ചിമ്മിനി ഹനീഫയെ കുത്തിയ കേസ്സിൽ 2 പ്രതികളെ തിരിച്ചറിഞ്ഞു

ബേക്കൽ : കോട്ടിക്കുളത്തെ ചിമ്മിനി ഹനീഫയെ പാലക്കുന്നിൽ കുത്തിവീഴ്ത്തിയ കേസ്സിൽ അഞ്ചംഗ പ്രതികളെ കണ്ടെത്താൻ പോലീസ് അന്വേഷണം ഉൗർജ്ജിതമാക്കി. 16-ന് രാത്രി 8.45-ന് പാലക്കുന്നിലെ ഹോട്ടലിന് മുന്നിൽ ഹനീഫയെ സ്വിഫ്റ്റ് കാറിലെത്തിയ സംഘം കുത്തിവീഴ്ത്തുകയായിരുന്നു. വാഹനത്തിൽ നിന്ന് ചാടിയിറങ്ങി മിന്നലാക്രമണത്തിലൂടെ ഇടതുുദരത്തിനും കൈക്കും കുത്തി സാരമായി പരിക്കേൽപ്പിച്ച ശേഷം അക്രമികൾ വന്ന വാഹനത്തിൽ സ്ഥലം വിടുകയായിരുന്നു.

ഹനീഫ മംഗ്്ളൂരു ആശുപത്രിയിൽ ചികിത്സയിലാണ്. വ്യാജ നമ്പർ പ്ലേറ്റ് പതിച്ച വാഹനത്തിലെത്തിയ അക്രമികളിൽ ചില പ്രതികളെ പോലീസ് തിരിച്ചറിഞ്ഞു. ഭീമനടി കാലിക്കടവ് ഒറ്റത്തൈ സി.എച്ച്. മുസ്തഫയുടെ  മകൻ ഒ.ടി. സമീർ എന്ന മുളകുപൊടി സമീർ എന്ന ആടുസമീർ 35, മുട്ടത്തോടി ആലംപാടി അംഗൻവാടിക്ക് സമീപം ഏർമാളം ഇ.ഏ. അബ്ദുള്ളയുടെ മകൻ അബൂബക്കർ സിദ്ദിഖ് എന്ന തമീം എന്ന തമ്മു 23, എന്നിവരെ തിരിച്ചറിഞ്ഞു. ഇവരെ പിടികൂടാൻ ബേക്കൽ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് ജനങ്ങളുടെ സഹായം തേടി.

പ്രതികളെക്കുറിച്ച് വിവരം ലഭിക്കുന്നവർ ബേക്കൽ പോലീസ് സ്റ്റേഷനിൽ 0467 2236224 നമ്പറിൽ വിവരം നൽകണമെന്ന് പോലീസ് അറിയിച്ചു. ബേക്കൽ പോലീസ് ഇൻസ്പെക്ടർ യു.പി. വിപിന്റെ നേതൃത്വത്തിൽ  അന്വേഷണം ഉൗർജ്ജിതമാക്കി. കണ്ണൂരിൽ താമസിക്കുന്ന കാസർകോട് സ്വദേശി വിനീഷിന്റെ  ഉടമസ്ഥതയിലുള്ള ബോട്ടിനെ ചൊല്ലിയുള്ള തർക്കമാണ് ഹനീഫയ്ക്ക് നേരെയുണ്ടായ വധശ്രമത്തിൽ കലാശിച്ചതെന്നാണ് പോലീസിന് ലഭിച്ച സൂചന.

ബോട്ട് കൈമാറുന്ന സമയം ഹനീഫ മുഴുവൻ പണവും നൽകിയിരുന്നില്ല. ഇതേ ചൊല്ലി തർക്കമുടലെടുക്കുകയും, പരസ്പരം വെല്ലുവിളിയുണ്ടായതിനും പിന്നാലെയാണ് ഹനീഫയെ കൊലപ്പെടുത്താൻ ശ്രമം നടന്നത്. ക്വട്ടേഷൻ ആക്രമണമാണ് പാലക്കുന്നിലുണ്ടായതെന്ന് പോലീസ് ഉറപ്പാക്കി.

വധശ്രമത്തിന് പിന്നാലെ ഹനീഫയുടെ കോട്ടിക്കുളം തൃക്കണ്ണാട് കെഎസ്ടിപി റോഡരികിലുള്ള വീട്ടിലെത്തിയ ബേക്കൽ പോലീസ് 11 ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയിരുന്നു. ഇതേവീട്ടിൽ താമസിക്കുന്ന ഹനീഫയുടെ സഹോദരന്റേതാണ് പുകയില ഉൽപ്പന്നങ്ങളെന്ന് പോലീസ് പറഞ്ഞു.

LatestDaily

Read Previous

വിദ്യാർത്ഥിനി മരിച്ചത് ത്വക്ക് രോഗ ഗുളിക അമിതമായി കഴിച്ചതിനാൽ

Read Next

സിപിഎം ബഹുദൂരം; ഏറ്റവും വലിയ ഒറ്റക്കക്ഷി