കേരള പോലീസിന് ദുബായിൽ നിന്ന് ക്വട്ടേഷൻ, തൃശൂർ മെഡിക്കൽ കോളജ് പോലീസിനെതിരെ അന്വേഷണത്തിന് ഉത്തരവ്

പ്രവാസി ബിസിനസുകാരനെ തകർക്കാൻ ദുബായ് കേന്ദ്രമായി ഗൂഢാലോചന

ദുബായ്: മയക്കുമരുന്ന് ഉപയോഗം ആരോപിച്ച് യുവ ഡോക്ടറെ കസ്റ്റഡിയിലെടുക്കുകയും കുറ്റസമ്മത മൊഴിയെന്ന പേരിൽ വീഡിയോ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ തൃശൂർ മെഡിക്കൽ കോളജ് പോലീസിനെതിരെ അന്വേഷണത്തിന് ഉത്തരവ് . പോലീസിന്റെ നിർദ്ദാക്ഷിണ്യ നടപടിക്ക് വിധേയനായ യുവ ഡോക്ടറുടെ ബന്ധുക്കൾ തൃശൂർ സിറ്റി പോലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിലാണ് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടത്.

യുവ ഡോക്ടറെ രാത്രി അറസ്റ്റ് ചെയ്ത തൃശൂർ മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ പി.പി. ജോയിയുടെ നേതൃത്വത്തിലാണ് അറസ്റ്റ് നടന്നത്. മൊഴിയെടുക്കുന്ന രംഗങ്ങൾ വീഡിയോ വിൽ പകർത്തി തൃശൂരിലെ ചില മാധ്യമ പ്രവർത്തകർക്ക് കൈമാറുകയായിരുന്നു. ഡോക്ടറെ അറസ്റ്റ് ചെയ്യാൻ എംഐ ടി ഹോസ്റ്റലിലെത്തിയ പോലീസ് സംഘത്തിലെ രണ്ട് പേരെയാണ് സംശയിക്കുന്നത്.

ഇവർക്കെതിരെ ഉടൻ കർശന നടപടി ഉണ്ടായേക്കും – അമേരിക്കയിൽ ചികിത്സയിലുള്ള മുഖ്യമന്ത്രി പിണറായി വിജയൻ ഇതേക്കുറിച്ച് സംസ്ഥാന പോലീസ് മേധാവിയോട് വിശദീകരണം തേടി. കേസന്വേഷണവുമായി ബന്ധപ്പെട്ട യാതൊരുവിധ വിവരങ്ങളും വെളിപ്പെടുത്താൻ പാടില്ലെന്നിരിക്കെ, അതിന് വിരുദ്ധമായി ഈ കേസിലെ പ്രതിയെ ചോദ്യം ചെയ്യുന്ന വീഡിയോ ശ്രദ്ധയിൽ പെട്ടതായും , വീഡിയോ കൈമാറിയ പോലീസുകാരെ കണ്ടെത്താൻ തൃശൂർ അസിസ്റ്റന്റ് കമ്മീഷണറെ ചുമതലപ്പെടുത്തിയതുമായാണ് സിറ്റി പോലീസ് കമീഷണറുടെ പത്രക്കുറിപ്പ്:  ഭീഷണിപ്പെടുത്തി ചോദ്യം ചെയ്യുന്നതിന്റെ വീഡിയോ പോലീസ് പുറത്തുവിട്ടത് മനുഷ്യാവകാശ ധ്വംസനമാണെന്ന ആരോപണമുയർന്നിരുന്നു.

