തേപ്പ് തൊഴിലാളിയുടെ മരണം : ഭാര്യ മുഖ്യമന്ത്രിക്ക് പരാതി നൽകി

തൃക്കരിപ്പൂർ : തേപ്പ് തൊഴിലാളിയുടെ മരണത്തിൽ സമഗ്രാന്വേഷണമാവശ്യപ്പെട്ട് ഭാര്യ മുഖ്യമന്ത്രി, ഡിജിപി, ജില്ലാ പോലീസ് മേധാവി എന്നിവർക്ക് പരാതി നൽകി. തൃക്കരിപ്പൂർ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിന് സമീപത്തെ എൻ. സുനിൽകുമാർ 45, ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ചാണ് ഭാര്യ ഷിനി മുഖ്യമന്ത്രിയടക്കമുള്ളവർക്ക് പരാതി നൽകിയത്.

ജനുവരി 7-ന് രാവിലെയാണ് എൻ. സുനിൽകുമാറിനെ തൃക്കരിപ്പൂർ മുച്ചിലോട്ട് ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജനുവരി 6-ന് രാത്രി വൈകും വരെ സുനിൽകുമാർ രണ്ട് സുഹൃത്തുക്കൾക്കൊപ്പം മദ്യപിച്ചിരുന്നു. 6-ന് രാത്രി ഫോണിൽ വിളിച്ചപ്പോൾ താൻ രണ്ടുപേരുടെ പിടിയിലാണെന്ന് ഭർത്താവ് പറഞ്ഞതായി ഷിനി വെളിപ്പെടുത്തിയിരുന്നു.

പിറ്റേദിവസം രാവിലെയാണ് എൻ. സുനിൽകുമാറിനെ കുളത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിൽ മുറിവുകളുണ്ടായിരുന്നതും സംശയത്തിന് കാരണമായി. ഇതേത്തുടർന്നാണ് ഭാര്യ  എരമം പേരൂരിലെ ഷിനി ഭർത്താവിന്റെ മരണത്തിൽ സംശയമുയർത്തിയത്. കഴിഞ്ഞ ദിവസം ബന്ധുക്കളോടൊപ്പമെത്തിയാണ് ഷിനി ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയ്ക്ക് പരാതി നൽകിയത്. സ് മേധാവിയുടെ നിർദ്ദേശപ്രകാരം ചന്തേര പോലീസ് ഇൻസ്പെക്ടർ പി. നാരായണൻ പരാതിയിൽ തുടരന്വേഷണമാരംഭിച്ചു. സുനിൽ കുമാറിനൊപ്പമുണ്ടായിരുന്നുവെന്ന് സംശയിക്കുന്നവരെ കഴിഞ്ഞ ദിവസം വീണ്ടും പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞു

സുനിൽകുമാറിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയ ഡോ. നിഖിൽ ലക്ഷ്മണനെ ചന്തേര ഐ.പി. ഇന്നലെ പരിയാരം മെഡിക്കൽ കോളേജിലെത്തി നേരിൽ കണ്ടിരുന്നു. സുനിൽകുമാറിന്റേത് മുങ്ങിമരണമാണെന്നാണ്  പ്രാഥമിക നിഗമനമെങ്കിലും മരണകാരണത്തിൽ  സംശയമുയർത്തി പരാതി ലഭിച്ചതിനാൽ വിശദമായ അന്വേഷണം നടത്തുമെന്ന് ചന്തേര ഐ.പി., പി. നാരായണൻ പറഞ്ഞു. മദ്യലഹരിയിൽ കുളത്തിൽ കുളിക്കാൻ വാശിപിടിച്ച സുനിൽകുമാറിനെ അതിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നുവെന്നും സുനിൽകുമാർ സമ്മതിക്കാതെ വന്നതോടെ തങ്ങൾ വീട്ടിലേക്ക് പോയെന്നുമാണ് ഒപ്പം മദ്യപിച്ച സുഹൃത്തുക്കൾ പോലീസിനോട് നേരത്തെ  വെളിപ്പെടുത്തിയത്.

LatestDaily

Read Previous

തീയ്യ സമുദായ ക്ഷേത്രങ്ങൾക്ക് മറ്റു സംഘടന പരിപാടിയിൽ വിലക്ക്

Read Next

ജില്ലാശുപത്രിയിൽ സന്ദർശകർക്ക് വിലക്കേർപ്പെടുത്തി