മടിക്കൈയിൽ കോൺഗ്രസ് നേതാവിന്റെ കുടുംബ സ്വത്ത് തട്ടിയെടുത്തു

കാഞ്ഞങ്ങാട്  : കോൺഗ്രസ് നേതാവും, എരിക്കുളം കളിമൺ വ്യവസായ യൂണിറ്റിന്റെ പ്രസിഡണ്ടുമായിരുന്ന അന്തരിച്ച മേലത്ത് കൃഷ്ണൻ നായരുടെ കുടുംബ സ്വത്ത് തട്ടിയെടുത്തവർക്കെതിരെ കൃഷ്ണൻനായരുടെ മക്കൾ കോടതിയിൽ സമർപ്പിച്ച അന്യായത്തിൽ എതിർകക്ഷികൾ ഭൂമിയിൽ പ്രവേശിക്കുന്നത് വിലക്കി കോടതിയുടെ ഇഞ്ചങ്ങ്ഷൻ ഉത്തരവ്.

കൃഷ്ണൻ നായരുടെ മക്കളായ ഏ.വി. സുധാകരൻ 56, ഏ.വി. ഹരിദാസ് 54, ഏ. രത്നരാജൻ 51, ഏ. സുരേഷ്ബാബു 49, എന്നിവർ മടിക്കൈയിലെ ഇത്തിക്കുണ്ടിൽ ചന്ദ്രൻ 57, വടക്കുപുറം നാരായണൻ 61, എന്നിവർക്കെതിരെ ഹോസ്ദുർഗ്ഗ് മുൻസിഫ് കോടതിയിൽ സമർപ്പിച്ച സ്വകാര്യ അന്യായത്തിലാണ് കോടതി ഇഞ്ചങ്ങ്ഷൻ പുറപ്പെടുവിച്ചത്. മേലത്ത് കൃഷ്ണൻ നായരുടെ മാതാവ് മേലത്ത് മാണിയമ്മയുടെ ഉടമസ്ഥയിൽ മടിക്കൈ വില്ലേജിലുള്ള സ്ഥലമാണ് ഇത്തിക്കുണ്ടിൽ ചന്ദ്രൻ, വടക്കുപുറം നാരായണൻ എന്നിവർ ചേർന്ന് കയ്യേറിയത്.

മാണിയമ്മയുടെ പേരിൽ പട്ടയം ലഭിച്ച സ്ഥലം ഇരുവരും ചേർന്ന് സബ്ബ് റജിസ്ട്രാറെ  സ്വാധീനിച്ച് വ്യാജരേഖ ചമച്ച് തട്ടിയെടുക്കുകയായിരുന്നു. ചന്ദ്രന്റെ പേരിൽ നീലേശ്വരം സബ്ബ് റജിസ്ട്രാർ ഒാഫീസിൽ റജിസ്റ്റർ ചെയ്ത വ്യാജ ആധാരം റദ്ദ് ചെയ്യണമെന്നാണ് മേലത്ത് കൃഷ്ണൻ നായരുടെ മക്കൾ കോടതിയിൽ ആവശ്യപ്പെട്ടത്. കൃഷ്ണൻ നായരുടെ  കുടുംബം നേരത്തെ മടിക്കൈയിലായിരുന്നു താമസിച്ചിരുന്നത്. സിപി.എം. പാർട്ടി ഗ്രാമത്തിൽ താമസിച്ചിരുന്ന കോൺഗ്രസ് കുടുംബം ഭീഷണികൾ നേരിട്ടാണ് മടിക്കൈയിൽ  ജീവിച്ചിരുന്നത്. 1988-ൽ കൃഷ്ണൻ നായരുടെ മൂത്തമകൻ സുധാകരനെതിരെ എരിക്കുളം എമ്പക്കാലിൽ ആക്രമണമുണ്ടായിരുന്നു.

സുധാകരനെ വധിക്കാൻ ശ്രമിച്ച കേസ്സിൽ നാലാംപ്രതിയായ ഇത്തിക്കുണ്ടിൽ ചന്ദ്രനാണ് കൃഷ്ണൻ നായരുടെ മാതാവിന്റെ പേരിൽ മടിക്കൈ ആലമ്പാടി സ്കൂളിന് സമീപത്തുള്ള 50 സെന്റ് സ്ഥലം കയ്യേറി സ്വന്തമാക്കിയത്. മേലത്ത് കൃഷ്ണൻ നായരുടെ മകൻ സുധാകരനെതിരെ വധശ്രമമുണ്ടായതോടെ കുടുംബം മടിക്കൈയിൽ നിന്നും താമസം മാറ്റി. കൃഷ്ണൻ നായരുടെ മാതാവ് മാണിയമ്മയുടെ പേരിൽ 59/34 ഏ നമ്പറിലുള്ള പട്ടയ ഭൂമിയാണ് ഇ.കെ. ചന്ദ്രൻ തട്ടിയെടുത്തത്. അടുത്ത കാലത്താണ് കൃഷ്ണൻ നായരുടെ മക്കൾ മാണിയമ്മയുടെ പേരിലുള്ള 50 സെന്റ് സ്ഥലം ചന്ദ്രൻ വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്തതായി തിരിച്ചറിഞ്ഞത്. വ്യാജ സാക്ഷികളെ ഹാജരാക്കിയാണ് ഇ.കെ. ചന്ദ്രൻ സ്വത്ത് തട്ടിയെടുത്തതെന്നാണ് പരാതിക്കാർ കോടതിയെ ബോധിപ്പിച്ചത്. പരാതി തെളിയിക്കുന്ന രേഖകളും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.

LatestDaily

Read Previous

കടവുകളിൽ കാസർകോട് പോലീസിന്റെ വൻ മണൽ വേട്ട

Read Next

നായിക്കയത്ത് അസ്ഥികൂടം കണ്ടെത്തി