ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ജില്ലാ സമിതിയിലും സിക്രട്ടറിയേറ്റിലും ചിത്രം വ്യക്തം
കാഞ്ഞങ്ങാട്: മടിക്കൈയിൽ നടന്ന സിപിഎം ജില്ലാ സമ്മേളനത്തിൽ പാർട്ടി ജില്ലാ സിക്രട്ടറിയായി എം. വി. ബാലകൃഷ്ണൻ രണ്ടാംവട്ടവും തെരഞ്ഞെടുക്കപ്പെടുമ്പോൾ ജില്ലാ പാർട്ടിയിൽ ബാലകൃഷ്ണന് സമ്പൂർണ്ണ ആധിപത്യം. 2018 ലെ ജില്ലാ സമ്മേളനത്തിൽ സിക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുമ്പോഴുണ്ടായതിനേക്കാൾ കൂടുതൽ കരുത്തനായാണ് ബാലകൃഷ്ണൻ രണ്ടാം വട്ടവും തുടരുന്നത്.
യുവത്വത്തിന്റെ ചുറുചുറുക്കിൽ 1984 ൽ സിപിഎമ്മിന്റെ പ്രഥമ കാസർകോട് ജില്ലാ സിക്രട്ടറിയായി നിയോഗിക്കപ്പെട്ട പി. കരുണാകരൻ ദേശാഭിമാനി ജനറൽ മാനേജറുടെ ചുമതലയിൽ പോവുകയും പിന്നീട്, സംസ്ഥാനക്കമ്മിറ്റിയിലും കേന്ദ്രക്കമ്മിറ്റിയിലും തെരഞ്ഞെടുക്കപ്പെട്ടപ്പോഴും ജില്ലാ നേതൃത്വത്തിൽ ഏറ്റവും സ്വാധീനമുള്ള നേതാവ് പി. കരുണാകരനായിരുന്നു. എന്നാൽ, 75 വയസ്സ് കഴിഞ്ഞവർ കേന്ദ്രക്കമ്മിറ്റിയിൽ നിന്നും സംസ്ഥാനക്കമ്മിറ്റിയിൽ നിന്നും ഒഴിവാക്കപ്പെടുന്നതോടെ പി. കരുണാകരന്റെ പ്രവർത്തന മേഖല കാസർകോട് ജില്ല മാത്രമായി പരിമിതപ്പെടും.
ഈ സാഹചര്യത്തിലാണ് കൂടുതൽ കരുത്തോടെ എം. വി. ബാലകൃഷ്ണൻ പാർട്ടിയിൽ സമ്പൂർണ്ണാധിപത്യം നേടുന്നത്. പുതിയ ജില്ലാക്കമ്മിറ്റിയിൽ നിന്ന് എം. വി. ബാലകൃഷ്ണന്റെ സമകാലികരായ നേതാക്കളിൽ പലരും ഒഴിവാക്കപ്പെടുമ്പോഴാണ് ബാലകൃഷ്ണൻ വർധിച്ച പിന്തുണയോടെ പാർട്ടിയിൽ സമ്പൂർണ്ണാധിപത്യം സ്ഥാപിക്കുന്നത്. സംസ്ഥാന നേതൃത്വത്തിൽ കൂടുതൽ സ്വാധീനം ചെലുത്താനും പുതിയ മാറ്റത്തോടെ ബാലകൃഷ്ണന് സാധ്യമാവും. സിഐടിയു നേതാക്കളായ ഏ. കെ. നാരായണനും, പി. രാഘവനും ജില്ലാ സിക്രട്ടറിയായിരുന്നപ്പോൾ, സിഐടിയു നേതാക്കൾക്കുണ്ടായ അപ്രമാദിത്വവും ഇപ്പോൾ ജില്ലാസമിതിയിലില്ല.
സംസ്ഥാനതലത്തിൽ അംഗീകാരമുള്ള സിഐടിയു നേതാവും, സിഐടിയു ജില്ലാ സിക്രട്ടറിയുമായ ടി. കെ. രാജൻ ഇത്തവണ ജില്ലാ സിക്രട്ടറിയേറ്റിലെത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നുവെങ്കിലും, രാജനെ ജില്ലാസമിതിയംഗത്വത്തിലൊതുക്കി. സിഐടിയു ജില്ലാ പ്രസിഡണ്ട് സാബു അബ്രഹാം സിക്രട്ടറിയേറ്റിലുണ്ടെന്ന് വാദത്തിന് വേണ്ടി പറയാമെങ്കിലും സാബു ജില്ലാ പ്രസിഡണ്ടാവുന്നതിന് മുമ്പേ തന്നെ സിക്രട്ടറിയേറ്റിലുണ്ട്. കേരള ബാങ്കിന്റെ ഡയറക്ടർ കൂടിയാണ് സാബു അബ്രഹാം.
പാർട്ടിയുടെ എക്കാലത്തെയും ശക്തി കേന്ദ്രമായ മടിക്കൈയിൽ നിന്ന് ചരിത്രത്തിലാദ്യമായി ജില്ലാ സിക്രട്ടറിയേറ്റിൽ ഒരംഗത്തെ ഉൾപ്പെടുത്താൻ കഴിഞ്ഞതും എം. വി. ബാലകൃഷ്ണന്റെ കരുത്തിന്റെ പ്രതിഫലനമാണ്. മടിക്കൈ പഞ്ചായത്ത് മുൻ പ്രസിഡണ്ട് കൂടിയായ സി. പ്രഭാകരനാണ് മടിക്കൈയിൽ നിന്നുള്ള ജില്ലാ സിക്രട്ടറിയേറ്റ് അംഗം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, ഖാദി ബോർഡ് വൈസ് ചെയർമാൻ, തൊഴിലുറപ്പ് തൊഴിലാളികളെ സംസ്ഥാന തലത്തിൽ സംഘടിപ്പിക്കുന്നതിന് നേതൃത്വം നൽകിയ നേതാവ് തുടങ്ങിയ നിലയിൽ നല്ല പ്രതിഛായയോടെയാണ് പാർട്ടി ജില്ലാ സിക്രട്ടറി സ്ഥാനത്തേക്ക് എം. വി. ബാലകൃഷ്ണൻ നാല് വർഷത്തിന് ശേഷം വീണ്ടും തെരഞ്ഞെടുക്കപ്പെടുന്നത്.
മുൻ ജില്ലാ സിക്രട്ടറി കെ. പി. സതീഷ് ചന്ദ്രൻ, സി. എച്ച് കുഞ്ഞമ്പു എന്നിവർ സംസ്ഥാന കമ്മിറ്റിയംഗങ്ങളെന്ന നിലയിലും, വി. പി. പി. മുസ്തഫ തദ്ദേശമന്ത്രിയുടെ പ്രൈവറ്റ് സിക്രട്ടറിയെന്ന നിലയിലുമാണ് ജില്ലാ സിക്രട്ടറിയേറ്റിൽ നിന്നൊഴിവായത്.