കേരളം വളർച്ചയുടെ പാതയിൽ: എസ്ആർപി

കാഞ്ഞങ്ങാട്: ശാസ്ത്ര സാങ്കേതിക രംഗങ്ങളിലുൾപ്പെടെ കേരളം വളർച്ചയുടെ പാതയിലാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ള. ഇടതുമുന്നണി ഭരണത്തിൽ രാഷ്ട്രീയ – സാമൂഹ്യ- സാസ്ക്കാരിക മേഖലയുടെ വളർച്ചക്കനുസൃതമായ നിലപാടുകളാണ് സിപിഎം കൈക്കൊള്ളുന്നതെന്ന് 23-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള ജില്ലാ സമ്മേളനം മടിക്കൈ അമ്പലത്തുകരയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ എസ്ആർപി പറഞ്ഞു.

മാർക്സിസം  വികസിച്ച് കൊണ്ടിക്കുന്ന പ്രത്യയ ശാസ്ത്രമാണ് ബ്രാഞ്ച് തലം മുതൽ കേന്ദ്രസമിതി വരെ കൃത്യമായി ചർച്ച ചെയ്ത് സ്വീകരിക്കുന്ന നിലപാടുകൾക്കനുസൃതമായാണ് സിപിഎം പ്രവർത്തിക്കുന്നത്.  ഏറ്റവും കൂടുതൽ ആഭ്യന്തര ജനാധിപത്യമുള്ള പാർട്ടിയും സിപിഎമ്മാണ്. എന്നാൽ കേന്ദ്രം ഭരിക്കുന്ന ബിജെപിക്കും പ്രതിപക്ഷത്തുള്ള കോൺഗ്രസിനും ആഭ്യന്തര ജനാധിപത്യമില്ല. ബിജെപി- ആർഎസ്എസ് നിയന്ത്രണത്തിലും  കോൺഗ്രസ് ഒരു കുടുംബത്തിലെ  മൂന്നാളുകളുടെ നിയന്ത്രണത്തിലുമാണ്. ലാഭം വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ മാത്രം പ്രവർത്തിക്കുന്ന കോർപ്പറേറ്റുകളാണ് കേന്ദ്ര ഭരണത്തെ നിയന്ത്രിക്കുന്നത്.

എന്നാൽ സാധാരണക്കാർക്കൊപ്പം നിന്ന് വികസനോൻമുഖമായ കാഴ്ചപ്പാടോടെയാണ് കേരളത്തിലെ ഇടതുമുന്നണിഭരണം  മുന്നോട്ട് പോവുന്നതെന്നും കേരളത്തിലെ ഇടതുമുന്നണി ഭരണം രാജ്യത്തിനാകെ മാതൃകയാണെന്നും എസ്ആർപി പറഞ്ഞു. മുതലാളിത്തം ആഗോള പ്രശ്നങ്ങൾക്ക് പരിഹാരമല്ല. രാജ്യത്തെ പൗരൻമാർക്ക് സംരക്ഷണം നൽകാൻ ബാധ്യതപ്പെട്ട നീതിന്യായ വ്യവ്സഥതയിലുള്ള വിശ്വാസം ജനങ്ങൾക്ക് നഷ്ടപ്പെട്ടിരിക്കുന്നു. ജനാധിപത്യാവകാശങ്ങളും പൗരാവകാശവും നീതിന്യായ  വ്യവസ്ഥയും സംരക്ഷിക്കാൻ ഇടതുമുന്നണി പ്രതിജ്ഞാബദ്ധമാണെന്ന് എസ്ആർപി പറഞ്ഞു.

സി.എച്ച്. കുഞ്ഞമ്പു എംഎൽഏ അധ്യക്ഷനായി. മന്ത്രി എം.വി. ഗോവിന്ദൻ, സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ, കാസർകോട് ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണൻ, പാർട്ടി സംസ്ഥാന സമിതിയംഗം പി. ജയരാജൻ, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ഇ.പി. ജയരാജൻ, പി. കരുണാകരൻ, പി.കെ. ശ്രീമതി, കെ.കെ. ശൈലജ, ആനത്തലവട്ടം ആനന്ദൻ ടി.പി. രാമകൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു. ഉദ്ഘാടനച്ചടങ്ങിൽ മുൻ എംഎൽഏ, കെ.വി. കുഞ്ഞിരാമൻ അനുശോചന  പ്രമേയവും, എം. രാജഗോപാലൻ എംഎൽഏ രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു.

LatestDaily

Read Previous

അലാമിപ്പള്ളിയിൽ പതിനഞ്ചുകാരനെ പീഡിപ്പിച്ച കടയുടമയുടെ പേരിൽ കേസ്സ്

Read Next

മുതിർന്ന കോൺ. നേതാവിനെതിരെയും ചെറുവത്തൂരിൽ ലൈംഗീകാരോപണം