ആപ്പിളിൽ മയക്കുമരുന്ന് കടത്തുന്നു

കാഞ്ഞങ്ങാട്: കർണ്ണാടകയിൽ നിന്ന് കേരളത്തിലേക്ക് ആപ്പിളിൽ മയക്കുമരുന്ന് കടത്തുന്നു. ആപ്പിൾ നെടുങ്ങനെ മുറിച്ച് ഉൾഭാഗം തുരന്നുമാറ്റിയശേഷം എംഡിഎംഏ എന്ന രാസലഹരി പദാർത്ഥം അകത്ത് നിറച്ച് ആപ്പിൾ അതേപടി നേരിയ പ്ലാസ്റ്റിക് ടേപ്പുപയോഗിച്ച് ഒട്ടിച്ചുവെക്കുകയും, കാർഡ് ബോർഡ് പെട്ടിയിൽ ഒരിക്കലും തിരിച്ചറിയാൻ കഴിയാത്ത വിധം കർണ്ണാടകയിൽ നിന്ന് കേരളത്തിലേക്ക് വാഹനത്തിൽ കയറ്റി അയക്കുകയുമാണ് ചെയ്തുവരുന്നത്. പഴ വർഗ്ഗങ്ങൾ കയറ്റി വരുന്ന അടച്ചുറപ്പുള്ള ലോറികൾ, വഴിയിൽ പോലീസ് അത്രകണ്ട് പരിശോധിക്കാറില്ല. ബംഗളൂരുവാണ് എംഡിഎംഏ മയക്കുമരുന്നിന്റെ പ്രധാന മൊത്ത വിപണന കേന്ദ്രം.

വിദേശത്ത് നിന്ന് വിമാനത്തിലിറക്കുന്ന കോടികളുടെ മയക്കുമരുന്ന് വൻകിട ലഹരി വിൽപ്പന വ്യാപാരികൾ ഏറ്റെടുക്കുകയും, ഇന്ത്യയിലെ പ്രധാന പട്ടണങ്ങളിലെ ചില്ലറ വ്യാപാരികളുടെ രഹസ്യ കേന്ദ്രങ്ങളിലെത്തിക്കുന്നതിനാണ് ആപ്പിൾ കടത്ത്  . സാധാരണ വലിപ്പത്തിലുള്ള ഒരു ആപ്പിളിൽ 5 ലക്ഷം രൂപ വരെ വിലമതിക്കുന്ന  എംഡിഎംഏ രാസലഹരി പദാർത്ഥം കയറ്റി അയക്കാൻ കഴിയുമെന്ന് ലഹരിക്കടത്തിൽ  ജയിലിലായ  വിദഗ്ധൻ  വെളിപ്പെടുത്തുന്നു.

ഈ നിലയിൽ 10 ആപ്പിളുകളിൽ അര കോടി രൂപയുടെ മയക്കുമരുന്ന് കടത്താൻ സാധിക്കും. നഗരങ്ങളിലെ പഴവർഗ്ഗ വ്യാപാരികളിൽ പലരും അടുത്ത കാലത്ത് കോടികൾ സമ്പാദിച്ചവരാണ്. ഒരാൾക്ക് തന്നെ മൂന്നോ, നാലോ പഴവർഗ്ഗക്കടകൾ നഗരത്തിൽ പ്രവർത്തിക്കുന്നുണ്ട്. 50 ബസ്സുകൾ കയറ്റിവെക്കാൻ പാകത്തിലുള്ള ഗോഡൗണുകളാണ് പഴവർഗ്ഗ വ്യാപാരികൾ പലയിടത്തും സ്ഥാപിച്ചിട്ടുള്ളത്.

കാഞ്ഞങ്ങാട്ടെ ഒരു പഴവർഗ്ഗക്കടയിൽ ജോലി നോക്കിയിരുന്ന കാഞ്ഞങ്ങാടിന്റെ തീരദേശത്ത് താമസിക്കുന്ന ഒരു യുവാവിനെയും കൂട്ടാളിയേയും എംഡിഎംഏ മയക്കുമരുന്നുമായി ഹൊസ്ദുർഗ് പോലീസ് അറസ്റ്റ് ചെയ്തത് 2021 ഡിസംബർ ഒടുവിലാണ്. ഇവരിലൊരാൾ നഗരത്തിലെ ഒരു പഴവർഗ്ഗക്കടയിലെ ജീവനക്കാരനാണ്. ഇരുവരും ഇപ്പോൾ ജയിലിലാണ്. കാഞ്ഞങ്ങാട് നഗരത്തിൽ ഒരു പഴവർഗ്ഗ സ്ഥാപനത്തിന് മൂന്ന് വൻ വിൽപ്പന കേന്ദ്രങ്ങളും ഒരു കൂറ്റൻ ഗോഡൗണും നിലവിലുണ്ട്. പോയ 10 മാസത്തിന് ശേഷമാണ് ഇത്തരം പഴ വർഗ്ഗ – പച്ചക്കറി  സ്ഥാപനങ്ങൾ  പെട്ടെന്ന് പടർന്നുപന്തലിച്ചത്.

LatestDaily

Read Previous

കാഞ്ഞങ്ങാട്ട് ലക്ഷങ്ങളുടെ രാസലഹരി പിടികൂടി മൂന്ന് യുവാക്കൾ പിടിയിൽ

Read Next

ഹോസ്റ്റൽ പീഡനം: 2 പേർ അറസ്റ്റിൽ