ഗൃഹനാഥൻ ട്രെയിനിന് ചാടി ജീവനൊടുക്കിയത് അയൽവാസികളുടെ മാനസിക പീഡനം മൂലം

ബേക്കൽ : ഉദുമ റെയിൽപ്പാളത്തിൽ ചാടി ഗൃഹനാഥൻ ജീവനൊടുക്കിയത് അയൽവാസികളുടെ കടുത്ത പീഡനം മൂലം. പൊയിനാച്ചി പറമ്പ് ചെറുകര ഗോപാലനെ 62, ബുധനാഴ്ച രാവിലെയാണ് ഉദുമ സർവ്വീസ് സഹകരണ ബാങ്കിന് മുൻവശം റെയിൽപ്പാളത്തിൽ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.

ഭാര്യ ജയ, മക്കളായ ജഗേഷ്, ജിനേഷ്, ജിതേഷ് എന്നിവർക്കൊപ്പം പറമ്പ് ചെറുകരയിൽ താമസിച്ചുവരികയായിരുന്ന ഗോപാലനും കുടുംബവും. നാളുകളായി ഉപയോഗിക്കുന്ന റോഡിൽ സമീപവാസികളായ ഒരുസംഘം വഴിതടഞ്ഞ്, വഴിയിൽ കല്ലുകെട്ടി.  ഇദ്ദേഹത്തിന്റെ ടാറ്റാ നാനോകാർ വീട്ടിൽ നിന്ന് പുറത്തിറക്കാൻ കഴിയാത്ത രീതിയിൽ മാർഗ്ഗ തടസ്സമുണ്ടാക്കി.

വീട്ടിൽ നിന്ന് പുറത്തുകടക്കാൻ മറ്റ് മാർഗ്ഗമില്ലാതെ വഴിയിൽ കെട്ടിപ്പൊക്കിയ മതിൽ ചാടിക്കടന്നാണ് ഗോപാലനും കുടുംബവും വീട്ടിൽ നിന്ന് പുറത്തെത്തിയിരുന്നത്. ഗോപാലനും കുടുംബവും മതിൽ ചാടിക്കടന്നതോടെ മതിൽ കെട്ടിപ്പൊക്കി കൂടുതൽ ഉയരത്തിലാക്കി. ഇതേത്തുടർന്ന് ഗോപാലൻ കടുത്ത മാനസിക സമ്മർദ്ദത്തിലായി ജീവനൊടുക്കുകയായിരുന്നുവെന്നാണ് ആരോപണം.

വഴിതടഞ്ഞതുമായി ബന്ധപ്പെട്ട് ഇദ്ദേഹം അയൽവാസികൾക്കെതിരെ കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലായിരുന്നു. ഹൊസ്ദുർഗ്ഗ് ബാറിലെ അഭിഭാഷകനെ വക്കാലത്ത് ഏൽപ്പിച്ച് മടങ്ങിയത് രണ്ട് ദിവസം മുമ്പാണ്. അയൽവാസികളുടെ പീഡനത്തെത്തുടർന്ന് ഗൃഹനാഥൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രേരണ കുറ്റമുൾപ്പെടെ ചുമത്തി കേസ്സെടുക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ പോലീസിനെ സമീപിക്കാനുള്ള ഒരുക്കത്തിലാണ്.

LatestDaily

Read Previous

ഇന്ത്യൻ കോഫി ഹൗസ് പുതിയകോട്ടയിൽ

Read Next

ബൈക്ക് കവർച്ചാ പ്രതി റിമാന്റിൽ