തീയ്യ സമുദായ ക്ഷേത്രങ്ങൾക്ക് മറ്റു സംഘടന പരിപാടിയിൽ വിലക്ക്

ബേക്കൽ:  ഉത്തര മലബാർ ക്ഷേത്ര സംരക്ഷണ സമിതിയിൽ അംഗത്വമുള്ള ക്ഷേത്രങ്ങൾ മറ്റു സംഘടനകൾ നടത്തുന്ന പരിപാടികളിൽ പങ്കെടുക്കുന്നതിന് വിലക്ക്. 2021 ഡിസംബർ 16 ന് പ്രസിഡണ്ട് രാജൻ പെരിയയുടെ ആദ്ധ്യക്ഷതയിൽ പെരിയ ശ്രീനാരായണ കോളേജിൽ ചേർന്ന ക്ഷേത്ര സംരക്ഷണ സമിതി യോഗമാണ് മുകളിലുദ്ധരിച്ച തീരുമാനമെടുത്തത്.

2021 ഡിസംബർ 24 ന് ക്ഷേത്ര സംരക്ഷണ സമിതിയംഗങ്ങളായ ക്ഷേത്ര ഭാരവാഹികളുടെ യോഗത്തിൽ മേൽ തീരുമാനം പ്രഖ്യാപിക്കുകയും ചെയ്തു. ഉത്തര മലബാറിലെ ഒട്ടുമുക്കാൽ  ക്ഷേത്രങ്ങളും മറ്റു ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടുകൊണ്ടുള്ള പല ആചാരാനുഷ്ഠാന പരിപാടികളും കാലങ്ങളായി നടത്തി വരുന്നുണ്ട്.

ഉദാഹരണത്തിന് അജാനൂർ മടിയൻ കൂലോം ക്ഷേത്ര പാട്ടുത്സവത്തിന് ഹൊസ്ദുർഗ് താലൂക്കിലെ മറ്റു നിരവധി ക്ഷേത്രങ്ങളുമായുള്ള ആചാരാനുഷ്ഠാനങ്ങളുണ്ട്. തെയ്യം വരവും മീൻകോവ കൊണ്ടു പോകലും കലശം കുളിക്കലും, ശാലിയ പൊറാട്ട് പോലുള്ള ആചാരങ്ങളും മറ്റും ഇന്നും നടന്നുവരുന്നുണ്ട്. തീയ്യ സമുദായ ക്ഷേത്ര സംരക്ഷണ സമിതിയിൽപ്പെട്ട പാലക്കുന്ന് ശ്രീ ഭഗവതീ ക്ഷേത്രവും, തൃക്കണ്ണാട് ശിവ ക്ഷേത്രവുമായി ചരിത്രപരമായും ഐതിഹ്യപരമായും അടുത്ത ബന്ധമുണ്ട്.

മറ്റു സംഘടനകൾ നടത്തുന്ന പരിപാടികളിൽ പങ്കെടുക്കരുതെന്നാണ് തീയ്യ സമുദായ ക്ഷേത്ര സംരക്ഷണ സമിതിയുടെ നിർദ്ദേശം. “മറ്റു സംഘടനകൾ” നടത്തുന്ന പരിപാടികൾ എന്നതുകൊണ്ട് മറ്റു രാഷ്ട്രീയ സംഘടനകൾ എന്നാണോ തീയ്യ സമുദായ ക്ഷേത്ര സംരക്ഷണ സമിതി ഭാരവാഹികൾ ഉദ്ദേശിച്ചതെങ്കിൽ, സിപിഎം–ബിജെപി എന്നീ പാർട്ടി പ്രവർത്തകർ താൽപ്പര്യമെടുത്തു നടത്തുന്ന ക്ഷേത്ര പരിപാടികളിൽ സംബന്ധിക്കരുതെന്നാണോ ഉദ്ദേശിച്ചതെന്ന് പുറത്തുവന്നിട്ടില്ല.

ഇപ്പോൾ ഉത്തര മലബാർ ക്ഷേത്ര സംരക്ഷണ സമിതി ഇത്തരമൊരു തീരുമാനമെടുക്കാനുള്ള ലക്ഷ്യമെന്താണെന്നും വ്യക്തമല്ല. ഉത്തര മലബാർ തീയ്യ സമുദായ ക്ഷേത്ര സംരക്ഷണ സമിതിയിൽ ഭൂരിഭാഗവും കോൺഗ്രസ്സ് പ്രവർത്തകരും അനുഭാവികളുമാണ്. കോൺഗ്രസ്സ് ഉദുമ ബ്ലോക്ക് പ്രസിഡണ്ട്  രാജൻ പെരിയയാണ് തീയ്യ സമുദായ ക്ഷേത്ര  സംരക്ഷണ സമിതിയുടെ ജില്ലാ പ്രസിഡണ്ട്.

മറ്റു സംഘടനകൾ നടത്തുന്ന പരിപാടികളിൽ തീയ്യ സമുദായ ക്ഷേത്ര സമിതി അംഗങ്ങൾ പങ്കെടുക്കുന്നത് വിലക്കാൻ മാത്രം  അത്ര വലിയ പ്രശ്നങ്ങളൊന്നും ക്ഷേത്ര ഭരണ സമിതികൾ തമ്മിലുണ്ടാകാത്ത സാഹചര്യത്തിൽ ” പറയാതെ പറഞ്ഞ” ഈ വിലക്കിന്റെ പിന്നിലുള്ള സുതാര്യത ജനങ്ങളോട് തുറന്നു പറയേണ്ട ബാധ്യതയും കടമയും ഉത്തരമലബാർ തീയ്യ സമുദായ ക്ഷേത്ര സംരക്ഷണ സമിതി ഭാരവാഹികൾക്കുണ്ട്.

LatestDaily

Read Previous

ഒളിപ്പോര് നിർത്തി മാവോവാദികൾ സർക്കാരുമായി സഹകരിക്കും

Read Next

തേപ്പ് തൊഴിലാളിയുടെ മരണം : ഭാര്യ മുഖ്യമന്ത്രിക്ക് പരാതി നൽകി