ദേശീയ പതാക തലതിരിച്ച് കെട്ടിയതിൽ പോലീസുദ്യോഗസ്ഥരെ ബലിയാടാക്കുന്നു

കാഞ്ഞങ്ങാട്:  റിപ്പബ്ലിക് ദിനത്തിൽ  കാസർകോട്  നഗരസഭാ സ്റ്റേഡിയത്തിൽ മന്ത്രി അഹമ്മദ് ദേവർ  കോവിൽ തല കീഴായി അന്തരീക്ഷത്തിലുയർത്തിയ ശേഷം  സല്യൂട്ട് ചെയ്ത്  ഇന്ത്യൻ ദേശീയ പതാകയെ  അപമാനിച്ച സംഭവത്തിൽ കാസർകോട്ടെ രണ്ട് പോലീസുദ്യോഗസ്ഥരെ ബലിയാടാക്കാൻ നീക്കം. കാസർകോട് ഏആർ ക്യാമ്പിലെ ഗ്രേഡ് എസ്ഐ, നാരായണൻ, സീനിയർ സിവിൽ പോലീസ് ഒാഫീസർ  ബിജുമോൻ എന്നിവർക്കെതിരെ വകുപ്പുതല നടപടി എടുക്കുമെന്ന് പ്രഖ്യാപിച്ച്  ജില്ലാ കലക്ടറുടെ ചുമതലയിലുള്ള  ഏഡിഎം, സംഭവത്തെ ലഘൂകരിക്കുകയാണ്.

കോവിഡ് പ്രോട്ടോക്കോൾ ഉത്തരവിടുകയും, സിപിഎം ജില്ലാ സമ്മേളനത്തിന്റെ പശ്ചാത്തലത്തിൽ ഈ ഉത്തരവ്  പിന്നീട്  അതി നാടകീയമായി ജില്ലാ കലക്ടർ തന്നെ പിൻവലിക്കുകയും   ചെയ്ത വിവാദത്തിൽ കുരുങ്ങി ജില്ലാ കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ  ചന്ദ്  ജനുവരി 30  വരെ അവധിയിൽപ്പോയ നാണക്കേടിന്  പുറമെയാണ്, ഇന്നലെ കേരള ചരിത്രത്തിലാദ്യമായി അതും രാജ്യത്തിന്റെ  റിപ്പബ്ലിക് ദിനത്തിൽ  ഒരു സംസ്ഥാനമന്ത്രി ദേശീയ പതാക തല കീഴായി വാനിലുയർത്തി സല്യൂട്ട് ചെയ്യുകയും, പിന്നീട് മാധ്യമ പ്രവർത്തകർ അബദ്ധം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ മന്ത്രിയും പോലീസുദ്യോഗസ്ഥരുമടക്കം സല്യൂട്ട്  അർപ്പിച്ച ദേശീയ പതാക വീണ്ടും താഴെയിറക്കി ഒാറഞ്ച് നിറം മുകളിലാക്കി യഥാർത്ഥ  രീതിയിൽ ഉയർത്തി രണ്ടാമതും സല്യൂട്ട്  അർപ്പിച്ച നാണക്കേടുണ്ടായത്.

ഇന്ത്യാ രാജ്യത്തിന്റെ 73–ാം റിപ്പബ്ലിക് ദിനത്തിന്റെ കരുത്ത്  അങ്ങ് ദൽഹിയിൽ രാജ്യം  ഒട്ടും  ഗൗരവം വിടാതെ ആഘോഷിക്കുമ്പോൾ തന്നെയാണ് ഇങ്ങ് കാസർകോട്ട്  ഇന്ത്യൻ ദേശീയ പതാക തലതിരിച്ചു കെട്ടിയ വിവരക്കേടുണ്ടായത്. ഈ സംഭവത്തെ  ലഘൂകരിക്കാനും ദേശീയ പതാക ചരടിൽ കെട്ടിയ രണ്ട് പോലീസുദ്യോഗസ്ഥരിൽ കുറ്റം ചുമത്തി രക്ഷപ്പെടാനുമുള്ള ഗൂഢ നീക്കമാണ് ഇപ്പോൾ അണിയറയിൽ അരങ്ങേറി  വരുന്നത്. റിപ്പബ്ലിക് ദിനത്തിൽ ജില്ലാ ആസ്ഥാനത്ത് മന്ത്രി ഉയർത്തേണ്ട പതാകയുടെയും, ചടങ്ങിന്റെയും പൂർണ്ണ ഉത്തരവാദി അതാത് ജില്ലാ കലക്ടർമാർക്കാണ്.

കാസർകോട് ജില്ലാ കലക്ടർ അവധിയിൽപ്പോയ സാഹചര്യത്തിൽ, തൊട്ടു താഴെ ചുമതലയിലുള്ള ഉദ്യോഗസ്ഥൻ ഏഡിഎം ആണ്. വാനിൽ ഉയർത്തേണ്ട ദേശീയ പതാക ആരെങ്കിലും ചരടിൽ കെട്ടി വച്ചോട്ടെ, എങ്കിലും  കെട്ടിയത്  നേരായ രീതിയിലാണോയെന്ന് പരിശോധിക്കേണ്ട പൂർണ്ണ ചുമതല ഏഡിഎമ്മിനും, ജില്ലാ ഇന്റലിജൻസ് വിഭാഗം ഡിവൈഎസ്പിക്കുമാണ്.

