തെക്കേക്കാട് മടപ്പുരയിൽ ഹൈക്കോടതി അനുമതിയോടെ മുത്തപ്പൻ തെയ്യം

പടന്ന:  ഒരു വർഷക്കാലത്തോളമായി പൂട്ടിയിട്ട പടന്ന തെക്കേക്കാട് മുത്തപ്പൻ മടപ്പുരയിൽ ഹൈക്കോടതി അനുമതിയോടെ മുത്തപ്പൻ തെയ്യം കെട്ടിയാടി. തെക്കേക്കാട്ടെ പി. പി. ഭാസ്ക്കരന്  സർക്കാരിൽ നിന്നും അനുവദിച്ച് കിട്ടിയ പുറമ്പോക്ക് ഭൂമിയിൽ  നിർമ്മിച്ച മുത്തപ്പൻ മടപ്പുരയെച്ചൊല്ലി സിപിഎം വിവാദമുയർത്തിയിരുന്നു. പി. പി. ഭാസ്ക്കരന് അനുവദിച്ച് കിട്ടിയ പുറമ്പോക്ക് ഭൂമിയിൽ  മുത്തപ്പൻ  മടപ്പുര കെട്ടിയതിനെച്ചൊല്ലി പാർട്ടിയിൽ ഭിന്നതയുണ്ടായിരുന്നു.

ട്രസ്റ്റ് രൂപീകരിച്ചാണ് ഭാസ്ക്കരൻ  മടപ്പുര നിർമ്മിച്ച് ചടങ്ങുകൾ നടത്തിയിരുന്നത്. ട്രസ്റ്റിന് പകരം ജനകീയ കമ്മിറ്റി രൂപീകരിക്കണമെന്നായിരുന്നു സിപിഎമ്മിന്റെ  ആവശ്യം. ജനകീയ കമ്മിറ്റി രൂപീകരിക്കാൻ സമ്മതിക്കാത്തതിനെത്തുടർന്നാണ് കഴിഞ്ഞവർഷം തെക്കേക്കാട് മുത്തപ്പൻ മടപ്പുരയ്ക്ക് മുന്നിൽ സംഘർഷമുണ്ടാത്. ഇതെത്തുടർന്ന് അന്നത്തെ ജില്ലാ കലക്ടർ ഡി. സജിത്ത് ബാബുവിന്റെ നിർദ്ദേശപ്രകാരം മടപ്പുര പൂട്ടിയിട്ടു.

മടപ്പുരയിലെ നിത്യകർമ്മങ്ങൾ നടത്താൻ കലക്ടർ അനുമതി നൽകിയിരുന്നു. മടപ്പുര അടച്ചിട്ടതോടെ പി. പി. ഭാസ്ക്കരൻ ഹൈക്കോടതിയിൽ  നിന്നും അനുമതി സംഘടിപ്പിച്ചതോടെയാണ് ഇന്ന് മുത്തപ്പൻ തെയ്യം കെട്ടിയാടിയത്. പി.പി.ഭാസ്കരന്റെ ബന്ധുക്കൾക്കും, സുഹൃത്തുക്കൾക്കും തെയ്യം കെട്ടിൽ പങ്കെടുക്കാൻ കോടതി അനുമതി നൽകിയിരുന്നു. മുത്തപ്പൻ ട്രസ്റ്റിന്റെ അംഗങ്ങളെ അകത്തേക്ക് കയറാനനുവദിക്കില്ലെന്ന നിലപാടുമായി സി.പി.എം പ്രവർത്തകരും സ്ഥലത്ത് സംഘടിച്ചിരുന്നു.

ഇതോടെ ഹൊസ്ദുർഗ് തഹസ്സിൽദാർ എൻ. മണിരാജ് സ്ഥലത്തെത്തി സി.പി.എം നേതാക്കളുമായി ചർച്ച നടത്തി. ചന്തേര പോലീസ് ഇൻസ്പെക്ടർ പി.നാരായണന്റെ നേതൃത്വത്തിൽ ശക്തമായ പോലീസ് സംഘവും സ്ഥലത്ത് കാവലുണ്ടായിരുന്നു. സി.പി.എം നേതാക്കളായ സി.കുഞ്ഞികൃഷ്ണൻ, പി.കെ.പവിത്രൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് ഏ.വി.രാഘവൻ എന്നിവരുടെ നേതൃത്വത്തിലാണ് നാട്ടുകാർ തഹസിൽദാരുമായി ചർച്ച നടത്തിയത്.

Read Previous

അലാമിപ്പള്ളി ഐസ്ക്രീം പീഡനം; പ്രതി മുങ്ങി

Read Next

ഫെയ്സ് ബുക്കിലൂടെ പരിചയപ്പെട്ട വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു