നീലേശ്വരം പള്ളി പുനർനിർമ്മാണത്തിന്റെ കണക്കില്ല; വൗച്ചറുമില്ല; പിരിച്ചത് 3 കോടി ചിലവ് 1.3 കോടി

നീലേശ്വരം: മാർക്കറ്റിലെ തർബ്ബിയത്തുൽ ഇസ്്ലാം ജുമാഅത്ത് പള്ളി പുതുക്കി പണിയാൻ വിദേശത്ത് നിന്നും നാട്ടിൽ നിന്നും പള്ളി കമ്മിറ്റി  ശേഖരിച്ചത് 3 കോടി രൂപ. ഈ തുകയിൽ പള്ളി പുനർനിർമ്മാണത്തിന് പള്ളി കമ്മിറ്റി ആകെ ചെലവഴിച്ചത് ഒന്നേകാൽ കോടി രൂപ. ബാക്കി വന്ന ഒന്നേ മുക്കാൽ കോടി രൂപയ്ക്ക് യാതൊരു കണക്കും ബില്ലുകളും വൗച്ചറുകളും ജമാഅത്ത് കമ്മിറ്റിയുടെ കൈയ്യിൽ നിലവിലില്ല. പള്ളി പുനർനിർമ്മാണത്തിൽ  ഒന്നേമുക്കാൽ കോടി രൂപയുടെ അഴിമതി ആരോപിച്ച് നാട്ടുകാരും വിശ്വാസികളും സംസ്ഥാന വഖഫ് ബോർഡിനുമുന്നിൽ  സമർപ്പിച്ച പരാതിയിൽ പള്ളി പുനർ നിർമ്മാണത്തിൽ ഒന്നേ മുക്കാൽ കോടി രൂപയുടെ അഴിമതി നടന്നുവെന്ന് ആരോപിച്ചിട്ടുണ്ട്. നീലേശ്വരം പട്ടണത്തിലെ പ്രധാനപ്പെട്ട  ആരാധനാലയമാണ്  മാർക്കറ്റ് ജംഗ്ഷനിലുള്ള തർബ്ബിയത്തുൽ  ഇസ്്ലാം ജുമാഅത്ത് പള്ളി.

40 വർഷക്കാലം ഈ പള്ളിയിൽ ഖാസിയായി വിശ്വാസികളെ സേവിച്ച ഇ.കെ. മെഹമൂദ് മുസല്യാർ 6 മാസങ്ങൾക്ക് മുമ്പാണ് മരണപ്പെട്ടുപോയത്.അതിനുശേഷം ഇന്നുവരെ പുതിയൊരു ഖാസിയെ കണ്ടെത്താനും, നിയമിക്കാനും, നിലവിലുള്ള ജമാഅത്ത് കമ്മിറ്റി ശ്രമിച്ചിട്ടില്ല. പള്ളി പുതുക്കി പണിത കണക്കുകൾ ജമാഅത്ത് ജനറൽ ബോർഡിയിൽ അവതരിപ്പിക്കണമെന്ന് വിശ്വാസികൾ ആവശ്യപ്പെട്ടിട്ട് മാസങ്ങൾ കഴിഞ്ഞുവെങ്കിലും, കമ്മിറ്റി മുമ്പാകെ അവതരിപ്പിക്കാൻ ജമാഅത്ത് കമ്മിറ്റിയുടെ കൈയ്യിൽ യാതൊരു കണക്കുകളും നിലവിലില്ല.

19 ജമാഅത്ത് കമ്മിറ്റി അംഗങ്ങളെ കഴിഞ്ഞയാഴ്ച വഖഫ് ബോർഡ് നോട്ടീസ് നൽകി കോഴിക്കോട്ടേയ്ക്ക് വിളിപ്പിച്ചിരുന്നു. പള്ളി പുഃനർനിർമ്മാണത്തിന്റെ കണക്കുകളും വൗച്ചറുകളും ബില്ലുകളും സിമന്റും കമ്പിയും അടക്കമുള്ള സാധാന സാമഗ്രികൾ വാങ്ങിയതും തൊഴിലാളികൾക്ക് കൂലി നൽകിയതുമായ വൗച്ചറുകൾ ആവശ്യപ്പെട്ടിട്ടും വഖഫ് ബോർഡിനുമുന്നിൽ ഹാജരാക്കാൻ ജമാഅത്ത് കമ്മിറ്റിക്ക് സാധിച്ചിട്ടില്ല.

കണക്കുപുസ്തകങ്ങളും വൗച്ചറുകളുംവഖഫ് ബോർഡ് ആവശ്യപ്പെട്ടപ്പോൾ പ്രസിഡണ്ടും സെക്രട്ടറിയും ജമാഅത്ത് കമ്മിറ്റി അംഗങ്ങളും കൈമലർത്തുകയായിരുന്നു. ഇതുകൊണ്ടുതന്നെയാണ് പള്ളി പുനർനിർമ്മാണത്തിൽ ഒന്നേമുക്കാൽ കോടി രൂപയുടെ അഴിമതി മറനീക്കി പുറത്തുവന്നത്. ജനുവരി 15-ന് ശനിയാഴ്ച പള്ളി പുനർനിർമ്മാണത്തിന്റെ എല്ലാ കണക്കുകളും ഹാജരാക്കണമെന്ന് വഖഫ് ബോർഡ് ആവശ്യപ്പെട്ടിട്ടുണ്ട്.

പള്ളി പുനർനിർമ്മാണത്തിന് ഈ മുസ്്ലീം നിസ്ക്കാര പള്ളിയുടെ പരിധിയിലുള്ള ഓരോ വീടുകളിൽ നിന്നും രണ്ട് ലക്ഷം രൂപ വരെ വിശ്വാസികൾ സംഭാവനയായി നൽകിയിട്ടുണ്ട്. വിദേശത്ത് നിന്നും ലക്ഷങ്ങൾ വരുന്ന പണം പള്ളി പുനർനിർമ്മാണത്തിന് അയച്ചുകൊടുത്തിട്ടുണ്ട്.

ഇപ്പോൾ പുറത്ത് വന്നിട്ടുള്ള അഴിമതി സംഭവം ഒതുക്കിത്തീർക്കാമെന്ന് പ്രസിഡണ്ടടക്കമുള്ള 19 അംഗം ജമാഅത്ത് കമ്മിറ്റി പരാതിക്കാർക്ക് മുന്നിൽ നിർദ്ദേശം വെച്ചുവെങ്കിലും, 3 കോടി രൂപയുടെ വ്യക്തമായ കണക്കുകൾ യോഗം വിളിച്ച്  വിശ്വാസികൾക്ക് മുന്നിൽ ഹാജരാക്കണമെന്നാണ് പരാതിക്കാരുടെ പ്രധാന ആവശ്യം. അതല്ലാതെ മറ്റ് യാതൊരു ഒത്തുത്തീർപ്പുകൾക്കും തങ്ങളില്ലെന്ന് പരാതിക്കാരായ യുവാക്കൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Read Previous

കോടിയേരിക്കടുത്ത് കോൺഗ്രസ് നേതാവിന്റെ വീടിന് നേരെ ബോംബേറ്

Read Next

ഹോസ്റ്റലിൽ അതിക്രമിച്ച് കയറി പെൺകുട്ടികളെ പീഡിപ്പിച്ചു