസ് ഒാഫീസർമാരുടെ സംഘടനയിൽ അംഗമാണ് ഇദ്ദേഹം. തൊട്ടടുത്ത്  കുറ്റം ചുമത്തിയിട്ടുള്ള സിവിൽ   പോലീസ്  ഒാഫീസർ ബിജുമോൻ കേരള പോലീസ്  അസോസിയേഷൻ അംഗമാണ്.

കുറ്റം വൃഥാ ചുമലിൽ ഏറ്റെടുക്കേണ്ടി വന്ന ഇരു പോലീസുദ്യോഗസ്ഥരും പ്രതിനിധാനം ചെയ്യുന്ന അവരുടെ സംഘടനകൾ രണ്ടും തികഞ്ഞ മൗനത്തിലാണ്. ബിജെപി, അങ്ങ് ദൽഹിയിലേക്കും, തിരുവനന്തപുരത്തേക്കുമയച്ച ദേശീയ പതാക തലതിരിക്കൽ  പരാതി ഇരു സർക്കാറും ഗൗരവമായെടുത്താൽ സംഭവം ഗുരുതരമായിത്തീരുക തന്നെ ചെയ്യും. കാസർകോട്ട് പതാക വിഷയത്തിൽ ഇപ്പോൾ നടന്നിട്ടുള്ളത് ഇംഗ്ലീഷിൽ  ഒരുതരം  അഡ്ജസ്റ്റ്മെന്റാണ്.

LatestDaily

Read Previous

കഞ്ചാവ് സിഗരറ്റ് സുലഭം പോലീസ് പരിശോധനയിൽ നിരവധി പേർ കുടുങ്ങി

Read Next

കള്ളാറിൽ കാണാതായ യുവതിയെ അഗതി മന്ദിരത്തിലേക്ക് മാറ്റി