കാഞ്ഞങ്ങാട് : നയാബസാറിൽ നിന്ന് മോട്ടോർ ബൈക്ക് കവർച്ച ചെയ്ത കേസിലെ പ്രതി റിമാന്റിൽ. വയനാട് താമരശ്ശേരി മുക്കം പൂവളം അയ്ത്തലക്കോട്ടെ സാനുവിനെയാണ് 20 ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് ഒന്ന് കോടതി റിമാന്റ് ചെയ്തത്. കാഞ്ഞങ്ങാട് ഉദയം കുന്നിലെ സുകേഷിന്റെ ബൈക്കാണ് ഈ മാസം നാലിന് പുലർച്ചെ കവർന്നത്.
സുകേഷ് 5 മണിക്ക് ജിംനേഷ്യത്തിൽ പരിശീലനത്തിനെത്തിയ ശേഷം നയാബസാറിൽ നിർത്തിയിട്ടതായിരുന്നു ബൈക്. താമരശ്ശേരി പോലീസ് വാഹന പരിശോധന നടത്തുന്നതിനിടെയാണ് നമ്പർ പ്ലേറ്റില്ലാതെ കണ്ട ബൈക്ക് പിടികൂടിയത്. എഞ്ചിൻ നമ്പർ പരിശോധിച്ചതിൽ ആർസി ഉടമയെ കണ്ടെത്തി ഹൊസ്ദുർഗ് പോലീസിന് വിവരം കൈമാറി. സബ്ഇൻസ്പെക്ടർ കെ.പി.സതീഷ് താമരശ്ശേരിയിലെത്തി പ്രതിയെ കസ്റ്റഡിയിലെടുത്ത് കാഞ്ഞങ്ങാട്ടെത്തിക്കുകയായിരുന്നു.
സാനു നേരത്തെ മാണിക്കോത്ത്, കാസർകോട് ഭാഗങ്ങളിൽ താമസിച്ചിരുന്നു. പ്രതിക്കിപ്പോഴും കാഞ്ഞങ്ങാട്ട് സുഹൃദ് വലയങ്ങളുണ്ട്. കാസർകോട് നടന്ന മറ്റൊരു കവർച്ചയിൽ പങ്കുള്ളതായി സൂചന ലഭിച്ചതിനെ തുടർന്ന് പോലീസ് അന്വേഷിക്കുന്നു.