ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ദീപ ശിഖയും കൊടിമര ജാഥയും നാളെയെത്തും
കാഞ്ഞങ്ങാട് : കമ്യൂണിസ്റ്റ് കർഷക പ്രസ്ഥാനങ്ങളുടെ ചരിത്രമുറങ്ങുന്ന മടിക്കൈയുടെ മണ്ണിൽ 21-ന് വെള്ളിയാഴ്ചയാരംഭിക്കുന്ന സിപിഎം ജില്ലാ സമ്മേളന നഗരിയിലേക്കുള്ള ദീപശിഖ പതാക കൊടിമര ജാഥകൾ നാളെ വൈകീട്ട് മടിക്കൈയിലെത്തിച്ചേരും. കോവിഡ് മഹാമാരി വ്യാപന പശ്ചാത്തലത്തിൽ പൊതുസമ്മേളനം വേണ്ടെന്ന് വെച്ചതിനാൽ, പ്രതിനിധി സമ്മേളന നഗരിയിലേക്കുള്ള പതാകയും കൊടിമരവുമായിരിക്കും ആരവങ്ങളില്ലാതെ എത്തിക്കുന്നത്.
പൈവളിഗെ രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് നാളെ രാവിലെ 10 മണിക്ക് ആരംഭിക്കുന്ന പതാക ജാഥ 1 മണിക്ക് കാസർകോട്ടും ഉച്ച തിരിഞ്ഞ് ചന്ദ്രഗിരിപ്പാലം വഴി വൈകീട്ട് 5 മണിക്ക് മടിക്കൈയിലെ സമ്മേളന നഗരിയിലുമെത്തും. ഇന്ന് നടത്താൻ തീരുമാനിച്ച രക്തസാക്ഷി കുടുംബ സംഗമം കോവിഡ് പശ്ചാത്തലത്തിൽ മാറ്റിവെച്ചു.
സമ്മേളനത്തിന്റെ ഭാഗമായി വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള സെമിനാറുകൾ, സാംസ്കാരിക കൂട്ടായ്മകൾ, കവി സമ്മേളനം എന്നിവയുൾപ്പെടെയുള്ള 103 അനുബന്ധ പരിപാടികൾ നടന്നത് വൻ ജനപങ്കാളിത്തത്തോടെയായിരുന്നുവെന്ന് സിപിഎം ജില്ലാ സിക്രട്ടറി എം.വി. ബാലകൃഷ്ണൻ സമ്മേളന സ്വാഗത സംഘം ഭാരവാഹികളായ കെ.പി. സതീഷ്ചന്ദ്രൻ, വി.കെ. രാജൻ, സി.പ്രഭാകരൻ, പാറക്കോൽ രാജൻ, കൊട്ടറ വാസുദേവ് എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ബഹുജന സ്വാധീനത്തിലും സംഘടന ശേഷിയിലും ജില്ലയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി സിപിഎമ്മാണെന്ന് നേതാക്കൾ പറഞ്ഞു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് നേരിട്ട തിരിച്ചടി മറികടക്കാൻ പിന്നീട് നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലും തുടർന്ന് 2021-ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും പാർട്ടിക്കും, ഇടതുമുന്നണിക്കും സാധ്യമായിട്ടുണ്ട്.
കൂടുതൽ ജനപിന്തുണയാർജ്ജിക്കാൻ പാർട്ടിക്ക് കഴിഞ്ഞിട്ടുള്ള സാഹചര്യത്തിൽ കോൺഗ്രസ്- മുസ്്ലീം ലീഗ് പാർട്ടികളിൽ നിന്ന് പ്രധാന പ്രവർത്തകർ ഉൾപ്പെടെ നിരവധിയാളുകൾ സിപിഎമ്മിലേക്ക് കടന്നുവന്നതായി നേതാക്കൾ അവകാശപ്പെട്ടു. ജില്ലാ ആസ്ഥാനമായ കാസർകോട്ട് സൗകര്യപ്രദമായ കെട്ടിട സമുച്ചയത്തോടെയുള്ള പാർട്ടിയാസ്ഥാനം യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞതും ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് 42 വീടുകൾ പണിതുനൽകാൻ കഴിഞ്ഞതും പാർട്ടിയുടെ പ്രധാന നേട്ടങ്ങളാണ്.
24 വീടുകളുടെ നിർമ്മാണം അന്തിമ ഘട്ടത്തിലാണെന്നും നേതാക്കൾ കൂട്ടിച്ചേർത്തു. പാർട്ടി വിപുലീകരണത്തിന്റെ ഭാഗമായി കഴിഞ്ഞ നാലു വർഷത്തിനിടെ പുതുതായി 144 ബ്രാഞ്ച് കമ്മിറ്റികളും 7 ലോക്കൽ കമ്മിറ്റികളും രൂപീകരിക്കപ്പെട്ടു. ലോക്കൽ സിക്രട്ടറിമാരിൽ 123 വനിതകൾ ഉണ്ടെന്നതും നേട്ടമായി വിലയിരുത്തപ്പെടുന്നു. വനിതകളുടെയും യുവജനങ്ങളുടെ പ്രാതിനിധ്യം ജില്ലാ ഘടകങ്ങളിലും വർധിച്ചതായും നേതാക്കൾ ചൂണ്ടിക്കാട്ടി.