നാദരൂപന് 82-ാം പിറന്നാൾ

കാഞ്ഞങ്ങാട് : ചന്ദ്രകളഭത്തിൽ ചാലിച്ച സംഗീതത്തിലൂടെ ഗാനാസ്വാദകരുടെ ഹൃദയം കവർന്നെടുത്ത നാദരൂപന് 82ാം പിറന്നാൾ. ആറ് പതിറ്റാണ്ടിധികമായി ചലച്ചിത്ര പിന്നണി ഗാനരംഗത്ത് നിറഞ്ഞ് നിൽക്കുന്ന കെ.ജെ.യേശുദാസിന്റെ 82-ാം പിറന്നാൾ ദിനത്തിൽ ലോകമെമ്പാടുമുള്ള സംഗീതാസ്വാദകർ ഗാനഗന്ധർവ്വന് പിറന്നാളാശംസകൾ നേർന്നു.

ലോകത്തെവിടെയുണ്ടെങ്കിലും പിറന്നാൾ ദിനത്തിൽ  കൊല്ലൂർ മുകാംബിക ക്ഷേത്രത്തിലെത്തുന്ന  കെ.ജെ.യേശുദാസ് കോവിഡ് സാഹചര്യം പരിഗണിച്ച് ഇക്കുറിയും കൊല്ലൂരിൽ ദർശനത്തിനെത്തിയില്ല.   കോവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ സംഗീതരത്നം കാഞ്ഞങ്ങാട് രാമചന്ദ്രനും ജില്ലയിലെ സംഗീതാരാധാകരും ആരംഭിച്ച സംഗീതാർച്ചന 21 വർഷത്തിന് ശേഷം ആദ്യമായാണ് മുടങ്ങിയത് . ഗാനഗന്ധർവ്വന്റെ ആയുരാരോഗ്യ സൗഖ്യത്തിന് വേണ്ടി കാഞ്ഞങ്ങാട് രാമചന്ദ്രൻ ഇന്ന്    കൊല്ലൂരിലെത്തി പ്രാർത്ഥന നടത്തി.  പാഴ്മുളം  തണ്ടിൽ നിന്നും പാട്ടിന്റെ പാലാഴി തീർത്ത ഗാനഗന്ധർവ്വൻ മലയാള സിനിമയ്ക്ക് സംഭാവന ചെയ്തത് പതിനായിക്കണക്കിന് ഗാനങ്ങളാണ്.

പ്രണയവും, വിരഹവും, തത്വചിന്തയും, ഭക്തിയും   നിറഞ്ഞഗാനങ്ങളിലൂടെ ആറ് പതിറ്റാണ്ടിലധികമായി യേശുദാസ് സംഗീതാസ്വാദകരുടെ ശ്രോത്രങ്ങളിൽ തേൻമഴയൊഴുക്കിക്കൊണ്ടിരിക്കുകയാണ്. വയലാർ – ദേവരാജൻ, ശ്രീകുമാരൻ തമ്പി- ദക്ഷിണാമൂർത്തി കൂട്ടുകെട്ടിൽ യേശുദാസ് ആലപിച്ച ഗാനങ്ങൾ കാലാതിവർത്തിയായ സംഗീതത്തിന്റെ ഉദാഹരണങ്ങളാണ്.

രവീന്ദ്രൻ മാസ്റ്ററുടെ സംഗീത സംവിധാനത്തിൽ കെ.ജെ.യേശുദാസ് പാടിയ ഗാനങ്ങൾ അനനുകരണീയവും ശ്രുതിമധുരവുമാണ്. ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും പാട്ടുകൾ പാടിയിട്ടുള്ള കെ.ജെ.യേശുദാസ് ഇക്കുറിയെങ്കിലും പിറന്നാളാഘോഷത്തിന് കൊല്ലൂരിലെത്തുമെന്നാണ് ആരാധകർ പ്രതീക്ഷിച്ചിരുന്നതെങ്കിലും നിലവിലെ കോവിഡ് സാഹചര്യം മൂലം അദ്ദേഹം യാത്ര മാറ്റിവെക്കുകയായിരുന്നു.

LatestDaily

Read Previous

കുഴപ്പമുണ്ടാക്കിയത് അറിഞ്ഞെത്തിയ പോലീസിന് നേരെ അക്രമം, 2 പേർ പിടിയിൽ

Read Next

ഭിക്ഷാടക സ്ത്രീയെ ഡിഎൻഏ പരിശോധനയ്ക്ക് വിധേയമാക്കാൻ പോലീസിന് കോടതി അനുമതി