ഒളിപ്പോര് നിർത്തി മാവോവാദികൾ സർക്കാരുമായി സഹകരിക്കും

കൃഷ്ണമൂർത്തിയുടെയും, സാവിത്രിയുടെയും അപേക്ഷകൾ ആഭ്യന്തര വകുപ്പ് ഉടൻ പരിഗണിക്കും

പാലയാട് രവി

തലശ്ശേരി   :   കാട്ടിലെ ജീവിതവും ഒളിപ്പോരും നിർത്തി സർക്കാരുമായി സഹകരിക്കാൻ മാവോവാദി നേതാക്കൾ കൈകൾ ഉയർത്തുന്നു. കേരളത്തിൽ ഇതിന്റെ ആദ്യ  സൂചനയാണ് ഇപ്പോൾ വിയ്യൂരിലെ അതിസുരക്ഷാ ജയിലിൽ കഴിയുന്ന കുപ്രസിദ്ധ മാവോ നേതാക്കളായ കർണാടക ശൃംഗേരി നെൻമാരു എസ്റേററ്റിലെ ബി.ജി. .കൃഷ്ണമൂർത്തിയും 47, ചിക്മംഗളൂരു ജെറേമന ഹള്ളൂവള്ളിയിലെ സാവിത്രി എന്ന രജിതയും 32, കഴിഞ്ഞ ദിവസം തലശ്ശേരി കോടതിയിൽ സ്വന്തം കൈപ്പടയിൽ എഴുതി സമർപ്പിച്ച ഹരജിയെന്ന് വിലയിരുത്തപ്പെടുന്നു.

18 കേസുകളിൽ കുറ്റാരോപിതയായ സാവിത്രി മാവോയിസ്റ്റ് സംഘടനയിലെ കമ്പനീദളം കമാന്ററാണ്. ബി.ജി.കൃഷ്ണമൂർത്തി ഇവരുടെയെല്ലാം നേതൃനിരയിലെ മുഖ്യനും. സായുധവിപ്ലവ പാത ഉപേക്ഷിച്ചാണ് സംസ്ഥാന സർക്കാറിന്റെ മാവോവാദി പുഃനരധിവാസ പദ്ധതിയുമായി സഹകരിക്കാനുള്ള സന്നദ്ധത ഇവർ അറിയിച്ചത്.

പ്രമുഖ നേതാക്കളുടെ മനംമാറ്റം മാവോ വേട്ടയിലെ വേറിട്ട അധ്യായമാവുകയാണ്. പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സി.കെ.രാമചന്ദ്രൻ മുഖേന തലശ്ശേരി ജില്ലാസെഷൻസ് കോടതി ജഡ്ജ് ജോബിൻ സെബാസ്റ്റ്യനാണ്  ഇരുവരും ഹരജി നൽകിയത്  . ഹരജിയും മാവോ നേതാക്കളെ പുനരധിവാസ പദ്ധതിയിലുൾപ്പെടുത്തുന്നത് സംബന്ധിച്ച് പ്രോസിക്യൂഷന്റെ അഭിപ്രായവും ഇപ്പോൾ ആഭ്യന്തര വകുപ്പിന്റെ പരിഗണനയിലാണ്.ഇതിൽ ഉടൻ തീരുമാനമുണ്ടായേക്കും. 

ഇരുവരുടേയും സ്വമേധയായുള്ള അപേക്ഷയിൽ  പബ്ലിക് പ്രോസിക്യൂട്ടർ  ഭീകര വിരുദ്ധ സേനയുടെ (എ.ടി.എസ്) അഭിപ്രായം തേടിയിരുന്നു. പുനരധിവാസ പദ്ധതിയുമായി സഹകരിക്കുന്നതിൽ എതിർപ്പില്ലെന്ന നിലപാടാണ് എ.ടി.എസും സ്വീകരിച്ചത്‌. കൃഷ്ണമൂർത്തി ഇംഗ്ലീഷിലും സാവിത്രി കന്നടയിലുമാണ് തീരുമാനം എഴുതി അറിയിച്ചത്. ഇക്കഴിഞ്ഞ നവമ്പറിൽ ചാമരാജ് നഗർ ജില്ലയിലെ മധൂർ വനംവകുപ്പ് ചെക്ക് പോസ്റ്റിനു സമീപത്തുനിന്നാണ് രണ്ടു നേതാക്കളെയും ഭികര വിരുദ്ധ സേന പിടികൂടിയിരുന്നത്.