മയക്കുമരുന്നുമായി തൃശൂരില്‍ പിടിയിലായതായി പോലീസ് പറയുന്ന യുവഡോക്ടറെ ഭീഷണിപ്പെടുത്തി ചോദ്യം ചെയ്യുന്നതിന്റെ വീഡിയോ മാധ്യമങ്ങൾക്ക് നൽകിയ പോലീസിന്റെ ക്രൂരതക്കെതിരെ മനുഷ്യാവകാശ പ്രവർത്തകരും രംഗത്തെത്തി. തൃശൂര്‍ മെഡിക്കൽ കോളജിലെ ഹൗസ് സർജനും കോഴിക്കോട് സ്വദേശിയുമായ 24കാരനെ 2.4 ഗ്രാം എം.ഡി.എം.എ സഹിതം തിങ്കളാഴ്ച്ച രാത്രി പിടികൂടിയെന്നാണ് പോലീസ് ഭാഷ്യം. എന്നാൽ പോലീസ് പുറത്തുവിട്ട വീഡിയോ ചിത്രീകരിച്ചത് പകലാണെന്ന് സംശയിക്കുന്നു. ഭീഷണിപ്പെടുത്തിയോ, മയക്കുമരുന്ന് നിർബ്ബന്ധിച്ച് ഉപയോഗിപ്പിച്ചതിനു ശേഷമോ യുവാവിന്റെ മൊഴിയെടുത്തതാണെന്ന് സംശയിക്കുന്നു.

ശരിയായ മാനസീകാവസ്ഥയിലുള്ള ആരും കൂട്ടുകാരെ ഒറ്റുകൊടുക്കില്ലെന്നിരിക്കെ, യുവാവിനെ കൊണ്ട് പതിനഞ്ചോളം ഡോക്ടർമാരുടെ പേരുകൾ പോലീസ് പറയിക്കുന്നുണ്ട്. യുവ ഡോക്ടർ കേവലം കുറ്റാരോപിതൻ മാത്രമാണെന്നിരിക്കെ , ഇയാളെ പ്രതിയാക്കാൻ പോലീസ് അതീവ വ്യഗ്രത കാണിച്ചതായാണ് വീഡിയോ ദൃശ്യങ്ങൾ . ഇത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് നിയമ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. പതിനഞ്ച് ദിവസത്തിനകം ഹൗസ് സർജൻസി കഴിഞ്ഞ് പുറത്തിറങ്ങാനിരിക്കുന്ന യുവ ഡോക്ടറാണെന്ന മാനുഷീക പരിഗണന പോലും അക്വിലിന്റെ കാര്യത്തിൽ ഉണ്ടായില്ലെന്ന വിമർശനവും പോലീസിന്   നേരെ ഉയരുന്നുണ്ട്.

മയക്കുമരുന്നിന് അടിമകളായവരെ സാധാരണ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തുന്നതിന് സർക്കാർ ആവിഷ്ക്കരിച്ച “വിമുക്തി ” തുടങ്ങിയ പദ്ധതികൾ നിലവിലിരിക്കെ അക്വിലിന് അത്തരം ചികിത്സകൾ നൽകേണ്ടതിനു പകരം ഭീഷണിപ്പെടുത്തി വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ച പോലീസ് നടപടിക്കെതിരെ പരക്കെ ആക്ഷേപമുയർന്നിട്ടുണ്ട്.  വീഡിയോ ചിത്രീകരിച്ചതിനു പിന്നിൽ ചില ഒത്തുകളികൾ നടന്നതായാണ് സംശയം. യുവാവിന്റെ പിതാവ് അറിയപ്പെടുന്ന പ്രവാസി സംരഭകനാണ്. അദ്ദേഹത്തിന്റെ ബിസിനസ് തകർക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ച ചിലർക്കൊപ്പം പോലീസും ഒത്തുകളിച്ചു എന്ന ആരോപണവും ശക്തമാണ്. വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചവർക്കെതിരെ ശക്തമായ നിയമ നടപടിക്ക് യുവാവിന്റെ ബന്ധുക്കൾ ശ്രമമാരംഭിച്ചു.

LatestDaily

Read Previous

വളരുന്ന പട്ടിണി

Read Next

ഒളിപ്പോര് നിർത്തി മാവോവാദികൾ സർക്കാരുമായി സഹകരിക്കും