ദേശീയപതാകയെ അവഹേളിച്ച സംസ്ഥാന മന്ത്രിക്കും ഈ തലതിരിഞ്ഞ പണിയിൽ ഉത്തരവാദിത്തമുണ്ട്. ഒാറഞ്ച് നിറം മുകളിലും, 24 അരക്കാലുള്ള അശോകചക്രം വെള്ള നിറത്തിൽ മധ്യത്തിലും, താഴെ ഹരിത നിറത്തിലും ഇന്ത്യൻ ദേശീയപതാക തിരുവനന്തപുരത്തെ രാജ്ഭവനിലും, നിയമസഭാ മന്ദിരത്തിന് മുകളിലും, അങ്ങ് ചെങ്കോട്ടയിലും പാറിക്കളിക്കുന്നത് നമ്മുടെ സംസ്ഥാനമന്ത്രി ഇന്നുവരെ കണ്ടിട്ടില്ലെന്നാണോ—? കൊച്ചുകുട്ടികൾ പോലും ചായപെൻസിൽ ഉപയോഗിച്ച് കടലാസിൽ വരയ്ക്കുന്ന ദേശീയപതാകയിൽ പോലും ഒാറഞ്ച് നിറം താഴെ വരാറില്ലല്ലോ—?

കാസർകോടിന്റെ വിവരമില്ലായ്മയും,  ഉത്തരവാദിത്തമില്ലായ്മയും ഇന്നലെ ലോകം മുഴുവൻ കണ്ടുനടുങ്ങി. ദേശീയപതാകയെ അവഹേളിച്ചതിന് റിപ്പോർട്ട് തേടുകയല്ല ഏഡിഎം ചെയ്യേണ്ടത്. നിർബ്ബന്ധമായും ഈ അപമാനത്തിൽ ഒരു എഫ്ഐആർ രജിസ്റ്റർ ചെയ്യുകയാണ് വേണ്ടത്. വിദേശ രാജ്യങ്ങളിൽ ദേശീയപതാകയെ അപമാനിച്ചാൽ ജീവപര്യന്തം തടവാണ്  ശിക്ഷ. ഇന്ത്യൻ പീനൽ  കോഡിൽ  കേസ്സ് രജിസ്റ്റർ ചെയ്യുകയും, കുറ്റം തെളിയുകയും ചെയ്താൽ കുറഞ്ഞ ശിക്ഷ 3 വർഷം വരെ തടവാണ്. ഇക്കാര്യം കാസർകോട്ടെ ഏഡിഎമ്മിന് അറിയില്ലേ—? ഒരു സാധാരണക്കാരൻ അറിഞ്ഞോ, അറിയാതെയോ, മദ്യ ലഹരിയിലോ, ദേശീയപതാക കീറി തലയിൽ കെട്ടിയാൽ അയാളോട് റിപ്പോർട്ട് തേടുമോ, അതോകേസ്സ് രജിസ്റ്റർ ചെയ്യുമോ—?

ഇന്ത്യയുടെ അഖണ്ഡത കാക്കുമെന്ന് ഗവർണ്ണറെയും, ജനങ്ങളെയും സാക്ഷി നിർത്തി സത്യപ്രതിജ്ഞ ചെയ്ത മന്ത്രി തന്നെ ഈ കാടത്തം വഴി സത്യപ്രതിജ്ഞാ  ലംഘനമാണ് നടത്തിയിട്ടുള്ളത്. പതാകയ്ക്ക് കയറുകെട്ടിയ പോലീസുദ്യോഗസ്ഥരുടെ തലയിൽ മാത്രം കെട്ടിവെയ്ക്കാനുള്ള കുറ്റമല്ല കാസർകോട്ട് നടന്നത്. അതിന് പരാതി വേണ്ട, ഏഡിഎമ്മും വേണ്ട.

പോലീസിന് സ്വമേധയാ എഫ്ഐആർ രജിസ്റ്റർ ചെയ്യാനുള്ള അധികാരമാണ് കാക്കി ധരിച്ച ചുമലിൽ നൽകിയ മൂന്ന് നക്ഷത്രങ്ങളുടെ അകം പൊരുൾ. ധീരനും, ചെറുപ്പക്കാരനുമായ ഒരു ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന കാസർകോട്ടുണ്ടല്ലോ—? ദേശീയ പതാകയോടുള്ള അവഹേളനത്തിന്റെ ഗൗരവം സക്സേനയെങ്കിലും  തിരിച്ചറിഞ്ഞ് കേസ്സ് രജിസ്റ്റർ ചെയ്യാൻ മുന്നോട്ട് വരണം. ഇല്ലെങ്കിൽ നാളെ ഈ നാണക്കേട് മുഴുവൻ വൈഭവ് സക്സേനയുടെ തലയിൽ വീഴും.

LatestDaily

Read Previous

കോട്ടച്ചേരി മേല്‍പ്പാലം ഉടന്‍ തുറന്ന് കൊടുക്കണം: പാസഞ്ചേഴ്‌സ് അസോസിയേഷന്‍

Read Next

സിപിഐ മുഖപത്രം ജനയുഗം ഡിവൈഎഫ്ഐക്കെതിരെ