കോവിഡ് മൂന്നാം തരംഗം

കോവിഡിന്റെ മൂന്നാം തരംഗം പടിവാതിൽക്കലെത്തി നിൽക്കുന്നുവെന്ന സന്ദേശങ്ങൾ ഏറെ ആശങ്കയുളവാക്കുന്നതാണ്. കോവിഡിന്റെ രണ്ട് വേലിയേറ്റങ്ങളിൽ കാലിടറി നിൽക്കുന്ന ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ മൂന്നാം തരംഗം എപ്രകാരം ബാധിക്കുമെന്നത് തന്നെയാണ് ഏറ്റവും വലിയ ആശങ്ക. ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ അനുദിനമുണ്ടായിക്കൊണ്ടിരിക്കുന്ന വർധനവ് മൂന്നാം തരംഗത്തിന്റെ സൂചന തന്നെയാണ്.

അടുത്ത മാസമാകുമ്പോഴേക്ക് കോവിഡ് മൂന്നാം തരംഗം അതിന്റെ വിശ്വരൂപം പുറത്തെടുക്കുമെന്ന് തന്നെയാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. കോവിഡ് ഭീതി അവസാനിച്ചെന്ന ആശ്വാസത്തിനിടെ വന്ന മൂന്നാം തരംഗ ഭീഷണിയെ രാജ്യം എങ്ങനെ ചെറുക്കുമെന്നാണ് പ്രധാന വിഷയം. കോവിഡ് പ്രതിരോധ വാക്സിനേഷനിൽ ഇന്ത്യ ബഹുദൂരം മുന്നേറിയിട്ടുണ്ടെന്നത് മാത്രമാണ് അൽപ്പം ആശ്വാസം. കേരളത്തിൽ നൂറ് ശതമാനത്തോളം പേർ ഒന്നാം ഡോസ് പ്രതിരോധ വാക്സിനേഷനും ജനസംഖ്യയുടെ ഭൂരിഭാഗവും രണ്ടാം ഡോസ് വാക്സിനും സ്വീകരിച്ചു കഴിഞ്ഞു.

കുട്ടികൾക്കുള്ള കോവിഡ് പ്രതിരോധ വാക്സിനേഷനും കൂടി ആരംഭിച്ചതോടെ വാക്സിനേഷനിൽ ഇന്ത്യയിലെ മറ്റുള്ള സംസ്ഥാനങ്ങളേക്കാൾ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കേരളം വളരെയേറെ മുന്നിലാണ്. മതവിശ്വാസങ്ങളുടെ പേരിൽ കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിക്കാത്ത ഒരു വിഭാഗം ആൾക്കാർ കേരളത്തിലുണ്ട്. അവരെ അവർ തന്നെ രക്ഷിക്കുമെന്ന് പ്രത്യാശിക്കാൻ മാത്രമേ നിർവ്വാഹമുള്ളു.കോവിഡിന്റെ മൂന്നാം തരംഗം പടിവാതിൽക്കൽ എത്തുകയും വേഷപ്രച്ഛന്നരായ കോവിഡ് വൈറസുകൾ ഒമിക്രോൺ എന്ന പുതുപേരിൽ മാനവരാശിയെ പിടിമുറുക്കുകയും ചെയ്ത സാഹചര്യത്തിലാണ് പുതുവൽസരം പിറന്നു വീണത്.

രണ്ടാം തരംഗം പതിയെ കെട്ടടങ്ങി ഒന്ന് നെടുവീർപ്പിടാൻ കഴിയുന്നതിന് മുമ്പെയാണ് ഒമിക്രോണും കോവിഡ് മൂന്നാം തരംഗവും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വൈറസ് പിൻവാങ്ങിയെന്നാശ്വസിക്കാൻ സമയമായില്ലെന്ന് സാരം. കോവിഡ് മൂന്നാം തരംഗമെന്നത് സ്വയം കൃതാനര്ത്ഥമാണെന്നതിൽ യാതൊരു സംശയവുമില്ല. കോവിഡ് അടച്ചിടലിന്  ശേഷം നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതോടെ പൊതുജനം നിയന്തണ ണങ്ങളുടെ ചങ്ങലക്കെട്ടുകളെല്ലാം വലിച്ചെറിഞ്ഞ് തോന്നുംപടി ജീവിച്ചതാണ്  കോവിഡ് മൂന്നാം തരംഗത്തിന്റെ ഉൽഭവത്തിന് കാരണമെന്നതിൽ യാതൊരു തർക്കവുമില്ല.

പൊതുസ്ഥലങ്ങളിലും ബസ്സുകളിലും മാർക്കറ്റുകളിലും തിക്കിത്തിരക്കി കോവിഡ് മാനദണ്ഡങ്ങൾ  ലംഘിച്ച പൊതുജനം സ്വയം വരുത്തിവച്ചതാണ് മൂന്നാം തരംഗ ഭീഷണി. സർക്കാർ നിയന്ത്രണങ്ങളെല്ലാം ലംഘിച്ച് തോന്ന്യാസത്തിന്റെ റിപ്പബ്ലിക്കുകൾ സ്ഥാപിച്ച പൊതുജനം കോവിഡിന്റെ രണ്ട് തരംഗങ്ങൾ മറന്ന മട്ടിലാണ് പെരുമാറുന്നത്. വിവാഹങ്ങളിലും മരണാനന്തര ചടങ്ങുകളിലും പൊതു പരിപാടികളിലും ഉൽസവങ്ങളിലും പങ്കെടുക്കാവുന്ന പരമാവധി ആൾക്കാരുടെ എണ്ണത്തിൽ സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും, ജനം ഇതൊന്നും അനുസരിക്കുന്ന മട്ടില്ല.

അടുത്ത ദിവസം ലോകാവസാനം എന്ന മട്ടിലാണ് ജനം വിവാഹച്ചടങ്ങുകളും മരണാനന്തര ചടങ്ങുകളും മറ്റ് സ്വകാര്യ ചടങ്ങുകളും സംഘടിപ്പിക്കുന്നത്. കാലനെപ്പോലും ഭയമില്ലാതെ പൊതുജനം പെരുമാറിയാൽ സർക്കാരിന് എന്ത് ചെയ്യാൻ കഴിയും. രാഷ്ട്രീയ പാർട്ടികളടക്കമുള്ള സംഘടനകളും കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി രോഗവ്യാപനഭീഷണി വർദ്ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

നട്ടെല്ല് തകർന്ന സമ്പദ് വ്യവസ്ഥയെ കോവിഡ് മൂന്നാം തരംഗം എപ്രകാരം ബാധിക്കുമെന്ന് തിരിച്ചറിയാൻ സാമ്പത്തിക ശാസ്ത്രം പഠിക്കുകയൊന്നും വേണ്ടതില്ലാത്തതിനാൽ   കരുതലോടെ പ്രവർത്തിക്കാനുള്ള വിവേകബുദ്ധി പൊതുജനം കാണിച്ചാൽ അവർക്ക് കൊള്ളാം.  അല്ലാത്ത പക്ഷം മൂന്നാം തരംഗത്തിന്റെ ഫലങ്ങൾ അനുഭവിക്കുകയേ നിവൃത്തിയുള്ളൂ.

LatestDaily

Read Previous

ബൈക്ക് കവർച്ചാ പ്രതി റിമാന്റിൽ

Read Next

എലിവിഷം കഴിച്ച പെൺകുട്ടി മരിച്ചു