  അറസ് കണ്ണൂർ ജില്ലയിലെ കരിക്കോട്ടക്കരി പോലീസ് സ്‌റ്റേഷൻ പരിധിയിൽ 2017 മാർച്ച് 20-ന് രാത്രി 7.30 ന് നടന്ന സംഭവത്തിൽ ഒന്നാം പ്രതിയാണ് കൃഷ്ണമൂർത്തി.അയ്യംകുന്ന് ഉരുപ്പുംകുറ്റി മലയിലെ വീട്ടിൽ തോക്കുമായി അതിക്രമിച്ചു കയറി ഭക്ഷണ സാധനങ്ങൾ വാങ്ങി. മാവോയിസ്റ്റ് ലഘുലേഖ കാട്ടുതീ വിതരണം ചെയ്തു.രാജ്യതാല്പര്യത്തിനെതിരെ പ്രവർത്തിച്ചു എന്നിവയാണ് മൂർത്തിക്കെതിരെയുള്ള കുറ്റം.

യു.എ.പി.എ വകുപ്പു ചുമത്തിയ കേസിൽ നാലു പേർ കൂടിയുണ്ട്. ലത എന്ന മുണ്ടഗാരു ലത, മലമ്പുഴ ലത എന്ന അനു,സുന്ദരി എന്ന അനു,കണ്ടാലറിയുന്ന മറ്റൊരു പുരുഷൻ എന്നിവരാണ് മറ്റുള്ളവർ. കേളകം, കരിക്കോട്ടക്കരി പോലീസ് സ്‌റ്റേഷനുകളിലായി മൂർത്തിക്കെതിരെ ആറു കേസുണ്ട്. നിലമ്പൂർ,കർണാടകം എന്നിവിടങ്ങളിലും കേസുണ്ട്. ആറളം പോലീസ് സ്‌റ്റേഷൻ പരിധിയിൽ ആറളം ഫാം ബ്ലോക്ക് 12 ൽ 2020 ഫെബ്രുവരി 24 ന് രാത്രി എട്ടിന് നടന്ന സംഭവത്തിൽ നാലാം പ്രതിയാണ് സാവിത്രി.

വീട്ടിൽ കയറി മാവോവാദിയാണെന്ന് പരിചയപ്പെടുത്തി ഭീഷണിപ്പെടുത്തി ഭക്ഷണ സാധനങ്ങൾ വാങ്ങി.വീട്ടിൽ നിന്ന് മൊബൈൽ റീചാർജ് ചെയ്തു. അഞ്ചു കിലോ അരിയും മറ്റു സാധനങ്ങളും കൈക്കലാക്കി എന്നിവയാണ് ഇവർക്കെതിരെയുള്ള കുറ്റം. രണ്ടാം പ്രതിയായ സൂര്യയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം നൽകി.ഒന്നും മൂന്നും പ്രതികളെ കണ്ടെത്താനായില്ല. എ.ടി.എസാണ് കേസന്വേഷിക്കുന്നത്. സാവിത്രിക്കെതിരെ കേളകം,കരിക്കോട്ടക്കരി,ആറളം പോലീസ് സ്‌റ്റേഷൻ പരിധിയിലായി ആറ് കേസുകളുണ്ട്.

LatestDaily

Read Previous

കേരള പോലീസിന് ദുബായിൽ നിന്ന് ക്വട്ടേഷൻ, തൃശൂർ മെഡിക്കൽ കോളജ് പോലീസിനെതിരെ അന്വേഷണത്തിന് ഉത്തരവ്

Read Next

തീയ്യ സമുദായ ക്ഷേത്രങ്ങൾക്ക് മറ്റു സംഘടന പരിപാടിയിൽ വിലക്ക്