ഖാസിയുടെ കബറിടത്തിന്റെ മറ നീക്കിയത് പള്ളി ഭാരവാഹികളും ഗുജ് രിക്കാരും

ഗുജ് രിക്കാരായ മുരുകനെയും മുത്തുവിനെയും സഹായത്തിന് വിളിച്ചു, മറ പൊളിച്ചു കടത്തിയ സിസിടിവി ദൃശ്യങ്ങൾ  പുറത്ത്

നീലേശ്വരം: അന്തരിച്ച ഖാസി ഇ. കെ. മഹ്മൂദ് മുസ്ല്യാരുടെ കബറിടത്തിന് മുകളിൽ സ്ഥാപിച്ച ഇരുമ്പുമറ നീക്കം ചെയ്തത് നിലവിലുള്ള പള്ളിക്കമ്മിറ്റി ഭാരവാഹികളാണെന്ന് സിസിടിവി ദൃശ്യങ്ങളിൽ കണ്ടെത്തി. നാൽപ്പതിനായിരം രൂപ  ചെലവിട്ട് ഖാസിയുടെ പ്രിയപ്പെട്ടവർ പണിതു സ്ഥാപിച്ച ഇരുമ്പു മറ സ്ഥാപിച്ചത് 2021 നവംബർ 4 ന് രാത്രി പത്തു മണിയോടെയാണ്.

ഇരുമ്പുമറ ഉയർത്തിവെച്ച് വെൽഡ് ചെയ്യുന്ന ജോലി ബാക്കിയുണ്ടായിരുന്നു. നവംബർ 5 ന് വെള്ളിയാഴ്ച പുലർച്ചെ ഈ ഇരുമ്പുമറ  അറുത്തെടുത്ത് ഗുജ്്രിക്കാരുടെ സഹായത്തോടെ ലോറിയിൽക്കയറ്റി കടത്തിക്കൊണ്ടു പോവുകയായിരുന്നു. ഇരുമ്പുമറ അറുത്തുമാറ്റുമ്പോൾ, പുലർകാലം പള്ളി ഖബർ സ്ഥാനിലേക്കുള്ള സിസിടിവി ക്യാമറകളുടെ സ്വിച്ച് ഒാഫ് ചെയ്തുവെച്ചുവെങ്കിലും, സ്വിച്ച് ശരിയായ രീതിയിൽ ഒാഫാകാതിരുന്നത്  മൂലം, സിസിടിവി ക്യാമറ ബാക്കപ്പിൽ ഇരുമ്പുമറ കടത്തിക്കൊണ്ടുപോകുന്ന ദൃശ്യവും, മറ മുറിച്ചു മാറ്റാൻ നേതൃത്വം നൽകിയ  ജമാഅത്ത് കമ്മിറ്റി ഭാരവാഹികളിൽപ്പെട്ട ചിലരുടെ ദൃശ്യവും പതിഞ്ഞു കിട്ടിയിട്ടുണ്ട്.

മുറിച്ചു മാറ്റിയ ഇരുമ്പ് മറ 35,000 രൂപയ്ക്ക്  പുറമെ വിറ്റതായി മുറിക്കാൻ സഹായിച്ച ഗുജ്്രിക്കാരും വെളിപ്പെടുത്തിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളിൽ ഗുജ്്രിക്കാരായ മുത്തു മുരുഗൻ, പള്ളി കമ്മിറ്റി മുൻ പ്രസിഡണ്ട്, നിലവിലുള്ള സിക്രട്ടറി, നിരവധി കേസ്സുകളിൽ പ്രതിയായ മറ്റൊരു യുവാവ് എന്നിവരെയും  വ്യക്തമായി കാണുന്നുണ്ട്. ഖാസി ഖബറിടം മഴയും വെയിലും കൊള്ളാതെ സംരക്ഷിക്കാൻ  വിശ്വാസികൾ പണി തീർത്തുവെച്ച ഇരുമ്പുമറ മോഷണം ചെയ്തുകൊണ്ടുപോയ സംഭവത്തിൽ ഒരു വിഭാഗം പോലീസിൽ പരാതി നൽകിയിരുന്നുവെങ്കിലും, എന്തുകൊണ്ടോ പോലീസ് കേസ്സ്  റജിസ്റ്റർ ചെയ്തിരുന്നില്ല. ഇപ്പോൾ സംഭവം പുറത്തു വന്നതോടെ ഖാസിയുടെ ഇഷ്ടക്കാരും  വിശ്വാസികളും കടുത്ത പ്രതിഷേധത്തിലാണ്.

നീലേശ്വരം തർബിയത്തുൽ ഇസ്ലാംസഭ ജുമാ അത്ത് പള്ളി പുതുക്കിപ്പണിയാൻ 3 കോടി രൂപ സമാഹരിച്ചിരുന്നു. ഈ പണത്തിൽ ഒന്നേമുക്കാൽ  കോടി രൂപ  കമ്മിറ്റി തട്ടിയെടുത്തുവെന്ന പരാതിയിൽ  സംസ്ഥാന വഖഫ് ബോർഡിൽ കഴിഞ്ഞ ദിവസം എതൃകക്ഷികളായ 19  ജമാഅത്ത് കമ്മിറ്റി അംഗങ്ങൾക്ക് നോട്ടീസ് നൽകി വിളിപ്പിച്ചിരുന്നു. 19 പേരും കോഴിക്കോട്ട് വഖഫ് ബോർഡിൽ ഹാജരായിരുന്നു.  പരാതിക്കാരുടെ വാദം കേൾക്കാൻ ഈ വഖഫ് അന്യായം ജനുവരി 15 ലേക്ക് മാറ്റിവെച്ചിട്ടുണ്ട്.

LatestDaily

Read Previous

നഗരത്തിലെ ട്രാഫിക്ക് കുരുക്കിന് കൂട്ടായി ചരക്ക് ലോറികളും

Read Next

രേഷ്മ: സമരം ശക്തമാക്കി ദളിത് സംഘടനകൾ