സിപിഐ മുഖപത്രം ജനയുഗം ഡിവൈഎഫ്ഐക്കെതിരെ

കാഞ്ഞങ്ങാട്: രാഷ്ട്രീയ പ്രവർത്തനങ്ങളെ ഗുണ്ടാ ക്രിമിനൽ അക്രമമായി തരംതാഴ്ത്തുന്നതായി ആരോപിച്ച് ഡിവൈഎഫ്ഐക്കെതിരെ സിപിഐ മുഖപത്രമായ ജനയുഗം മുഖപ്രസംഗം. പത്തനംതിട്ട കൊടുമൺ അങ്ങാടിക്കൽ സർവ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ സിപിഐക്കാരെ ആക്രമിച്ച സംഭവത്തിലാണ് ഡിവൈഎഫ്ഐക്കെതിരെ കടുത്ത വിമർശനവുമായി ജനയുഗം രംഗത്തെത്തിയത്.

സംഘർഷം അക്രമത്തിലേക്ക് തിരിയുന്നതും അക്രമ സംഭവങ്ങൾ വീഡിയോവിൽ പകർത്തി  അക്രമകാരികൾ തന്നെ പ്രചരിപ്പിച്ചതും രാഷ്ട്രീയ പ്രവർത്തന തലത്തിലെ ഗുണ്ടാ ക്രിമിനൽ പ്രവർത്തനമാണെന്ന് ജനയുഗം ആരോപിച്ചു. ഗുണ്ടാ സംഘങ്ങളുടെ ഹീനമായ അക്രമങ്ങളെ വീഡിയോയിൽ പകർത്തി പ്രചരിപ്പിക്കുന്നത് ഗുണ്ടാ സംസ്കാരത്തിന്റെ ഭാഗമായിട്ടുണ്ട്. ജനങ്ങൾക്കിടയിൽ ഭീതി പരത്തി ഗുണ്ടാരാജ് ഉറപ്പിക്കാനുള്ള കുതന്ത്രമാണിതെന്നും ജനയുഗം ആരോപിക്കുന്നു.

കൊടുമണ്ണിൽ അടക്കം പലയിടത്തും സിപിഐയിൽ ചേർന്ന് പ്രവർത്തിക്കാൻ വിവിധ രാഷ്ട്രീയ കക്ഷികളിൽപ്പെട്ടവർ മുന്നോട്ട് വരുന്നത് അതാത് പ്രദേശത്തെ രാഷ്ട്രീയ ബലാബലത്തെ സ്വാധീനിച്ചിട്ടുണ്ട്. അക്രമ സംഭവങ്ങളിലുൾപ്പെട്ടവർ അറിയപ്പെടുന്ന രാഷ്ട്രീയ കക്ഷികളായിരുന്നില്ലെന്നും ജനയുഗം ചൂണ്ടിക്കാട്ടുന്നു. ജനാധിപത്യത്തിന്റെ പേരിൽ പ്രവർത്തിക്കുന്ന സംഘടനയുടെ പേരിൽ രംഗത്ത് വരുന്ന  ഗുണ്ടാസംഘങ്ങൾ സിപിഐ നേതാക്കൾക്കും അവരുടെ വീടുകൾക്കും നേരെയാണ് അക്രമം നടത്തിയതെന്ന് ജനയുഗം ചൂണ്ടിക്കാട്ടി. 

തങ്ങളുടെ പേരിൽ നടത്തിയ അക്രമങ്ങളെ അപലപിക്കാൻ ബന്ധപ്പെട്ട സംഘടന മുതിരാത്തിടത്തോളം അവർ ഗുണ്ടാസംഘങ്ങൾക്ക് പാളയം ഒരുക്കുകയാണെന്ന് കരുതേണ്ടിയിരിക്കുന്നുെവന്ന് ജനയുഗം ആക്ഷേപിക്കുന്നു. ഇടതുമുന്നണിയിലെ അവിഭാജ്യ ഘടകമായ സംഘടനയുടെ പേരിൽ അരങ്ങേറിയ അക്രമം ഇടതുമുന്നണിയേയും  സർക്കാരിനെയുമാണ് പ്രതിരോധത്തിലും പ്രതിക്കൂട്ടിലുമാക്കുന്നത്.

ഇടതുമുന്നണിയിലെ ഘടക കക്ഷികൾ അവരുടെ ബഹുജന മുന്നണികളും ഗുണ്ടകളുടെയും സാമൂഹിക വിരുദ്ധരുടെയും താവളമാകരുത്. ജനങ്ങളിൽ  ഇടതുമുന്നണിയെ ഒറ്റപ്പെടുത്താൻ മാത്രമെ ഇത് സഹായകരമാവൂ എന്നും ജനയുഗം വ്യക്തമാക്കുന്നു. അക്രമവും സർവ്വാധിപത്യ പ്രവണതയും കൊണ്ട് എല്ലാകാലത്തും എല്ലാവരെയും നിയന്ത്രിച്ച് നിർത്താനാവുമെന്നത് വ്യാമോഹം മാത്രമാണെന്നും ജനയുഗം ഡിവൈഎഫ്ഐയെ ഓർമ്മിപ്പിക്കുന്നു.

LatestDaily

Read Previous

ദേശീയ പതാക തലതിരിച്ച് കെട്ടിയതിൽ പോലീസുദ്യോഗസ്ഥരെ ബലിയാടാക്കുന്നു

Read Next

അഹമ്മദ് ദേവർകോവിലിനെതിരെ യുവമോർച്ച കരിങ്കൊടി