ക്വാറന്റൈനിലുള്ള കുടുംബത്തിന് കുടിവെള്ളം നിഷേധിച്ചിട്ടില്ലെന്ന് വീട്ടമ്മ

നീലേശ്വരം: ക്വാറന്റൈനിലിരിക്കുന്ന കുടുംബത്തിന് കുടിവെള്ളം നിഷേധിച്ചെന്ന വാർത്ത കെട്ടിച്ചമച്ചതാണെന്ന് ആരോപണ വിധേയയായ വീട്ടമ്മ.ചായ്യോം ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂളിന് സമീപം താമസിക്കുന്ന ലീലാമ്മയാണ് മകളുടെ ഭർത്താവിന്റെ ആരോപണം നിഷേധിച്ചത്. ലീലാമ്മയുടെ മകളുടെ ഭർത്താവും പരിയാരം ആയുർവ്വേദ മെഡിക്കൽ കോളേജ് ജീവനക്കാരനുമായ പീറ്ററാണ് ഭാര്യാമാതാവ് കുടിവെള്ളം നിഷേധിച്ചെന്ന് പ്രചാരണം നടത്തിയത്.

ക്വാറന്റൈനിലുള്ള തനിക്കും കുടുംബത്തിനും ഭാര്യാമാതാവ് കുടിവെള്ളം നിഷേധിച്ചെന്നായിരുന്നു പീറ്ററിന്റെ പരാതി. ഭാര്യാമാതാവ് വെള്ളം നിഷേധിച്ചെന്ന് പീറ്റർ നീലേശ്വരം പോലീസിലും അറിയിച്ചിരുന്നു. ലീലാമ്മയുടെ നരിമാളത്തെ 13 സെന്റ് സ്ഥലത്തുള്ള കുഴൽകിണറിൽ നിന്നാണ് പീറ്റർ വെള്ളമെടുത്തിരുന്നത്.

പ്രസ്തുത കിണറിന്റെ മോട്ടോർ പുര ലീലാമ്മ പൂട്ടിയെന്നാണ് പീറ്റർ ആരോപിച്ചിരുന്നത്. അതേസമയം മകളുടെ ഭർത്താവ് മോട്ടോർ പുര പൂട്ടി സ്ഥലം വിട്ടതിനാൽ തന്റെ കയ്യിലുള്ള ഡ്യൂപ്ലിക്കേറ്റ് താക്കോലുപയോഗിച്ച് മോട്ടോർ പുര തുറന്ന് വേറൊരു താക്കോലിട്ട്  പൂട്ടുകയായിരുന്നുവെന്നാണ് ലീലാമ്മയുടെ  വിശദീകരണം.

പറമ്പിലെ തെങ്ങ് നനയ്ക്കേണ്ട സൗകര്യത്തിനായാണ് സ്വന്തം ഉടമസ്ഥതയിലുള്ള സ്ഥലത്ത് കുഴൽകിണർ  സ്ഥാപിച്ചതെന്ന് ഇവർ പറഞ്ഞു. തന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തിൽ നിന്ന് മകളുടെ ഭർത്താവ് വിഹിതം ചോദിച്ചിരുന്നുവെന്നും, കിണർ അടക്കമുള്ള സ്ഥലം വിഹിതമായി ചോദിച്ചത് കൊടുക്കാനാകില്ലെന്ന് അറിയിച്ചതിന്റെ വിരോധത്തിലാണ് കുടിവെള്ളം നിഷേധിച്ചെന്ന വാർത്ത കെട്ടിച്ചമച്ചതെന്നും  ലീലാമ്മ  ആരോപിച്ചു.

മകൾ രോഗബാധയെ തുടർന്ന് മരിച്ചതിന് ശേഷം പീറ്റർ കൊച്ചുമക്കളെ തന്നിൽ നിന്നും അകറ്റാൻ ശ്രമിക്കുകയാണെന്ന് ലീലാമ്മ ആരോപിച്ചു. മകളുടെ ചികിത്സയ്ക്കടക്കം താൻ സാമ്പത്തിക സഹായം നൽകിയിരുന്നുവെന്നും, വീടും സ്ഥലവും വാങ്ങിക്കാൻ മരുമകന് പണം നൽകിയിരുന്നുവെന്നും ലീലാമ്മ അവകാശപ്പെട്ടു.  തന്നെ  നാട്ടുകാരുടെയും ബന്ധുക്കളുടെയും മുന്നിൽ നാണം കെടുത്താൻ മകളുടെ ഭർത്താവായ പീറ്റർ കെട്ടിച്ചമച്ച വ്യാജ കഥയാണ് കുടിവെള്ളം നിഷേധിച്ചുവെന്നതെന്നും ലീലാമ്മ പറഞ്ഞു.

പീറ്ററിന്റെ പറമ്പിൽ കുഴൽകിണറും, കുടിവെള്ള കണക്ഷനുമുണ്ടെന്ന് ഇവർ പറഞ്ഞു. സ്വന്തമായി  കുടിവെള്ള സൗകര്യമുണ്ടായിട്ടും തനിക്കെതിരെ കൊച്ചുമകനെ ഉപയോഗിച്ച് ദുഷ്പ്രചരണം നടത്തുകയായിരുന്നുവെന്ന് ലീലാമ്മ ആരോപിച്ചു.

LatestDaily

Read Previous

എം. വി. ബാലകൃഷ്ണന് പാർട്ടിയിൽ സമ്പൂർണ്ണാധിപത്യം

Read Next

കൂറ്റൻ ട്രാൻസ്ഫോമറുകൾ കരിന്തളത്തേക്ക്