ഏ.കെ.പിഏയിൽ കലാപം: ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചു

കാഞ്ഞങ്ങാട് : സംഘടനയിലെ ഉൾപ്പോര് രൂക്ഷമായതിനെത്തുർന്ന് ഫോട്ടോഗ്രാഫർമാരുടെ സംഘടനയായ ഏ.കെ.പി.ഏ ജില്ലാ കമ്മിറ്റി ഭാരവാഹികളെ തൽസ്ഥാനത്തുനിന്നും നീക്കി സംസ്ഥാന കമ്മിറ്റി ഇടപെട്ട് പുതിയ ഭാരവാഹികളെ നിശ്ചയിച്ചു. ജില്ലാ സിക്രട്ടറി സ്ഥാനത്തുണ്ടായിരുന്ന സ്റ്റുഡിയോ ഉടമയുടെ ഏകാധിപത്യ പ്രവണതകളെ ചോദ്യം ചെയ്തുകൊണ്ട് ഒരു വിഭാഗം രംഗത്ത് വന്നതോടെ സംഘടനയിൽ കുറേക്കാലമായി ആഭ്യന്തര കലഹങ്ങളുണ്ടായിരുന്നു.

കാഞ്ഞങ്ങാട്ടെ സ്റ്റുഡിയോ ഉടമയെ ഏ.കെ.പി.ഏ ജില്ലാ സിക്രട്ടറിയായി തെരഞ്ഞെടുത്തതിൽ പ്രതിഷേധിച്ച് സംഘടനയുടെ കാഞ്ഞങ്ങാട്, നീലേശ്വരം മേഖലാ ഭാരവാഹികൾ സ്ഥാനങ്ങൾ രാജിവെച്ചിരുന്നു. സ്ഥാനഭ്രഷ്ടനാക്കപ്പെട്ട സെക്രട്ടറി സംഘടനയിലെ അംഗങ്ങളോടും, മേഖലാ ഭാരവാഹികളോടും ധാർഷ്ട്യത്തോടെ പെരുമാറുന്നുവെന്ന് ആരോപണമുയർന്നിരുന്നു. ഇദ്ദേഹത്തിനെതിരെ ഉയർന്ന സ്വവർഗ്ഗ ലൈംഗികാരോപണവും, സംഘടനയ്ക്കകത്ത് ചൂടുള്ള ചർച്ചാ വിഷയമായിരുന്നു. ലൈംഗികാരോപണം നേരിട്ട സംഘടനാ നേതാവിനെതിരെ പരസ്യവും രഹസ്യവുമായി വിമർശനങ്ങളുമുണ്ടായിരുന്നു.

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് തെരഞ്ഞെടുക്കപ്പെടുന്ന സംഘടനാ മെമ്പർമാരിൽ നിന്ന് സംഘടനാ വിഹിതമായി പണം പിരിച്ചെടുക്കാറുണ്ടായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് നിയോഗിക്കപ്പെട്ടവരിൽ നിന്ന് ഡ്യൂട്ടി ഒന്നിന് 500 രൂപതോതിൽ വാങ്ങിക്കാനുള്ള മുൻ ജില്ലാ സെക്രട്ടറിയുടെ നീക്കം പ്രതിഷേധത്തിനിടയാക്കിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു ദിവസത്തെ വീഡിയോഗ്രാഫിക്കുള്ള പ്രതിഫലം 2200 രൂപയാണ്. ഇതിൽ നിന്നും 500 രൂപ സംഘടനയ്ക്ക് നൽകണമെന്നാണ് മുൻസെക്രട്ടറി വാശി പിടിച്ചത്. അതേസമയം, അംഗീകൃത ഫോട്ടോഗ്രാഫി സംഘടനയായ കെ.പി.വി.യു  തുച്ഛമായ തുകയാണ് അംഗങ്ങളിൽ നിന്നും പിരിച്ചെടുത്തിരുന്നത്.

ഇത് ചൂണ്ടിക്കാട്ടിയാണ് ഏ.കെ.പി.ഏ. അംഗങ്ങൾ പ്രതിഷേധമുയർത്തിയത്. ഇതടക്കമുള്ള വിഷയങ്ങളിൽ സംഘടനയ്ക്കകത്ത് കലാപം രൂക്ഷമായിരുന്നു. സുതാര്യമല്ലാത്ത സാമ്പത്തിക ഇടപാടുകളും കലഹത്തിന് മൂർച്ചകൂട്ടി. സംഘടന തകർച്ചയുടെ വക്കിലെത്തിയപ്പോഴാണ് സംസ്ഥാന നേതൃത്വം ഇടപെട്ട് ജില്ലാ നേതാക്കളെ മാറ്റിയത്. ആരോപണ വിധേയനായ ജില്ലാ സെക്രട്ടറിയെ മാറ്റാനാണ് തീരുമാനമെടുത്തിരുന്നതെങ്കിലും അദ്ദേഹം സ്ഥാനമൊഴിയാൻ തയ്യാറായില്ല. ഇതേത്തുടർന്ന് ജില്ലാ കമ്മിറ്റി തന്നെ പുന:സംഘടിപ്പിക്കുകയായിരുന്നു. ഉദുമയിലെ എൻ. ഭരതനാണ് പുതിയ ജില്ലാ പ്രസിഡണ്ട്. ഏ. വാസുവിനെ സെക്രട്ടറിയായും, പി.വി. വേണുവിനെ ട്രഷററായും തെരഞ്ഞെടുത്തു.

LatestDaily

Read Previous

കർണ്ണാടക സ്വദേശിനിയുടെ ആത്മഹത്യ : ബീഹാർ യുവാവ് അറസ്റ്റിൽ

Read Next

സിപിഎം സമ്മേളനം; സെൽഫോണിന് നിയന്ത്രണം