സിപിഎം ജില്ലാ സമ്മേളനത്തിന് ഒരുക്കങ്ങൾ പൂർത്തിയായി

കാഞ്ഞങ്ങാട്: മടിക്കൈയിൽ ജനുവരി 21,22, 23, തീയ്യതികളിൽ നടക്കുന്ന സിപിഎം ജില്ലാ സമ്മേളനത്തിന് ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. സിപിഎമ്മിന്റെ ശക്തി കേന്ദ്രമായ മടിക്കൈയിൽ നടക്കുന്ന ജില്ലാ സമ്മേളനം ചരിത്ര സംഭവമാകുമെന്ന് സംഘാടകർ അഭിപ്രായപ്പെട്ടു.

ജനുവരി 21-ന് രാവിലെ 9.30 നടക്കുന്ന പ്രതിനിധി സമ്മേളനത്തിന്റെ ഉദ്ഘാടനം പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്യും. 26,120 പാർട്ടി അംഗങ്ങളെ പ്രതിനിധീകരിച്ച് 150 പ്രതിനിധികളും,  35 ജില്ലാക്കമ്മിറ്റിയംഗങ്ങളും സമ്മേളനത്തിൽ പങ്കെടുക്കും. കോവിഡ് നിയന്ത്രണങ്ങൾ പൂർണ്ണമായും പാലിച്ചായിരിക്കും സമ്മേളനം.

ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടത്താനിരുന്ന അനുബന്ധ പരിപാടികൾ മാറ്റി വെച്ചതായി സംഘാടകർ പറഞ്ഞു. കൊടി, കൊടിമര,  ദീപശിഖാ റാലികളോടനുബന്ധിച്ച് നടക്കാനിരുന്ന സ്വീകരണങ്ങൾ മാറ്റി വെച്ചു. കൊടി, കൊടി മരം, ദീപശിഖ എന്നിവ വാഹനങ്ങളിൽ ബാന്റ് മേളത്തോടെ  സമ്മേളന നഗരിയിലെത്തിക്കും. ബൈക്ക് റാലിയും ഒഴിവാക്കിയിട്ടുണ്ട്.

ഉദ്ഘാടനച്ചടങ്ങിൽ മന്ത്രി എം.വി. ഗോവിന്ദൻ, പാർട്ടി കേന്ദ്രക്കമ്മിറ്റിയംഗം ഇ.പി. ജയരാജൻ,  പി.കെ. ശ്രീമതി, കെ.കെ. ശൈലജ, ആനത്തലവട്ടം ആനന്ദൻ മുതലായവർ സംബന്ധിക്കും. മടിക്കൈയിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ സിപിഎം ജില്ലാ സിക്രട്ടറി എം.വി. ബാലകൃഷ്ണൻ,  സംഘാടക സമിതി ചെയർമാൻ കെ.പി. സതീഷ്ചന്ദ്രൻ, ജില്ലാ നേതാക്കളായ വി.കെ. രാജൻ, സി. പ്രഭാകരൻ, നീലേശ്വരം ഏരിയാ സിക്രട്ടറി എം.രാജൻ, പാറക്കോൽ രാജൻ എന്നിവർ സംബന്ധിച്ചു.  മടിക്കൈയിൽ പ്രത്യേകം തയ്യാറാക്കിയ കെ. ബാലകൃഷ്ണൻ നഗറിലാണ് മൂന്ന് ദിവസത്തെ ജില്ലാ സമ്മേളനം.

LatestDaily

Read Previous

വിവാഹത്തിന് കൊറഗജ്ജ വേഷം കെട്ടിയ യുവാവിന്റെ വീടിന് കല്ലേറ്

Read Next

ഭർതൃമതിയെ ഫോണിലൂടെ ശല്യം ചെയ്ത യുവാവിനെതിരെ കേസ്സ്