അഹമ്മദ് ദേവർകോവിലിനെതിരെ യുവമോർച്ച കരിങ്കൊടി

കാസർകോട് : ജില്ലാ ആസ്ഥാനത്തെ പരിപാടിയിൽ ദേശീയപതാകയോട് അനാദരവ് കാട്ടിയ മന്ത്രി അഹമ്മദ് ദേവർ കോവിലിനെതിരെ കാസർകോട് ഗവ: ഗസ്റ്റ് ഹൗസ് പരിസരത്ത് കരിങ്കൊടി കാട്ടി യുവമോർച്ച പ്രതിഷേധം. യുവമോർച്ച ജില്ലാ പ്രസിഡൻ്റ് ധനഞ്ജയൻ മധൂർ, സംസ്ഥാന വനിതാ കൺവീനർ അഞ്ജു ജോസ്‌റ്റി, ജില്ലാ ജനറൽ സെക്രട്ടറി കീർത്തൻ ജെ. കൂഡ്ലു, കാസർകോട് മണ്ഡലം പ്രസിഡന്റ് അജിത്ത് കുമാരൻ എന്നിവരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു.

വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ അസാന്നിധ്യത്തിൽ യുവമോർച്ച സംസ്ഥാന വനിതാ നേതാവിനെ കൈയ്യേറ്റം ചെയ്യാൻ പോലീസും ഐഎൻഎൽ പ്രവർത്തകനും ശ്രമിച്ചത് യുവമോർച്ച പ്രവർത്തകർ ചോദ്യം ചെയ്തു. കാസർകോട് ജില്ലാ ആസ്ഥാനത്ത് നടന്ന റിപ്പബ്ലിക്ക് ദിന ചടങ്ങിൽ ദേശീയപതാക തലകീഴായി ഉയർത്തുകയും സല്യൂട്ട് നൽകുകയും ചെയ്ത സംഭവത്തിൽ സംസ്ഥാന മന്ത്രി അഹമ്മദ് ദേവർകോവിൽ രാജി വെക്കുകയും രാജ്യത്തോട് മാപ്പ് പറയുകയും വേണമെന്ന് യുവമോർച്ച ആവശ്യപ്പെട്ടു.

എഡിഎമ്മിന്റെയും ജില്ലാ പോലീസ് മേധാവിയുടെയും സാന്നിധ്യത്തിലാണ് ദേശീയ പതാക തലകീഴായി ഉയർത്തുകയും സല്യൂട്ട് നൽകുകയും ചെയ്തത്. പതാക ഉയർത്തി ഏറെ നേരത്തിന് ശേഷവും തെറ്റ് തിരിച്ചറിയാൻ മന്ത്രിക്കും ഉദ്യോഗസ്ഥർക്കും സാധിച്ചില്ലെന്നത് ഗൗരവകരമായ സംഗതിയാണ്. ഉദ്യോഗസ്ഥർക്കുമെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച കാസർകോട് ജില്ലാ കമ്മിറ്റി കേന്ദ്ര ആഭ്യന്തര മന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നൽകി. ദേശീയപതാക തലകീഴായി ഉയർത്തിയത് മാനുഷിക പിഴവായി കണക്കാമെങ്കിലും സല്യൂട്ട് അടക്കമുള്ള ബഹുമതി നൽകിയ നടപടി ക്ഷമിക്കാവുന്നതല്ലെന്ന് യുവമോർച്ച ജില്ലാ പ്രസിഡന്റ് ധനഞ്ജയൻ മധൂർ പറഞ്ഞു.

LatestDaily

Read Previous

സിപിഐ മുഖപത്രം ജനയുഗം ഡിവൈഎഫ്ഐക്കെതിരെ

Read Next

തെരഞ്ഞത് കഞ്ചാവ്, കിട്ടിയത് കമിതാക്കൾ