ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ജീവിതത്തിന്റെ പാതിവഴിയിലെത്തും മുമ്പേ ഒരു ജീവൻ കൂടി കഠാര രാഷ്ട്രീയത്തിന്റെ കൊടും പകയിൽ കുരുങ്ങി ഒടുങ്ങിയിരിക്കുകയാണ്. ഗാന്ധിജിയുടെ പാരമ്പര്യം അവകാശപ്പെടുന്ന അഹിംസാവാദികളുടെ പിൻമുറക്കാരാണ് ഇക്കുറി ഒരു വിദ്യാർത്ഥിയുടെ ജീവൻ കഠാരത്തുമ്പിൽ കൊരുത്തതെന്ന് മാത്രം.
കൊലയ്ക്ക് പിന്നാലെ കൊലയാളിയെ ന്യായീകരിച്ച് ഒരുവിഭാഗവും അപലപിച്ച് മറുവിഭാഗവും പതിവ് ഉപചാരങ്ങൾ ആരംഭിച്ചിട്ടുമുണ്ട്. രാഷ്ട്രീയത്തിന്റെ പേരിലുള്ള കൊലപാതകങ്ങൾ ഏറ്റവും വലിയ ആഭാസമാണെന്ന തിരിച്ചറിവ് കഠാരയേന്തുന്ന കാപാലിക രാഷ്ട്രീയ പ്രത്യയ ശാസ്ത്രങ്ങൾക്ക് എന്നാണുണ്ടാകുകയെന്നതാണ് പ്രസക്തമായ ചോദ്യം. സഹജീവിയുടെ നെഞ്ചിൽ അറപ്പില്ലാതെയും കൈവിറയ്ക്കാതെയും കത്തികുത്തിത്താഴ്ത്തുന്ന രാഷ്ട്രീയത്തെ എന്ത് പേരിട്ടാണ് വിളിക്കാൻ കഴിയുക. അപരന്റെ ചോരനുണഞ്ഞ നാവുമായി ഇളിച്ച ചിരിയോടെ കൊലയാളിയെ ന്യായീകരിക്കാനെത്തുന്നവരെ എന്ത് പേരിട്ടാണ് വിളിക്കേണ്ടത്.
രാഷ്ട്രീയത്തിലെ ഭിന്നാഭിപ്രായങ്ങളെ കഠാര കൊണ്ട് നിശ്ശബ്ദരാക്കാമെന്നതിൽപ്പരം മണ്ടത്തരം മറ്റൊന്നില്ല തന്നെ. സർഗ്ഗാത്മക ചിന്തകളുയരേണ്ട കലാലയങ്ങളിൽ കഠാരകൊണ്ട് ചോരപ്പൂക്കളം തീർക്കുന്ന മനുഷ്യത്വരഹിതമായ രാഷ്ട്രീയ പ്രവർത്തന ശൈലിയെ എത്ര അപലപിച്ചാലും അധികമാകില്ല. കേരളപ്പിറവിക്ക് ശേഷം ക്യാമ്പസിൽ കലാലയ രാഷ്ട്രീയത്തിന്റെ പേരിൽ ജീവനെടുക്കപ്പെട്ടവരുെട എണ്ണം ഭീതിദമാണ്. ഉറ്റവർ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളിൽ നിന്നുയരുന്ന ആർത്തനാദങ്ങളിൽ നിന്ന് കേരളത്തിന് എന്നാണിനി മോചനമുണ്ടാകുക.
ഇടുക്കി പൈനാവ് എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിയായ ധീരജിനെ എതിരാളികൾ ഒറ്റക്കുത്തിന് കൊന്നെന്നാണ് വ്യക്തമാകുന്നത്. ഹൃദയത്തിലേറ്റ ഒറ്റ കഠാരക്കുത്തിൽ ജീവൻ അവസാനിച്ചതിൽ നിന്നുതന്നെ എതിരാളികളുടെ പകയുടെ ആഴം വ്യക്തമാണ്. കൊലയാളികൾ ഗാന്ധി പാരമ്പര്യം അവകാശപ്പെടുന്നവരുടെ പിൻമുറക്കാരാണെന്നതും വൈരുദ്ധ്യം. ഒരു കരണത്തടിച്ചാൽ മറുകരണം കാണിച്ചുകൊടുക്കണമെന്ന് വിശ്വസിച്ചിരുന്ന മഹാത്മാവിന്റെ പിൻമുറക്കാരാണ് യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ എതിരാളിയെ ഒറ്റക്കുത്തിന് കൊല്ലുന്നത്.
മനുഷ്യരക്തം കുടിക്കുന്ന രാഷ്ട്രീയ പ്രവർത്തന ശൈലിയെ കേരളത്തിലെ ഒരു രാഷ്ട്രീയ പ്രസ്ഥാനവും തള്ളിപ്പറയാൻ തയ്യാറാകാത്തതാണ് അടിക്കടിയുണ്ടാകുന്ന രാഷ്ട്രീയ കൊലപാതകങ്ങളുടെ കാരണം. കേരളത്തിലെ മുഴുവൻ രാഷ്ട്രീയ പാർട്ടികളിലും മനുഷ്യരെ കൊന്ന് ചോര കുടിക്കാൻ മടിയില്ലാത്ത നരഭോജികളുടെ കൂട്ടങ്ങളുണ്ട്. ഇവരെ പരസ്യമായി തള്ളിപ്പറയാൻ ഒരു രാഷ്ട്രീയ പാർട്ടികളും തയ്യാറല്ലതാനും. നേതാക്കൾക്ക് അധികാരമുറപ്പിക്കാൻ ചാവേറാകുന്ന ഗുണ്ടാ സംഘങ്ങള പ്രസ്ഥാനങ്ങളിൽ നിന്നും ചവിട്ടിപ്പുറത്താക്കിയാൽ മാത്രമെ കേരളത്തിൽ കഠാര രാഷ്ട്രീയം അവസാനിക്കുകയുള്ളു.
വെറുപ്പും, പകയും, വിദ്വേഷവും ചോരക്കൊതിയുമുള്ള നരാധമന്മാരുടെ കൂട്ടമായി രാഷ്ട്രീയ പ്രസ്ഥാനങ്ങൾ വളർന്നുവരുന്നതിന്റെ ഉത്തരവാദിത്തത്തിൽ നിന്നും നേതാക്കൾക്ക് ഒരിക്കലും ഒഴിഞ്ഞുമാറാൻ കഴിയില്ല. മക്കൾ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളിൽ നിന്നുള്ള ആർത്തനാദങ്ങൾക്ക് മറുപടി നൽകേണ്ടതും കൊലയാളി രാഷ്ട്രീയത്തിന്റെ വക്താക്കളാണ്. പരസ്പരം കൊന്നും തിന്നും കുലം മുടിക്കാനൊരുങ്ങുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും അവരുടെ നേതാക്കളെയും പൊതുജനം തെരുവിൽ കൈകാര്യം ചെയ്യാതിരിക്കണമെങ്കിൽ അവർ കൊലക്കത്തി താഴെ വെക്കുക തന്നെ വേണം.